അവഹേളനങ്ങളെ ഈണങ്ങളാക്കി ബിന്ദു; എംസിഎഫിന്റെ നാലുചുവരുകളിൽ നിന്ന് ഗ്രാമഹൃദയങ്ങളിലേക്ക്

എംസിഎഫിന്റെ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ഭിത്തികൾക്കുള്ളിൽ നിന്ന് ഉയരുന്ന ബിന്ദു സജീവിന്റെ പാട്ടുകൾക്ക് ഇപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കേൾവിക്കാരുണ്ട്. ഹരിതകർമസേനയിൽ അംഗമായ ബിന്ദു, ജോലിക്കിടെ നേരിടേണ്ടി വന്ന പൊള്ളിക്കുന്ന പ്രതിസന്ധികളും അവഹേളനങ്ങളുമാണ് ഈ വരികളിലൂടെ ആവിഷ്കരിക്കുന്നത്.

ജീവിതഭാരവും ജോലിക്കിടയിലെ ദുരനുഭവങ്ങളും ചേർത്തുവെച്ച് ബിന്ദു ഇതുവരെ 12 പാട്ടുകളാണ് എഴുതി ചിട്ടപ്പെടുത്തിയത്. കേവലം ഒരു മുറിക്കുള്ളിൽ ഒതുങ്ങിനിന്ന ഈ പാട്ടുകൾ ഇപ്പോൾ ഗ്രാമപഞ്ചായത്തിലെ വിവിധ ആഘോഷവേദികളിലും അലയൊലികൾ സൃഷ്ടിക്കുന്നുണ്ട്. ഓരോ സാഹചര്യത്തിനനുസരിച്ചും വെറും അരമണിക്കൂർ കൊണ്ട് വരികൾ തയ്യാറാക്കാൻ ബിന്ദുവിന് സാധിക്കും. പലപ്പോഴും നാടൻ പാട്ടിന്റെ ഈണം മൂളിയാണ് ഈ വരികൾക്ക് അവർ ജീവൻ നൽകുന്നത്.