News Lunch@1| മോചനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള അവകാശം നിമിഷപ്രിയയുടെ കുടുംബത്തിനെന്ന് കേന്ദ്രം

1) യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സർക്കാർ. കുടുംബത്തിന് പുറമെ പവർ ഓഫ് അറ്റോർണിക്കും ചർച്ച നടത്താം. ഇവർക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നുണ്ട്. ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. 

2) കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. മാനേജ്‌മെന്റ് നടപടി എടുക്കാത്തപക്ഷം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

3) വീട്ടുപറമ്പിൽ തെങ്ങിൻതടം എടുത്തുകൊണ്ടിരിക്കെ, പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ്. കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്കാണ് പ്രതിഷേധമാർച്ച് നടത്തിയത്. നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

4) തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. വ്യാഴാഴ്ച, മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

5) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് സ്മൃതിസംഗമം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു. നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. 
 

Content Highlights: latest news malayalam