'ഇനി എങ്ങനെ മുന്നോട്ട്?'; മഴക്കെടുതിയിൽ പണിശാല തകർന്ന് ആറന്മുള കണ്ണാടി നിർമ്മാതാക്കൾ ദുരിതത്തിൽ
പത്തനംതിട്ട: നൂറുവർഷത്തിലേറെയായി തലമുറകളിലൂടെ കൈമാറിയ കൈവിരലുകളുടെ കരവിരുത്, അവർക്ക് മുന്നിൽ ഇന്ന് ചെളിയും വെള്ളവും മാത്രമാണ്. ആറന്മുള കണ്ണാടി നിർമാണത്തിലൂടെ തലമുറകളായി ജീവിതം മുന്നോട്ടുകൊണ്ടുപോയ രാധാഗോപാലകൃഷ്ണന്റെയും കുടുംബത്തിന്റെയും ഏക ഉപജീവനമാർഗമാണ് മഴക്കെടുതിയിൽ പ്രതിസന്ധിയിലായത്. വീടിന് പിന്നിലെ പണിശാലയിൽ വെള്ളം കയറിയതോടെ കണ്ണാടി നിർമാണത്തിനാവശ്യമായ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു. വലിയ നഷ്ടം നേരിട്ടതോടെ ഇനി എങ്ങനെ ജീവിതം തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് കുടുംബം.
2018-ലെ പ്രളയകാലത്തും രാധാഗോപാലകൃഷ്ണനും കുടുംബത്തിനും വലിയ നഷ്ടം നേരിട്ടിരുന്നു. അന്ന് നിരവധി സാധനങ്ങൾ ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ആ ദുരിതത്തിൽനിന്ന് കരകയറി ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിനിടെയാണ് ഇത്തവണയും മഴക്കെടുതി എത്തിയത്.