മലയാളിയുടെ 'അടി' കൂടി; ക്രിസ്മസിന് ബെവ്‌കോയ്ക്ക് റെക്കോർഡ് വിൽപന
പതിവുതെറ്റിച്ചില്ല. ഈ ക്രിസ്മസിനും മലയാളിയുടെ അടി കൂടി. ബെവ്‌കോയിൽ നടന്നത് റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ആഘോഷ വേളയിൽ മലയാളികൾ അടിച്ചുതീർത്തത് 332.62 കോടിയുടെ മദ്യം. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരേയുള്ള നാല് ദിവസത്തെ കണക്കാണിത്.
2024-ൽ 279.54 കോടി രൂപയുടെ മദ്യമായിരുന്നു ക്രിസ്മസ് വേളയിൽ വിറ്റുപോയത്. അതിനെക്കാൾ 53.08 കോടി രൂപയുടെ വർധനവ് ഇത്തവണയുണ്ടായി. ക്രിസ്മസിന് തലേദിവസം, ഡിസംബർ 24ന് മദ്യവില്പന നൂറുകോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്നേദിവസം മാത്രം വിറ്റത്. ഡിസബംർ 22-ന് 77.62 കോടി, ഡിസബംർ 23-ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടിയുടെ മദ്യവും ബെവ്‌കോ വഴി വിറ്റുപോയി.
തൃശ്ശൂരും കോഴിക്കോടും പ്രീമിയം ഔട്ട്‌ലെറ്റ് ഉൾപ്പെടെ തുടങ്ങിയത് ബെവ്‌കോയ്ക്ക് നേട്ടമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.