പ്രൗഢി നഷ്ടപ്പെടില്ല; 18–ാം നൂറ്റാണ്ടിൽ നിർമിച്ച ചുമർ ചിത്രങ്ങൾക്ക് പുതുജീവനേകി കലാകാരന്മാർ

കേരളത്തിലെ ക്ഷേത്ര ചുമർ ചിത്രങ്ങളിൽ ഏറ്റവും വലിയ ചുമർ ചിത്രങ്ങൾ ഇനി പഴയ പ്രൗഢിയിൽ കാണാം.18–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രം ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരന്മാരാണ് പുതുജീവൻ നൽകിയത്.

കാലപ്പഴക്കവും സംരക്ഷണ കുറവും മൂലം നാശത്തിന്റെ വക്കിലായിരുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി. 18–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ചുമർച്ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിക്ക് വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിവരാണ് സംരക്ഷണ ജോലി പൂർത്തിയാക്കിയത്.

ക്ഷേത്ര ഗോപുര ഭിത്തിയിൽ അകം വാതിലിന്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമാണ് ചുമർച്ചിത്രങ്ങളുള്ളത്. അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള അനന്ത ശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്. 142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. പ്രദോഷ നൃത്തം, വേട്ട ശാസ്താവ് അഘോരമൂർത്തി, വസ്ത്രാപരണം, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയവയുമാണ് സംരക്ഷിച്ചത് . 425 ചതുരശ്ര അടിയിലാണ് ചുമർച്ചിത്രങ്ങൾ. ആറ് ഘട്ടമായാണ് ഇവയുടെ സംരക്ഷണം പൂർത്തിയാക്കിയത്.

രണ്ടാം ഘട്ടത്തിൽ ചിത്രങ്ങളിലെയും ചുറ്റുമുള്ള സ്ഥലങ്ങളിലെയും മാറാലകളും പൊടിപടലങ്ങളും ശ്രദ്ധയോടെ സുഷ്‌മമായി നീക്കം ചെയ്തു. മൂന്നാം ഘട്ടം ജീവികളുടെ അവശിഷ്ടങ്ങളും കരി, എണ്ണമെഴുക്ക് തുടങ്ങിയവ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കെമിക്കൽ വർക്കിലൂടെ നീക്കം ചെയ്തു. നാലാം ഘട്ടത്തിൽ ചിത്രങ്ങളിൽ ഉണ്ടായിരുന്ന അന്യവസ്‌തുക്കൾ ചിത്രങ്ങൾക്ക് കേട് സംഭവിക്കാതെ നീക്കം ചെയ്തു.

അഞ്ചാം ഘട്ടത്തിൽ ചിത്രത്തിനു ചുറ്റും ബലക്ഷയം സംഭവിച്ച കുമ്മായ പ്രതലം നീക്കം ചെയ്തു. പുതിയ കുമ്മായക്കുട്ടുകൾ തയ്യാറാക്കി ബലപ്പെടുത്തിയെടുത്തു. ആറാംഘട്ടത്തിൽ കെമിക്കൽ വർക്കിലൂടെ ചിത്രങ്ങളെ തെളിച്ചെടുക്കുകയു, ഏഴാം ഘട്ടത്തിൽ പ്രകൃതിദത്ത വർണ്ണങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ മാത്രം കുറഞ്ഞ രീതിയിൽ ഉപയോഗിച്ചു കൊണ്ടാണ് ഏറ്റുമാനൂരിലെ പുരാതന ചുമർ ചിത്രങ്ങളുടെ സംരക്ഷണം വാസ്തുവിദ്യാ ഗുരുകുലം നടത്തിയത് .

Content Highlights: Etumanoor Mahadeva Temple Murals Revived: Ancient Artistry Restored to Former Glory