'എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ, കപ്പുമായി വരും' - സച്ചിന്‍ബേബി; കേരള ടീമിന് വന്‍വരവേല്‍പ്

ചരിത്രത്തില്‍  ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിച്ച കേരള ടീമിന് വന്‍ വരവേല്‍പ്പൊരുക്കി കെ.സി.എ. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തിലാണ് ടീം തിരിച്ചെത്തിയത്. സെല്‍ഫിയെടുത്തും ജയ് വിളിച്ചും ആഘോഷമാക്കിയാണ് വിമാനത്താവളത്തില്‍ ആരാധകര്‍ കേരളടീമിനെ വരവേറ്റത്. 

സന്തോഷവും ചെറിയൊരു സങ്കടവും നിറഞ്ഞ നിമിഷമാണിതെന്ന് കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പ്രതികരിച്ചു. റണ്ണേഴ്‌സപ്പ് ആയതില്‍ സങ്കടമുണ്ട്. എല്ലാം നല്ലതിനായിരിക്കാം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ, കപ്പുമായി ഇതിലും വലിയ അച്ചീവ്‌മെന്റോടെ തിരിച്ചുവരും- സച്ചിന്‍ ബേബി പറഞ്ഞു 

കലാശപ്പോരില്‍ കിരീടം കൈവിട്ടെങ്കിലും രഞ്ജി ട്രോഫിയില്‍ അഭിമാന നേട്ടവുമായാണ് കേരളത്തിന്റെ മടങ്ങി വരവ്. ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ കേരളം റണ്ണേഴ്‌സ് അപ്പാവുന്നത്. വിദര്‍ഭയ്ക്കെതിരായ ഫൈനല്‍ മത്സരം സമനിലയിലായതോടെയാണ് കേരളത്തിന് കപ്പ് നഷ്ടമായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കുകയായിരുന്നു. സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് കേരളം കാഴ്ചവച്ചത്. ഒരു കളി പോലും തോല്‍ക്കാതെയാണ് കേരളം  നോക്കൗട്ടിലേക്ക് മുന്നേറിയത്.  

Content Highlights: Kerala Ranji Team`s Grand Welcome, Kerala`s Ranji team receives heroic welcome