ഗോവയില്‍ ബിജെപിക്ക് തിരിച്ചടിയോ, കോണ്‍ഗ്രസ് ക്ലച്ച് പിടിക്കുമോ; കാറ്റ് എങ്ങോട്ട്?
വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഗോവന്‍തീരത്ത് കളമൊരുങ്ങുമ്പോള്‍ കടലിലുള്ളതിനെക്കാള്‍ അടിയൊഴുക്ക് രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നുവെങ്കിലും ഭരണത്തിലെത്തിയത് ബിജെപിയാണ്. നാടകീയമായ കരുനീക്കങ്ങളിലൂടെയാണ് ബിജെപി രാത്രിക്ക് രാത്രി അധികാരം പിടിച്ചെടുത്തത്. അര്‍ധരാത്രിയില്‍ പരീക്കറിനെ ഡല്‍ഹിയില്‍ നിന്ന് ഗോവയിലെത്തിച്ച് സര്‍ക്കാരുണ്ടാക്കിയ അമിത് ഷായുടെ നീക്കത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ നില ഇത്തവണയും പരുങ്ങളിലാണ്. അവരുടെ പ്രധാന നേതാക്കളെല്ലാം മറുകണ്ടം ചാടി.
എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. 40 മണ്ഡലങ്ങളുള്ള ഗോവയില്‍ കഴിഞ്ഞ തവണ ഫലം വന്നപ്പോള്‍ 13 സീറ്റായിരുന്നു ബി.ജെ.പി.ക്ക്. ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ നേതൃത്വങ്ങള്‍ക്കിടയിലുണ്ടായ അസ്വാരസങ്ങള്‍ മുതലെടുത്ത്, ഞൊടിയിട കൊണ്ട് പ്രവൃത്തിച്ചതിന്റെ ഫലമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ ഇത്തവണ ഭരണവിരുദ്ധ വികാരത്തെ മറികടക്കുയാണ് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി.
ബിജെപിയേയും കോണ്‍ഗ്രസിനേയും കൂടാതെ ഇക്കുറി കളംപിടിക്കാന്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസുമെത്തിയതോടെ പ്രവചനാതീതമാണ് ഗോവയുടെ തിരഞ്ഞെടുപ്പ് ചിത്രം. എഎപിയും തൃണമൂലും എത്തിയതോടെ ചതുഷ്‌കോണ മത്സരമാകും ഗോവന്‍ നിയമസഭയിലേക്ക് നടക്കുക. ബിജെപിയും ആംആദ്മി പാര്‍ട്ടിയും മാത്രമാണ് ഒറ്റക്ക് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും തൃണമുല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ഗോവയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്..