'നേരിന്ന് വേണ്ടി നിതാന്തമൊരു...'; സഖാവ് പുഷ്പനെ അനുസ്മരിച്ച് സഭയില്‍ കവിത ചൊല്ലി കുഴല്‍നാടന്‍

അന്തരിച്ച സിപിഎം പ്രവര്‍ത്തകന്‍ പുഷ്പനെ അനുസ്മരിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. നിയമസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹം പുഷ്പനെ അനുസ്മരിച്ചതും സിപിഎമ്മിന് നിലപാട് വ്യതിയാനമുണ്ടായതായി വിമര്‍ശനം ഉന്നയിച്ചതും.
'ആദരാഞ്ജലി അര്‍പ്പിച്ച് എല്ലായിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരാളുടെ ഫോട്ടോ വെച്ചത് കണ്ടിട്ടില്ലേ. ആരാണ്? സഖാവ് പുഷ്പന്‍. സഖാവ് പുഷ്പന്‍ എനിക്കും വലിയ പ്രയാസവും വിഷമവും തോന്നിയിട്ടുള്ള ആളാണ്. ഒരുപക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജിവിക്കുന്ന രക്തസാക്ഷിയെന്ന് പറഞ്ഞ്, ഒടുവില്‍ അദ്ദേഹം മരിച്ച് ഇപ്പോള്‍ രക്തസാക്ഷിയായി. അവനവന് വേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലംവിട്ട് പോയവന്‍ രക്തസാക്ഷി. മരണത്തിലൂടെ ജനിച്ചവന്‍ ഒരു താരകം രക്തസാക്ഷി. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും ആ പാട്ട്, എല്ലാവരും കേട്ടിട്ടുള്ള കവിതയല്ലേ. ആ കവിതയില്‍ പ്രധാനപ്പെട്ട ഒരു വരിയുണ്ടായിരുന്നു. നേരിന്ന് വേണ്ടി നിതാന്തമൊരു ആദര്‍ശ വേരിന്ന് വെള്ളവും വളവുമായൂറിയോന്‍... ഏതൊരാളും ഒരു മുദ്രാവാക്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഒരു വിശ്വാസത്തിന്റെ പേരില്‍ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടെങ്കില്‍ അവരൊക്കെ ഏതെങ്കിലുമൊരു നേരിനും ആദര്‍ശത്തിനും വേണ്ടി നിന്നവരാണ്. പുഷ്പനും അങ്ങനെയായിരുന്നു. ഏത് നേരിനും ഏത് ആദര്‍ശത്തിനും വേണ്ടിയായിരുന്നു പുഷ്പന്‍ നിന്നത്? സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും സ്വീകരിച്ച നിലപാടിന്റെ ഭാഗമായിട്ടാണ് പുഷ്പനും മുന്നില്‍ നിന്ന് സമരം ചെയ്തത്. സ്വാശ്രയ സമരത്തിന് വേണ്ടി ജീവന്‍ കൊടുത്ത അഞ്ച് പേരുണ്ടായിരുന്നു, ജീവച്ഛവമായ പു്ഷ്പനുണ്ടായിരുന്നു. ഇവിടെ സ്വാശ്രയ കോളേജ് വേണ്ടെന്ന് അന്ന് പറഞ്ഞു, ഈ പുഷ്പന്‍ ജീവച്ഛവമായി കട്ടിലില്‍ കിടക്കുമ്പോള്‍, അഞ്ച് പേരുടെ രക്തസാക്ഷിത്വത്തിന്റെ ചൂടാറുന്നതിന് മുന്‍പ്, ഇന്ന് നിങ്ങളെ നയിക്കുന്ന മുഖ്യമന്ത്രിയുണ്ടല്ലോ, സഖാവ് പിണറായിയുടെ മകന്‍ സ്വാശ്രയ കോളേജിലേക്ക് പോയി, സഖാവ് പിണറായി വിജയന്റെ മകന്‍ സ്വാശ്രയ കോളേജില്‍ പഠിച്ചില്ലേ..? കുഴല്‍നാടന്‍ സഭയില്‍ ചോദിച്ചു.