'എംടി എല്ലാ അർഥത്തിലും വിസ്മയിപ്പിച്ച ബഹുമുഖപ്രതിഭ; ആ ശൂന്യത കാലമെത്ര കഴിഞ്ഞാലും നികത്തപ്പെടില്ല'
മലയാളിയെ എല്ലാ അർഥത്തിലും വിസ്മയിപ്പിച്ചിട്ടുള്ള ബഹുമുഖപ്രതിഭയാണ് എം.ടി വാസുദേവൻ നായരെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അദ്ദേഹം കേവലമൊരു എഴുത്തുകാരൻ മാത്രമായിരുന്നില്ല, ചലച്ചിത്രകാരനും നാടകകൃത്തും തിരകഥാകൃത്തും പത്രാധിപരും ഗാനരചയിതാവുമൊക്കെയായിരുന്നു. താൻ ജീവിക്കുന്ന കാലത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും അവസ്ഥകളുമൊക്കെ സമൂഹവുമായി നിരന്തരം പങ്കുവെച്ചിരുന്ന, സമൂഹത്തെ സ്നേഹത്തെകുറിച്ച് ഓർമിപ്പിച്ചിരുന്ന മഹാപ്രതിഭയായിരുന്നു എംടി. അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളിലും സ്നേഹത്തിന്റെ ഒരംശം ജ്വലിച്ചുനിൽക്കുന്നതായി കാണാം. നമ്മൾ നൽകുന്ന സ്നേഹം അതേ അളവിൽ തിരിച്ചുകിട്ടുന്നില്ലെന്ന നിരാശ എംടിക്ക് എപ്പോഴുമുണ്ടായിരുന്നു. നമ്മുടെ സത്യസന്ധതയും ആത്മാർഥതയും നിഷ്കളങ്കതയുമൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന ലോകത്താണ് നിർഭാഗ്യവശാൽ നമ്മൾ ജീവിക്കാൻ വിധിക്കപ്പെട്ടതെന്ന് എംടി ഓർമിപ്പിച്ചിരുന്നു. കാലം കവർന്നുകൊണ്ടുപോയ എംടി അവശേഷിപ്പിച്ച ശൂന്യത കാലമെത്ര കഴിഞ്ഞാലും നികത്തപ്പെടുമെന്ന് തോന്നുന്നില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എംടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.