രമാ വൈദ്യനാഥന്റെ ക്ലാസ്, നൃത്തവിദ്യാര്ഥിനിയായി ദിവ്യ ഉണ്ണി | ഭാവ് 2024
കൊച്ചിയില്‍ നടക്കുന്ന നൃത്തോത്സവമായ ഭാവ് 2024-ല്‍ ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി എത്തി. പ്രശസ്ത ഭരതനാട്യ നര്‍ത്തകി രമാ വൈദ്യനാഥന്റെ സോദാഹരണ പ്രഭാഷണ ക്ലാസിലാണ് ദിവ്യ ഉണ്ണി പങ്കെടുത്തത്. കൊച്ചി കോര്പ്പറേഷന് സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവമാണ് ഭാവ് 2024. എറണാകുളം ടൗണ്‍ഹാളില്‍ വെള്ളിയാഴ്ച ആരംഭിച്ച നൃത്തോത്സവം ഡിസംബര്‍ മൂന്ന് വരെ തുടരും.
വേദിയിൽ തൻ്റെ ചുറ്റുപാടുമുള്ള ഇടം നർത്തകി സ്വന്തമാക്കുന്ന നിമിഷത്തിലാണ് നൃത്തം സംഭവിക്കുന്നത്. ആ തുറന്ന സ്ഥലം മുഴുവൻ നർത്തകിക്ക് അവകാശപ്പെട്ടതാണ്. അതോടെ അവിടം നർത്തകിയുടെ രംഗഭൂമിയായി മാറുമെന്ന് രമ വൈദ്യനാഥൻ പറഞ്ഞു. ശരീരവും ഇടവുമായുള്ള ബന്ധത്തെ വിശദീകരിക്കാനായിരുന്നു അവരുടെ ശ്രമം. ലോകം മുഴുവൻ ഒരു വേദിയാണെന്ന ഷേക്സ്പിയറിൻ്റെ വചനങ്ങൾ അവർ ഓർമ്മിപ്പിച്ചു. നർത്തകിയുടെ കാൻവാസ് എന്നു പറയുന്നത് ഇടമാണ്. ഓരോ ചലനവും ആ ഇടം സ്വന്തമാക്കാനുള്ള പ്രയത്നമാണ്. നൃത്തത്തിന് ഏറ്റവും അടുപ്പം അവരവരുടെ ഇടവുമായിട്ടാണെന്ന കാര്യം നർത്തകർ അറിഞ്ഞിരിക്കണം'. കഴുത്തിനെയോ തോളെല്ലിനെയോ ആയാസപ്പെടുത്താതെ ശരീരം എങ്ങനെ ഉയർത്താമെന്ന് അവർ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു.