ഫാക്ടറി നിന്നിട്ട് 20 വര്‍ഷം; ശമ്പളക്കുടിശ്ശിക ഇനിയും ലഭിക്കാതെ ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികള്‍
പരാതി പറഞ്ഞു മടുത്തവരാണ് തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റുകാര്‍. ഓരോ തിരഞ്ഞെടുപ്പും അവര്‍ക്കിപ്പോള്‍ ഓരോ തമാശ മാത്രമാണ്. ജോലി നഷ്ടപ്പെട്ട് ഈ ഇരുപതാം വര്‍ഷവും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിലാണ് ഇവര്‍.
ആയിരത്തോളം പേരാണ് ബോണക്കാട് തേയില തോട്ടത്തില്‍ ജോലിയെടുത്തിരുന്നത്. ഇരുപത് വര്‍ഷമായി സ്ഥിരവരുമാനം നഷ്ടപ്പെട്ടിട്ട്. റേഷനുള്ളത് കൊണ്ട് മാത്രം വയര്‍ നിറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം.
വര്‍ഷങ്ങളുടെ ശമ്പളക്കുടിശ്ശികയും ആനുകൂല്യങ്ങളും ഇപ്പോഴും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നെങ്കിലും ഇവ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്നൂറോളം കുടുംബങ്ങളാണ് പൊളിഞ്ഞു വീഴാറായ ലയങ്ങളില്‍ താമസിക്കുന്നത്.
എസ്റ്റേറ്റ് ഉടമകള്‍ക്ക് 700 കോടിയിലധികം ബാങ്ക് കുടിശ്ശികയുണ്ട്. തിരഞ്ഞെടുപ്പ് വോട്ട് ചോദിക്കാനെത്തുന്നവര് എല്ലാവരും ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുമെങ്കിലും നടപടി ഉണ്ടാവാറില്ലെന്നും ഇവര്‍ പറയുന്നു.
Content Highlights: