സൈബീരിയയിലെ ഫിഷ് റിലീസിങ് ഫങ്ഷന്‍
നമ്മുടെ നാട്ടില്‍ അധികം കേട്ടിട്ടില്ലാത്ത ഒരു പരിപാടിയാണ് ഫിഷ് റിലീസിങ് ഫങ്ഷന്‍. റഷ്യയിലെ സൈബീരിയന്‍ പ്രദേശമായ ഖാന്തി-മാന്‍സിയിസ്‌ക് എന്ന സ്ഥലത്ത് നടക്കുന്ന പരിപാടിയാണിത്. ഖാന്തി- മാന്‍സിയിസ്‌ക് നഗരത്തെ ചുറ്റി കടന്നുപോകുന്ന വലിയ നദിയാണ് ഇര്‍ട്ടിഷ് റിവര്‍. ഏതാണ്ട് നാലായിരത്തിലധികം കിലോമീറ്റര്‍ നീളമുണ്ട് ഈ നദിക്ക്. ഈ നദിയില്‍ ജീവിക്കുന്ന വളരെ പുരാതനജനുസ്സില്‍പെട്ട, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മത്സ്യമാണ് സൈബീരിയന്‍ സ്റ്റര്‍ജന്‍. ഏഴുമുതല്‍ 12 അടിവരെ നീളത്തില്‍ വളരുകയും 50 മുതല്‍ 60 വര്‍ഷംവരെ ജീവിച്ചിരിക്കുകയും ചെയ്യുന്ന ഈ മീനുകളെ ഏര്‍ലിപീരീഡ് ഡൈനോസര്‍ എന്നും പറയുന്നു. ഏതാണ്ട് ഡൈനോസറുകളുടെ രൂപമാണിവയ്ക്ക്. വളരെയധികം പോഷകഗുണവും രുചിയും ഉള്ള ഇവയുടെ മുട്ടകൊണ്ടുണ്ടാക്കുന്ന വിലയേറിയഭക്ഷണമാണ് കവിയാര്‍. ഇതിനായി വ്യാപകമായി സ്റ്റര്‍ജനുകളെ പിടിക്കുന്നതിനാല്‍ ഇവ വംശനാശഭീഷണിയിലാണ്. ഇതിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ടും മൂന്നും തവണയായി നടത്തുന്ന പരിപാടിയാണ് ഫിഷ്റിലീസിങ്.
ഈ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ പുറത്തുള്ള ഫാമില്‍വളര്‍ത്തും. എന്നിട്ട് മത്സ്യക്കുഞ്ഞുങ്ങളെ ഇര്‍ട്ടിഷ് ദിയിലേക്ക് ഒഴുക്കിവിടും. ഇത് അവിടുത്തെ സര്‍ക്കാരിന്റെ നേതൃത്യത്തില്‍ചെയ്യുന്ന പരിപാടിയാണ്. ക്ഷണിക്കപ്പെട്ട അതിഥികളും സ്‌കൂള്‍കുട്ടികളുമൊക്കെ ഈ പരിപാടിയില്‍ പങ്കാളികളാകും. പങ്കെടുക്കുന്നവരുടെ കൈയില്‍ ചെറിയ ബക്കറ്റ്കൊടുക്കും. അവര്‍ക്ക് ടാങ്കില്‍ നിന്ന് മീനുകളെ കോരി പുഴയിലേക്ക് തുറക്കുന്ന കുഴലിലേക്ക് ഇടാം. ഇതാണ് ഫിഷ്റിലീസിങ് ഫങ്ഷന്‍.
മൈനസ് 30 ഡിഗ്രിവരെ തണുപ്പുള്ളകാലമാണ് ഇവിടെ അധികവും ഉള്ളത്. വര്‍ഷത്തില്‍ 200 ദിവസവും മഞ്ഞ്മൂടിക്കിടക്കുന്നു. നവംബറില്‍ തുടങ്ങുന്ന ശൈത്യം മാര്‍ച്ച് അവസാനം വരെ നീണ്ടുനില്‍ക്കും. എവിടെനോക്കിയാലും വെളുവെളുത്ത മഞ്ഞ് മൂടിയകാഴ്ചയേ ഉണ്ടാവൂ. മരങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം മഞ്ഞില്‍ പൊതിഞ്ഞിരിക്കും. ഏപ്രില്‍,മെയ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നല്ലതണുപ്പുണ്ട്. എന്നാല്‍ മഞ്ഞുവീഴ്ച താരതമ്യേന കുറവാണ്. അവിടുത്തെ നല്ല കാലാവസ്ഥ എന്നുപറയുന്നത് ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ്. സഞ്ചാരികള്‍ക്ക് പറ്റിയ സമയവും ഇതുതന്നെ. ഈ കാലത്താണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. മറ്റ് സമയങ്ങളില്‍ നദികള്‍ എല്ലാം തണുത്തുറഞ്ഞ് ഐസുകട്ടയായിരിക്കും.