മലബാര്‍ കലാപചരിത്രം സങ്കീര്‍ണം; ശരിയും തെറ്റും തീര്‍ത്തു പറയാനാവില്ല- എം.ജി.എസ്.
കോഴിക്കോട്: ബ്രിട്ടീഷ് വിരുദ്ധതയെന്ന നിലപാട് കൊണ്ടു മാത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മലബാര്‍ കലാപത്തിന്റെ നായകനാക്കുന്നത് ശരിയല്ലെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. അദ്ദേഹത്തിന് അതിലൊരു പ്രധാന റോള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അദ്ദേഹത്തിന്റേതായ നിലപാടുമുണ്ടായിരുന്നു. അതിന് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റ് വിശേഷണങ്ങളൊക്കെ പിന്നീട് വന്നതാണെന്നും എം.ജി.എസ്. പറഞ്ഞു.
ബ്രീട്ടീഷ് വിരുദ്ധതയെ മാത്രം വേര്‍തിരിച്ചെടുത്ത് നായകനാക്കാനാവില്ല. അത് സിനിമകളുടെ സ്വഭാവമാണ്. ചരിത്രത്തിന്റെ സ്വഭാവമല്ല. ചരിത്രം സങ്കീര്‍ണത നിറഞ്ഞതാണ്. ആ സങ്കീര്‍ണത ഇല്ലാതാക്കി ഒരാളെ നായകനാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നാണ് തന്റെ കാഴ്ചപ്പാട്. മലബാര്‍ കലാപത്തെ കുറിച്ച് ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തീര്‍ത്ത് പറയാന്‍ കഴിയില്ല. അത്രയും സങ്കീര്‍ണമാണത്. പുതിയ കാഴ്ചപ്പാടും വിശകലനങ്ങളും ഉണ്ടാവുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമകള്‍ക്ക് അവയുടെതായ പ്രത്യേക സ്വാഭാവമുണ്ട്. വസ്തുതകളെ തിരിച്ചും മറിച്ചും മാറ്റി മറിച്ചുകൊണ്ടാണ് സിനിമകള്‍ വരാറുളളത്. അതുപോലെയായിരിക്കും ഇതുമായി ബന്ധപ്പെട്ട സിനിമകളും വരുന്നത്. വാരിയംകുന്നത്ത് നേതാവായിരുന്നു എന്നല്ലാതെ അയാള്‍ മാത്രമാണ് പ്രധാന നേതാവെന്നും അയാളുടെ കാഴ്ചപ്പാടാണ് വിജയിച്ചതെന്നും പറയാന്‍ പറ്റില്ലെന്നും എം.ജി.എസ് ചൂണ്ടിക്കാട്ടി.
Content Highlights: MGS Narayanan Variyankunnathu Kunjahammed Haji Movie, Ashiq Abu, Prithviraj