കണ്ടെയ്‌നർ പൊളിക്കുന്നതിനിടെ കത്തി; കറുത്ത പുക വ്യാപിച്ചു
കൊല്ലം: കപ്പലപകടത്തെ തുടർന്ന് ശക്തികുളങ്ങര തീരത്ത് അടിഞ്ഞ കണ്ടെയ്‌നർ പൊളിച്ചുനീക്കുന്നതിനിടെ തീപടർന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിനാണ് തീപിടിച്ചത്. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്‌നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് കാരണം.
അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. മറ്റ് കണ്ടെയ്‌നറുകളിലേക്ക് തീ പടരാതെ കാക്കാനും കഴിഞ്ഞു. കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതർ കണ്ടെയ്‌നർ മുറിച്ചുതുടങ്ങിയത്.
സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. ശക്തികുളങ്ങര പള്ളിക്കു സമീപം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ കരയിലേക്കു മാറ്റിയ എട്ടെണ്ണത്തിൽ രണ്ടെണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറെണ്ണം കാലിയുമായിരുന്നു. അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്‌നറുകളിൽ ഇല്ല-കളക്ടർ അറിയിച്ചു