വവ്വാലുകളെക്കൊണ്ട് നിറഞ്ഞ് ഒരു പറമ്പ്
രണ്ട് മാസം മുൻപ് വരെ കൃഷിയും അധ്വാനവുമൊക്കയായി സ്വസ്ഥമായി കഴിയുകയായിരുന്നു ദേശമംഗലം പള്ളം ആനങ്ങാട്ടുവളപ്പിൽ ജാനകി(70)യും ഭർത്താവ് നാരായണൻകുട്ടിയും. അപ്രതീക്ഷിതായി ഇവരുടെ ഒന്നരയേക്കർ പുരയിടത്തിലേയ്ക്ക് കുറച്ച് അതിഥികളെത്തി. പതിയെപ്പതിയെ അതിഥികളുടെ എണ്ണം കൂടി. നിലവിൽ ഒന്നരയേക്കർ വരുന്ന പുരയിടത്തിലെ റബ്ബർ ഉൾപ്പെടെ എല്ലാ മരങ്ങളിലും വവ്വാലുകൾ നിറഞ്ഞുകഴിഞ്ഞു. ആയിരക്കണക്കിന് വവ്വാലുകളാണ് ഈ പുരയിടത്തിലെ മരങ്ങളിൽ ചേക്കേറിയിരിക്കുന്നത്.
ദേശമംഗലം ഗ്രാമപഞ്ചായത്തില് എട്ടാം വാര്ഡിലെ ഈ പറമ്പിൽ രാത്രിയും പകലും വവ്വാലുകളുടെ കരച്ചിലും ചിറകടിയും നിറയുകയാണ്. ദേശമംഗലം പള്ളം കനാല് റോഡില് കുന്നുംപുറത്തു നിന്നും കപ്ലിങ്ങാട് അമ്പലത്തിന്റെ ഭാഗത്തേക്കു കയറുന്ന വഴിയിലാണ് ജാനകിയുടെ വീട്ടുപറമ്പ്. വീടിനു മുന്നിലെ പൂവ്വം എന്ന മരത്തിലാണ് രണ്ടു മാസം മുമ്പ് ആദ്യമായി വവ്വാലുകൾ ചേക്കേറിത്തുടങ്ങിയത്. ഇപ്പോള് ഈ മരത്തിൽ നിറഞ്ഞു കവിഞ്ഞു. പുരയിടത്തിലെ റബര് മരങ്ങളിലും മറ്റും വവ്വാലുകളായി.