SIR വഴി പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ ലിസ്റ്റിൽ നിങ്ങളുണ്ടോ? പേരില്ലെങ്കിൽ എന്തുചെയ്യും?|HOW TO

എസ്ഐആർ വഴി പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പേര് ആ പട്ടികയിലുണ്ടോ? എങ്ങനെ ഇത് പരിശോധിക്കാമെന്നും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും നോക്കിയാലോ.

https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ കയറി നിങ്ങളുടെ ജില്ല, നിയമസഭാ മണ്ഡലം, പോളിങ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുക്കുക. ശേഷം DOWNLOAD ASD കൊടുക്കുക. ഇത് തുറന്നാൽ ഒഴിവാക്കിയ വോട്ടർമാരുടെ വിശദാംശങ്ങൾ കാണാം. ക്രമനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം എന്നിവയാണ് പട്ടികയിലുള്ളത്. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, രണ്ടോ അതിൽക്കൂടുതൽ തവണയോ പട്ടികയിൽ പേരുള്ളവർ, ഫോം വാങ്ങുകയോ തിരിച്ചു നൽകുകയോ ചെയ്യാത്തവർ എന്നിവയൊക്കെയാണ് ഒഴിവാക്കാനുള്ള കാരണങ്ങളിലുണ്ടാവുക. ഫോം സ്വീകരിക്കാനോ തിരിച്ചു നൽകാനോ സാധിക്കാത്തവരുടേതിന് ഇഎഫ് എന്നായിരിക്കും രേഖപ്പെടുത്തുക.

മതിയായ കാരണങ്ങളില്ലാതെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇന്നു തന്നെ ബൂത്ത് ലേവൽ ഓഫീസറെ ബന്ധപ്പെടുക. ഫോം പൂരിപ്പിച്ച് തെറ്റുതിരുത്താൻ ഡിസംബർ 18 വരെയാണ് അവസരം. ഫോം നൽകിയാൽ 23-ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ട്രൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബിഎൽഒമാർക്കും പട്ടിക കൈമാറും. പരാതികൾ ഈ മാസം 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിക്കണം.

പ്രവാസിവോട്ടർമാർക്ക് ഫോം 6എ നൽകിയും പേര് ചേർക്കാം. വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 നൽകണം. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭിക്കും. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവ അദാലത്തിനു വിളിക്കും.

ഇതിനുശേഷം ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ ചീഫ് ഇലട്രൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനം മാറ്റം വരുത്താനും അവസരമുണ്ട്.

Content Highlights: Find out if your name is removed from the voter list. Learn how to check, add, or correct your details and ensure your vote