മൂന്നുപതിറ്റാണ്ട്, 80,000 മരണങ്ങൾ; പ്രകൃതിദുരന്തങ്ങളിൽ ഇന്ത്യയിലുണ്ടായത് കനത്ത നാശമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങൾ കാരണം കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 80,000 മരണങ്ങൾ. നഷ്ടമായത് 180 ബില്യൺ ഡോളർ. പരിസ്ഥിതി സംഘടനയായ ജർമൻവാച്ച് ബുധനാഴ്ച പ്രസിദ്ധീകരിച്ച ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് 2025-ന്റെ പഠനറിപ്പോർട്ടാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1993-നും 2022നും ഇടയിലുണ്ടായ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
കഴിഞ്ഞ 30 വർഷമായി ആഗോളതലത്തിൽ പ്രത്യേകിച്ച് തെക്കൻ രാജ്യങ്ങളെ തീവ്ര കാലാവസ്ഥമൂലമുണ്ടാകുന്ന അപകടങ്ങളുടെ ആഘാതങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഡൊമിനിക്കയാണ് ഒന്നാം സ്ഥാനത്ത്. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള മൊത്തം ആഗോള മരണങ്ങളുടെ 10 ശതമാനവും ആഗോള സാമ്പത്തിക നഷ്ടത്തിന്റെ 4.2 ശതമാനവുമുണ്ടായത് ഇന്ത്യയിലാണെന്ന് പഠനറിപ്പോർട്ടിലുണ്ട്.