'എന്തെങ്കിലും മറക്കാനാവാത്ത ഓർമ്മവേണം';ചൈനയിലെ വൻമതിലിന് മുകളിൽ തിരുവാതിരക്കളി
കോഴിക്കോട്: ലോകത്തിന് ചൈനയിലെ വൻമതിൽ മഹാദ്‌ഭുതമാണെങ്കിലും ചൈനക്കാർക്ക് അദ്‌ഭുതം തോന്നിയത് ആറുമീറ്റർ നീളമുള്ള സാരി എങ്ങനെ ഉടുക്കുന്നു എന്നതിലാണ്. സാരിയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞതാവട്ടെ വൻമതിലിനുമുകളിൽ അരങ്ങേറിയ ഒരു തിരുവാതിര കണ്ടപ്പോൾ.
സെറ്റ് സാരിയും വേഷ്ടിയും മുണ്ടും മറ്റുമണിഞ്ഞ് തിരുവാതിര കളിച്ച മലയാളി വനിതകളും കസവുമുണ്ടുടുത്ത് അവർക്ക് പിന്തുണയേകിയ പുരുഷന്മാരും ചൈനയിൽ താരങ്ങളായി. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ചൈന കാണാൻ പോയവരാണ് ഈ മലയാളി ആശയം വൻമതിലിലെത്തിച്ചത്.
മേയ് ഏഴിന് പുലർച്ചെയാണ് മുപ്പത്തെട്ടംഗസംഘം വിനോദ സഞ്ചാരത്തിനായി ചൈനയിലേക്ക് വിമാനം കയറിയത്. ഒന്പതുജില്ലകളിൽനിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കണ്ണൂർ ആസ്ഥാനമായ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ കമ്പനിയാണ് യാത്രക്കാരെ കൊണ്ടുപോയത്.
ട്രിപ്പ് ബുക്കിങ് കഴിഞ്ഞപ്പോൾത്തന്നെ യാത്രികരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. ‘വൻമതിലിന് മുകളിൽ തിരുവാതിര കളിച്ചാലോ’ എന്ന ആശയം ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തത് കണ്ണൂരിൽനിന്നുള്ള ഹിമ. “എന്തെങ്കിലും മറക്കാനാവാത്ത ഒരു ഓർമ്മവേണം എന്ന ചിന്തയിലാണ് പോസ്റ്റിട്ടത്. ആരും എതിർപ്പ് പറഞ്ഞില്ല”-ഹിമ പറയുന്നു.
“കേരള സാരിയും മറ്റും കൊണ്ടുവരുകയാണെങ്കിൽ പ്ലാൻ നടപ്പാക്കാമായിരുന്നു”-യാത്രയോടടുപ്പിച്ച് ഹിമ വീണ്ടും മെസേജ് അയച്ചു.12-ന് രാവിലെ കേരളസാരിയും മുണ്ടും മറ്റുമണിഞ്ഞാണ് അവർ വൻമതിൽ കാണാനിറങ്ങിയത്. ഇടയ്ക്ക് കിട്ടിയ സമയത്ത് സ്റ്റെപ്പുകൾ പഠിച്ചു. പാർവണേന്ദു മുഖീ... എന്ന പാട്ടിനൊപ്പം അവർ വൻമതിലിനുമുകളിൽ ചുവടുവെച്ചു. 44-നും 66-നും ഇടയിൽ പ്രായമുള്ള പത്തോളം പേരാണ് തിരുവാതിര കളിച്ചത്. ഹിമ, സുലജ, ഡോ. സുശീലാമ്മ, ശ്രീജ, ലത, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവാതിര കഴിഞ്ഞതും കൂടെ സെൽഫിയെടുക്കാൻ ചൈനക്കാർ ഉൾപ്പെടെ തിരക്കുകൂട്ടി. സാരിക്ക് എത്ര നീളമുണ്ട്. രണ്ട് പീസാണോ. എങ്ങനെ ഉടുത്തു... സംശയങ്ങൾ അങ്ങനെ നീണ്ടു. മടങ്ങുമ്പോഴേക്കും മലയാളിസംഘത്തിന് അവിടെ താരമൂല്യമായി.