'കാന്തപുരത്തിന്റെ പരാമർശത്തിൽ ഫാത്തിമ തെഹ്ലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനം പാലിക്കുന്നു'

സമൂഹത്തിലെ ഏറ്റവും വലിയ ശക്തിയാണ് സ്ത്രീകളെന്നും അവർക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. കാന്തപുരത്തിൻ്റെ പ്രസ്താവനയിൽ ലീഗ് എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുക്കുന്നു എന്ന്‌ മനസ്സിലാകുന്നില്ലെന്നും അവർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

'ലോകത്തിൻ്റെ ഏത് മേഖല എടുത്താലും സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാനാകില്ല. ബഹിരാകാശത്ത് ദിവസങ്ങളോളം കഴിഞ്ഞ് കരുത്തോടെ തിരിച്ചുവരുന്ന സ്ത്രീകൾ ചുറ്റുമുണ്ട്. സമൂഹത്തിലെ ഏറ്റവും വലിയ ശക്തിയാണ് സ്ത്രീ. വീടിനകത്തും പുറത്തും സ്ത്രീ കരുത്തോടെ നിൽക്കുന്നു. നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്, അവരുടെ നേട്ടങ്ങൾ നമുക്ക് അഭിമാനം പകരുന്നുണ്ട്. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് സ്ത്രീകൾ വരണം. സ്ത്രീകൾ മാത്രമല്ല, അവർ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആരും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇഷ്ടപ്പെടില്ല. സ്ത്രീകൾ ഇനിയും മുന്നോട്ട് വരും, താക്കോൽ സ്ഥാനങ്ങളിലേയ്ക്ക് അവർ വരും.

ലീഗ് എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുക്കുന്നു എന്ന്‌ മനസ്സിലാകുന്നില്ല. എന്റെ സുഹൃത്ത് കൂടിയായ ഫാത്തിമ തെഹ്ലിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സ്ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് വരണം, എങ്കിലേ പുരോഗതിയുണ്ടാകൂ', ചിന്ത ജെറോം പറഞ്ഞു.

Content Highlights: DYFI State President Chintha Jerome condemns anti-women remarks and emphasizes women's empowerment in society. Read the full story now.