മലയാളി മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചു; നിധി കണ്ടെത്താൻ കുഴിച്ച കുഴിയിൽ വീണ് രണ്ട് മരണം

മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടി കുഴിച്ച അൻപത് അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരണപ്പെട്ടത്. രഘുപതി (47), സാത്താംകുളം സ്വദേശി നിർമല ​ഗണപതി (19) എന്നിവരാണ് മരിച്ചത്.

വീടിന് പിറകിലെ പറമ്പിൽ നിധിയുണ്ടെന്നാണ് തിരുവള്ളൂർ കോവിലിലെ മുത്തയ്യയോട് മന്ത്രവാദി പറഞ്ഞത്. ഇതേത്തുടർന്ന് കഴിഞ്ഞ ആറുമാസമായി മുത്തയ്യയുടെ മക്കൾ മറ്റുചിലരുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. മോട്ടോർ വെച്ച് ഈ വെള്ളം വറ്റിച്ചശേഷം കുഴിയിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലൻ എന്നിവർ അതീവ​ഗുരുതരാവസ്ഥയിൽ പാളയംകോട്ടൈ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Content Highlights: