12 വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണം,ശേഷം ജീവപര്യന്തം ശിക്ഷ - പ്രോസിക്യൂട്ടർ

നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ 12 വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണമെന്നും ഇതിനുശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങുകയുള്ളൂവെന്നും പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ. വീട് തീവെച്ചതിന് സെഷൻ 436 പ്രകാരം വിധിച്ച ഏഴുവർഷത്തെ കഠിനതടവ് ആദ്യവും പിന്നീട് തെളിവ് നശിപ്പിച്ചതിന് സെഷൻ 201 പ്രകാരം വിധിച്ച അഞ്ചുവർഷത്തെ തടവും പ്രതി ആദ്യം അനുഭവിക്കണം. ജീവപര്യന്തം മാത്രമാണ് കൊടുക്കുന്നതെങ്കിൽ 10 വർഷം കഴിഞ്ഞ് പ്രതി സമൂഹത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും അങ്ങനെയൊരു സാ​ഹചര്യം ഉണ്ടാക്കാൻ പാടില്ലെന്നും വാദമുണ്ടായിരുന്നു. അത് പരി​ഗണിച്ചായിരിക്കും കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി വിധിച്ചിട്ടുള്ള തുക ഒന്നാം സാക്ഷിയായ ജോസ് സുന്ദരത്തിന് കൊടുക്കാനാണ് കോടതി ഉത്തരവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്.

Content Highlights: Kadal Jinson gets 12 years for nanthancode murder, followed by life imprisonment