കോളേജ് പഠനകാലത്ത് SFI ചെയർമാൻ, ബിജെപിയിലെത്തിയത് മുതലെടുപ്പിനല്ല; കോൺഗ്രസ് തകർന്നു- എ.കസ്തൂരി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി സിപിഎം നേതാവ് എ.സമ്പത്തിന്റെ സഹോദരന്‍ എ. കസ്തൂരി. തൈക്കാട് വാര്‍ഡിലാണ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായ കസ്തൂരി മത്സരിക്കുന്നത്.
പണ്ടൊക്കെ കമ്യൂണിസ്റ്റുകാര്‍ മാറണം, മാറ്റണം, മാറ്റിമറിക്കണം എന്നൊക്കെ പറയും. ഒന്നും മാറിയുമില്ല മറിഞ്ഞുമില്ല. പക്ഷേ ഈ മാറ്റം ഇന്ന് ഭാരതത്തിലുടനീളം വികസനത്തിലൂടെ നടക്കുന്നുണ്ട്. ലോകം മുഴുവന്‍ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നു. ഈ രീതിയിലേക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാക്കള്‍ ഭാരതത്തെ കൈപിടിച്ചുയര്‍ത്തി,കസ്തൂരി പറഞ്ഞു.
അച്ഛന്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളും ജീവിതരീതിയുമാണ് ഇടതുപക്ഷത്തിലേക്ക് എന്നെയും ജേഷ്ഠനേയും അടുപ്പിച്ചത്. അദ്ദേഹത്തിന്റെ ധാര്‍മികതയും സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനവും ഇന്നത്തെ പാര്‍ട്ടിനേതാക്കള്‍ക്കൊന്നും സുഖിക്കില്ല. നാടിന് പുരോഗതിയുണ്ടാകുമെന്ന് വിശ്വസിച്ചു പക്ഷേ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ കണ്ട് അവിടുത്തെ ജീവിതരീതികളില്‍ നിന്ന് വ്യക്തമായി വിശ്വസിച്ചത് തെറ്റിപ്പോയിയെന്നും കേരളത്തില്‍ അങ്ങനെയുള്ള പുരോഗതിയുണ്ടാകില്ലെന്നും. അത്തരം പുരോഗതിയുണ്ടാകണമെങ്കില്‍ മനുഷ്യന് അധ്വാനിക്കാനുള്ള സാഹചര്യങ്ങളുണ്ടാകണമെന്നും മനസ്സിലായി. അതിന് കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെ വേണമെന്ന് വ്യക്തമായതോടെ ബിജെപിയിലേക്കെത്തി. കോളേജ് പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയല്ല ഈ ചുവടുമാറ്റം. ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കുന്നു എന്ന് സഹോദരന്‍ സമ്പത്തിനെ അറിയിച്ചുവെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഇനി തിരുവനന്തപുരത്ത് രക്ഷപ്പെടുകില്ല. ഇന്നത്തെ കോര്‍പ്പറേഷനിലുള്ള കോണ്‍ഗ്രസിന്റെ അവസ്ഥ അതാണല്ലോ. പ്രതിപക്ഷമെന്ന ഉത്തരവാദിത്വം പോലും നിയമസഭയിലില്ലാത്ത കോണ്‍ഗ്രസ്. രാജ്യത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്. ഇതിന്റെയെല്ലാം തലപ്പത്തിരിക്കുന്ന ആ പേര് പറയാന്‍ കൊള്ളില്ല. ആ ഒരു സംഘടനയെ കുറിച്ച് പറയാനുള്ള യോഗ്യത പോലും അതിനില്ല. കോണ്‍ഗ്രസ് ഇതോട് കൂടി തീരും. എല്‍ഡിഎഫ് പ്രതിപക്ഷമാകും. ബിജെപി അധികാരത്തില്‍ വരും,കസ്തൂരി പറഞ്ഞു.