കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ എസ്എഫ്ഐ - പോലീസ് സംഘര്‍ഷം; പ്രിന്‍സിപ്പലിനെ മുറിയിലിട്ട് പൂട്ടി
കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്കും അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോളേജില്‍ നേരത്തേ സ്റ്റാറ്റിസ്റ്റിക്സ് ബിരുദ പ്രവേശനം നേടി കോഴ്സ് പൂര്‍ത്തിയാക്കാതെ പോയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രോഹിത് രാജ് എന്ന വിദ്യാര്‍ഥിക്ക് യൂണിവേഴ്സിറ്റി ഏകജാലകം വഴി പ്രവേശനം നല്‍കിയിട്ടും ഇന്റര്‍വ്യൂ ബോര്‍ഡ് വിദ്യാര്‍ഥിക്ക് അഡ്മിഷന് നല്കാന് തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഏകജാലകം വഴി പ്രവേശനം നേടി ഇന്റര്‍വ്യൂ ദിവസമായ ഓഗസ്റ്റ് 22-ാം തീയതി കോളേജില്‍ ഹാജരായപ്പോഴാണ് നേരത്തേ ഇതേ കോഴ്സിന് പ്രവേശനം നേടുകയും കോഴ്സ് പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്ത വിദ്യാര്‍ഥിയാണ് ഇയാളെന്നും വീണ്ടും അതേ കോഴ്സില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചത്. യൂണിവേഴ്സിറ്റി നിയമം അനുസരിച്ച് കോഴ്സ് ക്യാന്സലേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പുതിയ കോഴ്സിന് പ്രവേശനം നേടാന്‍ സാധിക്കൂ എന്നും ഇയാള്‍ നേരത്തേ അച്ചടക്ക നടപടി നേരിട്ട ആളാണെന്നും പ്രിന്‍സിപ്പലും ഇന്റര്‍വ്യൂ ബോര്‍ഡും അറിയിച്ചു.