പാലം വന്നു, കടത്തുകാരന് ഇനി ജോലിയില്ല, കൂട്ടുകിളി ഇനിയെത്രനാൾ...
കടത്തുവള്ളവുമായി സാജു എന്ന കടത്തുകാരൻ ഓരോതവണയും നെയ്യാർ കുറുകെ തുഴയുമ്പോഴും കൂടെയുണ്ട് നിലയ്ക്കാത്ത കിളിക്കൊഞ്ചലുമായി 'മുത്തു ' എന്ന് വിളിപ്പേരുള്ള ഈ വാലാട്ടിക്കിളി. 27 വർഷമായി അമ്പൂരി കുമ്പിച്ചൽക്കടവിൽ കടത്തുകാരനായ സാജുവിനൊപ്പം ഈ കിളി കൂടിയിട്ട് കാലമേറെയായി . തന്റെ വള്ളത്തിൽ പറന്നിരിക്കുന്ന 'കിളിക്ക്' ഭക്ഷണവും കൊടുത്ത് വർത്തമാനവും പറഞ്ഞ് തുഴഞ്ഞുപോകുന്ന കടത്തുകാരൻ ഇവിടുത്തുകാർക്ക് സ്ഥിരം കാഴ്ചയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പണിപൂർത്തിയായ കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ ഈ കടത്തുകാരനും കിളിയും ഓർമ്മയാകും. നഷ്ടമാകുന്ന കടത്തുജോലിക്ക് പകരം മറ്റൊരു ജോലിക്കായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് സാജു..വർഷങ്ങളായി തന്റെ വള്ളം വരുന്നതും നോക്കി കടവിൽ കാത്തിരുന്നവരെ പോലെ.