'നീ ഇവിടെ വലിയ ഹീറോ ആകേണ്ട'; SP മോശമായി സംസാരിച്ചെന്ന് മാല്‍പെ, തിരച്ചില്‍ നിര്‍ത്തി മടങ്ങി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്.
നീ ഇവിടെ വലിയ ഹീറോ ആകേണ്ട എന്നൊക്കെയാണ് എസ്.പി ഫോണിലൂടെ പറഞ്ഞത്. ഞാന്‍ ഹീറോ ആകാനൊന്നുമല്ല ഇവിടെ വന്നത്. എസ്.പിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരുപാട് വിഷമമായി. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല, ഞാന്‍ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു. ഫോണ്‍ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടിരുന്നു. ഇത്ര പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് എനിക്കൊപ്പമുള്ളവര്‍തന്നെ ചോദിച്ചു. അതോടെയാണ് കേറിവന്നത് - മാല്‍പെ പറഞ്ഞു.