വയനാട്ടിൽ നരഭോജി കടുവയ്ക്കുവേണ്ടി തിരച്ചില്‍, കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി
കോഴിക്കോട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പും പോലീസും രാത്രിയും നെട്ടോട്ടമോടുകയും ഭരണസംവിധാനത്തിന്റെ അലംഭാവത്തിനെതിരേ ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്യുമ്പോൾ അവിടെ എത്താതെ കോഴിക്കോട്ട് ഫാഷന്‍ ഷോയില്‍ പാട്ടുപാടി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. വനംവകുപ്പ്മന്ത്രി പ്രദേശത്ത് എത്താത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ പാട്ട്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്. കളക്ട്രേറ്റില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് തിരച്ചിലിന്റെ പുരോഗതി വിലയിരുത്തും. ഇതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.
വസ്ത്രമെടുക്കാനായി പുറത്തിറങ്ങിയപ്പോള്‍ കടുവയെ കണ്ടെന്ന് യുവതിയും കുട്ടികളുമടക്കമുള്ള ഒരു കുടുംബം പറഞ്ഞു. കുരങ്ങ് പോകുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടതെന്ന് ഇവര്‍ പറഞ്ഞു. കടുവയുടെ മുന്‍ഭാഗം തങ്ങളുടെ മുന്നിലായിട്ടാണ് ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടുവയെ കണ്ടതായി മറ്റൊരു നാട്ടുകാരനും പറയുന്നുണ്ട്
ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ സി കെ രത്‌നവല്ലി പറഞ്ഞു.
അതേസമയം നാട്ടുകാര്‍ നടത്തി വന്ന പ്രതിഷേധം അവസാനിച്ചു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നു വിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എ.ഡി.എം ദേവകി കെ , ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.