'ഉള്ളിലെ രോഷം കരുത്താക്കി മാറ്റിയ പാട്ടി'; വനിതാ ദിനത്തിൽ ഓർമ്മളുമായി ദിവ്യ. എസ്. അയ്യർ

വനിതാ ദിനത്തിൽ മുത്തശ്ശിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ദിവ്യ. എസ്. അയ്യർ. വനിതകളാൽ സമ്പുഷ്ടമായ കുടുംബമായിരുന്നു തൻ്റേത്. എല്ലാവരും സ്വന്തം കാലിൽ നിൽക്കണമെന്നും പഠിക്കണമെന്നും തല ഉയർത്തി നിൽക്കണമെന്നതും പാട്ടിയുടെ ശാഠ്യമായിരുന്നുവെന്നും അവർ പറഞ്ഞു. 

ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച് ജീവിച്ചയാളാണ് പാട്ടി സുബ്ബലക്ഷ്മി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ അവർക്ക് പഠനം നിർത്തേണ്ടിവന്നു. തിരുനെൽവേലിയിലാണ് പാട്ടി ജനിച്ച് വളർന്നത്. അവരുടെ ജില്ലയിൽ തന്നെ ഏറ്റവുമധികം മാർക്ക് വാങ്ങി ജയിച്ചയാളാണ്. പക്ഷേ ആർത്തവമായ കുട്ടികൾ പുറത്തുപോകാൻ പാടില്ല എന്ന സങ്കൽപ്പത്തിൽ പാട്ടിയുടെ അച്ഛൻ തുടർന്ന് പഠിക്കാൻ അവരെ അനുവദിച്ചില്ല. അധ്യാപകർ ഒരുപാട് നിർബന്ധിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ ഒരു പ്രായത്തിൽ തന്നെ അവർ വിവാഹിതയുമായി. അതിനുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നത്.

സ്വന്തം കാലിൽ നിൽക്കുക എന്ന ഇന്നത്തെ സങ്കൽപ്പത്തോട് കിടപിടിക്കുന്ന സാഹചര്യം അല്ലായിരുന്നു അന്ന്. സ്വന്തമായി സ്വത്തോ സമ്പത്തോ ജോലിയോ ഒന്നും അവർക്കില്ലായിരുന്നു. ഇന്ന് സ്ത്രീശാക്തീകരണം എന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങളാണ് സാധാരണ​ഗതിയിൽ നമ്മൾ പറയുന്നത്. പക്ഷേ ഇതിലൊന്നും കിടപിടിക്കുന്ന ജീവിതമല്ലായിരുന്നു പാട്ടിയുടേത്. എന്നാൽ പാട്ടിയുടെ തീരുമാനങ്ങളും സ്വരവും ആരെയും പിടിച്ച് നിർത്തുന്നതായിരുന്നു. പണ്ടത്തെ അനുഭവം നൽകിയ കരുത്ത് അവർക്കുണ്ടായിരുന്നു. എങ്ങനെയാണ് ഇത്രയും ശക്തി ലഭിച്ചതെന്ന് ഞാൻ പാട്ടിയോട് ചോദിച്ചിട്ടുണ്ട്. ഉള്ളിലെ രോഷമാണ് തനിക്ക് കരുത്തായി മാറിയതെന്നാണ് പാട്ടി പറഞ്ഞത്, ദിവ്യ പറഞ്ഞു. 

Content Highlights: Divya S. Iyer Remembers Patti Subbalakshmi on Women`s Day