100 ഏക്കർ കാട്, മരിക്കും മുമ്പ് ഈ മണ്ണിൽ ഒരു കോടി മരം നടണം; അന്ന് കല്ലൂർ ബാലൻ പറഞ്ഞത്
മുച്ചീരിയിലും വാളയാറിലും കാടരികില്‍ കുരങ്ങനും മാനിനും മുയലിനും വെള്ളവും പഴങ്ങളുമായെത്താന്‍ ഇനി ഈ പച്ചമനുഷ്യനില്ല. മൃഗങ്ങളെ തന്റെ വരവറിയിക്കാന്‍ നീട്ടിയുള്ള കൂവലും ഇനി ഓര്‍മ്മ. കല്ലൂര്‍ ബാലന്റെ സന്തതസഹചാരി ഒരു 'മേജര്‍' ജീപ്പായിരുന്നു. എന്നും പച്ചനിറത്തിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് ഈ ജീപ്പിലായിരുന്നു ബാലേട്ടന്റെ യാത്രമുഴുവന്‍. പ്രകൃതി സംരക്ഷണത്തിന്റെയും മദ്യത്തിനെതിരെയും ഉള്ള മുദ്രാവാക്യങ്ങളും സുഗതകുമാരി കവിതകളും എഴുതിപ്പിടിപ്പിച്ച ജീപ്പില്‍ വാളയാര്‍വരെ നീളുമായിരുന്നു ദിവസേനയുള്ള യാത്രകള്‍. വേനല്‍ ശക്തമാകുമ്പോള്‍ വിവിധ സ്ഥലങ്ങളിലെ കച്ചവടക്കാര്‍ നല്‍കുന്ന പഴങ്ങളും പച്ചക്കറികളും കഴുകി വിഷരഹിതമാക്കി പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെത്തിക്കുകയെന്നത് ജീവിതദൗത്യംപോലെ ഏറ്റെടുത്തിരുന്നു. മൃഗങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളവും നല്‍കിയിരുന്നു. ജലക്ഷാമം ഉണ്ടാകുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ തന്റെ ജീപ്പില്‍ കുടിവെള്ളമെത്തിക്കാനും അദ്ദേഹമുണ്ടായിരുന്നു.
ഈ ഞായറാഴ്ചയും ജീപ്പില്‍ പഴങ്ങളുമായി കല്ലൂര്‍ ബാലന്‍ യാത്രചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന്, മരിക്കുകയുമാണുണ്ടായത്. എല്ലാറ്റിനും മൂകസാക്ഷിയായ മേജര്‍ ജീപ്പ് വീട്ടിനുപുറത്ത് മരച്ചുവട്ടില്‍ കിടപ്പുണ്ട്. ഞായറാഴ്ച ബാക്കിയായ കുറച്ച് പഴങ്ങളും ജീപ്പില്‍ കിടന്നിരുന്നു.
Inshort | Kallur Balan, a nature lover, passed away. He dedicated his life to providing food and water to animals
Content Highlights: Remembering Kallur Balan: Nature`s Guardian