സിദ്ധാർഥ് മരിച്ചിട്ട് ഒരു വർഷം; റാഗിങ് നടത്താൻ ലൈസൻസ് കൊടുത്തത് കോടതിവിധികൾ - രമേശ് ചെന്നിത്തല
കോടതി വിധികളാണ് ഇന്ന് കേരളത്തിൽ റാഗിങ് നടത്താൻ എസ്.എഫ്.ഐ കാർക്ക് പരസ്യമായ ലൈസൻസ് കൊടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്ററിനറി കോളേജിൽ സഹപാഠികളുടെ ആൾക്കൂട്ടവിചാരണയ്ക്കിരയായി സിദ്ധാർഥ് എന്ന വിദ്യാർഥി മരണപ്പെട്ടിട്ട് ചൊവ്വാഴ്ച ഒരു വർഷമാവുകയാണ്. കേസിൽ സിബിഐയുടെ റിപ്പോർട്ടും ആന്റി സ്ക്വാഡിന്റെയും റിപ്പോർട്ടും വന്നപ്പോൾ ഹൈക്കോടതി പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിക്കാമെങ്കിലും ജാമ്യം അനുവദിക്കാൻ കോടതി നിരത്തിയ വാദങ്ങൾ ഞെട്ടിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. സിദ്ധാർഥിന്റെ മാതാപിതാക്കളുടെ പോരാട്ടം മൂലമാണ് ഡിവിഷൻ ബെഞ്ചിൽ പോയി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരായി സ്റ്റേ വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'സിദ്ധാർഥ് എന്ന വിദ്യാർഥിയെ ഒരു രാത്രിയും പകലും ഒരു തുള്ളി വെള്ളമോ ആഹാരമോ കൊടുക്കാതെ കൊടിയ മർദനത്തിനും ശാരീരികാക്രമത്തിനും അപമാനത്തിനും ഇരയാക്കിയ ഇരുപതിലധികം എസ്.എഫ്.ഐ ഗുണ്ടകൾ ഒരു പോറൽ പോലും ഏൽക്കാതെ വിലസുന്നതാണ് കാണാൻ കഴിയുന്നത്. ഈ കേസിലെ പ്രതികൾക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശം വിധിന്യായങ്ങളിലൂടെ നൽകിയിരുന്നെങ്കിൽ കോട്ടയത്തെ നഴ്സിങ് കോളേജിൽ ഈ റാഗിങ് ഉണ്ടാവുമായിരുന്നില്ല. കേരളത്തിലെ പല കോളേജുകളിലും ഇപ്പോൾ റാഗിങ് നടക്കുകയാണ്. സിബിഐ കണ്ടെത്തിയ റിപ്പോർട്ടും ആന്റി റാഗിങ് സ്ക്വാഡുകൾ നൽകിയ റിപ്പോർട്ടുകളും പരിഗണിക്കാതെ പ്രതികൾക്ക് ജാമ്യം കൊടുക്കുകയും ഇവർ കുറ്റം ചെയ്തിട്ടില്ലെന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൊടുക്കുകയും ചെയ്താൽ ആർക്കാണ് റാഗിങ് ചെയ്യാൻ കഴിയാത്തത്?' അദ്ദേഹം ചോദിച്ചു.
Content Highlights: Ramesh Chennithala about ragging case at kottayam