കാറില്‍ നിന്ന് ഷോട്ട്സര്‍ക്യൂട്ട്: കോഴിക്കോട് വര്‍ക്ക് ഷോപ്പില്‍ 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു
വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ ഇന്ന് പുലര്‍ച്ചെ ആറേകാലോടെയാണ് സംഭവം. വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്‌ഷോപ്പിനാണ് തീപിടിച്ചത്.വര്‍ക്ക്ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികള്‍ കുന്നമംഗലം പോലീസ്സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന വര്‍ക്ക് ഷോപ്പ് ഉടമ ജോഫിയും സംഭവസ്ഥലത്തെത്തി.
പോലീസിന്റെ സഹായത്തോടെ ഷോറൂം തുറന്ന് രണ്ട് കാറുകള്‍ സുരക്ഷിതമായി പുറത്തെത്തിച്ചപ്പോഴേക്കും ബാക്കി കാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂര്‍ണമായി കത്തിനശിച്ചു. അഗ്‌നിശമന സേനാ എത്തി തീ അണച്ചു. വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന കാറില്‍ നിന്ന് ഷോട്ട്സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: