ഫോണില്‍ കളിച്ചും ടിവി കണ്ടും എത്ര സമയം ചെലവഴിക്കുന്നുണ്ട്? അറിയാന്‍ കേന്ദ്ര സര്‍വേ

നമ്മളൊക്കെ ദിവസവും ഫോണില്‍ കളിച്ചും ടിവി കണ്ടും എത്ര സമയം ചെലവഴിക്കുന്നുണ്ടാകും? അതൊക്കെ അറിയാന്‍ ഒരു സര്‍വ്വേ നടത്തിയാലോ? സംഭവം തമാശയല്ല. ഇങ്ങനെ ഓരോ വ്യക്തികളും എന്തിനെല്ലാം സമയം ചെലവഴിക്കുന്നുവെന്ന വിവരം തേടുകയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്. 2019 മുതല്‍ ഈ സര്‍വേ രാജ്യത്ത് നടന്നുവരുന്നുണ്ട്. ഓരോ വ്യക്തികളുടേയും സമയവിനിയോഗം അറിയാനാണ് ടൈം യൂസ് സര്‍വേ എന്ന പേരിലുള്ള ഈ സര്‍വേ.
നമ്മളൊക്കെ സമയം ചെലവഴിച്ച് ചെയ്യുന്ന ഏതുജോലിയും സര്‍വേയില്‍ ജോലിയായി തന്നെയാണ് കണക്കാക്കുക. അതായത് വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതും കറിക്കരിയുന്നതും പാത്രം കഴുകുന്നതുമെല്ലാം സര്‍വേയില്‍ ജോലിയായി തന്നെ കണക്കാക്കും. ശമ്പളം വാങ്ങിയുള്ള ജോലികള്‍, ശമ്പളം വാങ്ങാതെയുള്ള ജോലികള്‍ ഏതെല്ലാമെന്ന് തരംതിരിക്കുകയും ചെയ്യും. നേരത്തെ പറഞ്ഞ പോലെ, മൊബൈല്‍ നോക്കുന്നതും ടിവി കാണുന്നതും സാമൂഹിക മാധ്യമം ഉപയോഗിക്കുന്നതിനുമെല്ലാം ചെലവഴിക്കുന്ന സമയവും സര്‍വേയില്‍ കണക്കിലെടുക്കും.