ഭർത്താവിൻ്റെ മരണം, പിന്നാലെ നേതൃനിരയിലേക്ക്; അടുക്കളയിൽ നിന്ന് പ്രധാനമന്ത്രിപദത്തിലെത്തിയ ഖാലിദാ സിയ
ലോകത്തെ കരുത്തുറ്റ വനിതകളിലൊരാൾ, ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി.. നാല് പതിറ്റാണ്ടോളം ബംഗ്ലാദേശിനെ നയിച്ച നേതാവിയിരുന്നു ബീഗം ഖാലിദാസിയ. ബംഗ്ലാദേശ് പ്രസിഡന്റിന്റെ പത്നി എന്ന നിലയിൽ നിന്നും രാജ്യത്തെ കൈപിടിച്ചുയർത്തിയ പ്രധാനമന്ത്രിമാരിരൊരാൾ എന്ന നിലയിലേക്കുള്ള ഖാലിദാ സിയയുടെ യാത്ര ലോക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ എണ്ണപ്പെട്ട ഒരേടാണ്. ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 80-ാം വയസ്സിൽ അവർ വിട വാങ്ങുന്നത്.
1945 ഓഗസ്റ്റ് 15-ന് അവിഭക്ത ഇന്ത്യയിലെ ജൽപായ്ഗുരിയിലാണ് ഖാലിദയുടെ ജനനം. ബിസിനസുകാരനായ ഇസ്‌കന്ദർ മജുംദാറിന്റെയും തായിബ മജുംദാറിന്റെയും മകളായി ജനിച്ച ഖാലിദയെ പാവക്കുട്ടി എന്നർഥം വരുന്ന 'പുട്ടുൽ' എന്നാണ് വിളിച്ചിരുന്നത്. 1947-ലെ വിഭജനത്തിന് ശേഷം അവരുടെ കുടുംബം ഇന്നത്തെ ബംഗ്ലാദേശിലെ ദിനാജ്പുരിലേക്ക് കുടിയേറി. ദിനാജ്പുരിലെ മിഷണറി സ്‌കൂളിലും ഗേൾസ് സ്‌കൂളിലുമായിരുന്നു അവരുടെ പ്രാഥമിക വിദ്യാഭ്യാസം.
1960ൽ പാകിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്‌മാനുമായി വിവാഹം. ബംഗ്ലാദേശ് വിമോചന സമരത്തിൽ പ്രധാനിയായിരുന്ന സിയാവുർ റഹ്‌മാൻ പിന്നീട് ബംഗ്ലാദേശ് പ്രസിഡന്റും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായി. 1981 മേയ് 30-ന് ഒരു സൈനിക അട്ടിമറിയിലൂടെ അദ്ദേഹം കൊല്ലപ്പെട്ടതോടെയാണ്, അതുവരെ വീട്ടമ്മയായി മാത്രം ഒതുങ്ങിയ ഖാലിദ സിയ മുഖ്യധാരരാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പ്രതിസന്ധിയിലായ പാർട്ടിയെ രക്ഷിക്കാൻ അവർ ബിഎൻപിയുടെ നേതൃത്വം ഏറ്റെടുത്തു.
1991ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റു. മൂന്ന് തവണ അവർ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നു. ബംഗ്ലാദേശിൽ പ്രസിഡൻഷ്യൽ ഭരണരീതി മാറ്റി പാർലമെന്ററി ജനാധിപത്യം കൊണ്ടുവരുന്നതിനും മുൻകൈയെടുത്തത് ഖാലിദ സിയയാണ്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയതും സാമ്പത്തിക മേഖലയിലെ ഉദാരവൽക്കരണവും അവരുടെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായിരുന്നു. ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ വൈരമാണ് മൂന്ന് ദശകത്തോളം ബംഗ്ലാദേശ് രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്.
ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഷെയ്ഖ് ഹസീനയും ഖാലിദ സിയയും തമ്മിലുള്ള പോരാട്ടം 'ബാറ്റിൽ ഓഫ് ബീഗംസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ജനാധിപത്യത്തിന് വേണ്ടി ഒന്നിച്ചു പോരാടിയ ഇവർ പിന്നീട് രാഷ്ട്രീയ വൈരികളായി മാറി.
1990ൽ സൈനിക സ്വേച്ഛാധിപതിയായിരുന്ന ഹുസൈൻ മുഹമ്മദ് ഇർഷാദിനെ പുറത്താക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനുമായി ഖാലിദ സിയയും ഷെയ്ഖ് ഹസീനയും കൈകോർത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇർഷാദിന്റെ പതനത്തിന് ശേഷം 1991-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഖാലിദ സിയ വിജയിച്ചതോടെ ഈ സഖ്യം തകരുകയും അവർ കടുത്ത രാഷ്ട്രീയ എതിരാളികളാവുകയും ചെയ്തു. 1996-ൽ ബിഎൻപി വിജയിച്ചെങ്കിലും ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും വലിയ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഖാലിദ സിയയുടെ ഭരണകൂടത്തിന് കേവലം 12 ദിവസം മാത്രമേ അധികാരത്തിൽ തുടരാൻ സാധിച്ചുള്ളൂ. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഹസീന അധികാരത്തിലെത്തി. 2004-ൽ ഷെയ്ഖ് ഹസീന പങ്കെടുത്ത രാഷ്ട്രീയ റാലിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണം ഇവരുടെ ബന്ധത്തെ കൂടുതൽ വഷളാക്കി. ആക്രമണത്തിൽ ഹസീന രക്ഷപ്പെട്ടെങ്കിലും 20-ഓളം പേർ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നിൽ ഖാലിദ സിയയുടെ സർക്കാരാണെന്ന് അവാമി ലീഗ് ആരോപിച്ചു. പിന്നീട് ഖാലിദയുടെ മകൻ താരിഖ് റഹ്‌മാനെ ഈ കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2007-ൽ സൈനിക പിന്തുണയുള്ള ഇടക്കാല ഭരണകൂടം അഴിമതി ആരോപണങ്ങളെത്തുടർന്ന് സിയയെയും ഹസീനയെയും ഒരേസമയം ജയിലിലടച്ചിരുന്നു.
2018-ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അവർക്ക് വീണ്ടും ജയിൽവാസം അനുഭവിക്കേണ്ടി വന്നു. പിന്നീട് ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറ്റി. 2025 ജനുവരിയിൽ ബംഗ്ലാദേശ് സുപ്രീം കോടതി അവരെ എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു. ലിവർ സിറോസിസ്, ഹൃദ്രോഗം, പ്രമേഹം തുടങ്ങി നിരവധി അസുഖങ്ങൾ അവരെ അലട്ടിയിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകാൻ പലതവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ മകൻ താരിഖ് റഹ്‌മാനിലൂടെ ബിഎൻപി തങ്ങളുടെ കരുത്ത് വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഖാലിദ സിയയുടെ വിയോഗം. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് ലോകം ആദരിക്കുന്ന രാഷ്ട്രീയ നേതാവിലേക്കുള്ള ഖാലിദ സിയയുടെ യാത്ര ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ അധ്യായമാണ്.
Content Highlights: Begum Khaleda Zia, Bangladesh’s first woman Prime Minister and a dominant political force for four decades, has passed away at 80, ending an era in South Asian politics.