അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസ്; മാങ്കുളത്ത് പന്തം കൊളുത്തി പ്രകടനം

മാങ്കുളം പഴയ ആലുവ-മൂന്നാര്‍ രാജപാത യാത്രയ്ക്കായി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ അവകാശ പ്രഖ്യാപനയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്ത പോലീസ്, വനംവകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് മാങ്കുളത്ത് ആലുവ മൂന്നാര്‍ രാജപാത മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് പന്തംകൊളുത്തി പ്രകടനം നടത്തി.

മാര്‍ച്ച് 16-ന് പൂയംകുട്ടിമുതല്‍ നടത്തിയ അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കെതിരേയും കോതമംഗലം രൂപത മുന്‍ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേയും മറ്റാളുകള്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്നും രാജപാത തുറന്നുനല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം,

മാങ്കുളം റേഷന്‍കടസിറ്റിയില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ സ്ത്രീകളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. ജനകീയസമിതി കണ്‍വീനര്‍ ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ ഉദ്ഘാടനംചെയ്തു. മാങ്കുളത്തെ ആദ്യകാല കര്‍ഷകനായ പി.എം. മാത്യുവിന് ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ പ്രതിഷേധ പന്തം കൈമാറി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രകടനം പള്ളിസിറ്റിയില്‍ സമാപിച്ചു. അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരേ കേസെടുത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധവുമായി ഇതിനോടകം കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപതാ കമ്മിറ്റിയടക്കം രംഗത്തെത്തിയിരുന്നു.

രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 16-ന് സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നടന്ന അവകാശ പ്രഖ്യാപന യാത്ര വന്‍ ജനമുന്നേറ്റമായി മാറിയിരുന്നു. സമരത്തില്‍ മാങ്കുളത്തുനിന്നുമാത്രം അഞ്ഞൂറില്‍പ്പരം ആളുകള്‍ അണിനിരന്നിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ രാജപാത നൂറ്റാണ്ടുമുമ്പുണ്ടായ പ്രകൃതിക്ഷോഭത്തില്‍ തകരുകയായിരുന്നു. അടിമാലിവഴി റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡില്‍ വനംവകുപ്പിന് അധികാരമില്ലെന്നാണ് ജനകീയസമതിയുടെ പക്ഷം. റോഡ് തുറന്നാല്‍ ടൂറിസം, കാര്‍ഷികം, വ്യാവസായിക മേഖലകളില്‍ പുരോഗതിക്ക് കാരണമാകുമെന്നു ജനകീയസമിതി ചൂണ്ടിക്കാണിക്കുന്നു.

Inshort | Police filed a case against participants of a protest march demanding the reopening of the Aluva-Munnar road

Content Highlights: Protest Against Case Filed on Aluva-Munnar Road Activists