ചിമ്മിനിയില്‍നിന്ന് എന്നുയരും വെള്ളപ്പുക? ആരാകും അടുത്ത മാർപാപ്പ? അറിയാം നടപടി ക്രമങ്ങള്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാര്.. ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള 138 കര്‍ദിനാള്‍മാര്‍ വോട്ട് ചെയ്താണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. ആ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്? സാധ്യതാപ്പട്ടികയിലുള്ള കര്‍ദിനാള്‍മാര്‍ ആരൊക്കെയാണ്? മാനവികതയുടെ മറുപേരായ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് പിന്‍ഗാമിയായി വരുന്നതും അങ്ങനെ ഒരാളാവുമോ?
ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയും റോമാ രൂപതയുടെ മെത്രാനും വത്തിക്കാന്‍ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ ഭരണാധികാരിയുമാണ് മാര്‍പാപ്പ. സഭയുടെ നേതൃത്വം അപ്പസ്‌തോലനായ പത്രോസിനെയാണ് യേശുക്രിസ്തു ഏല്‍പ്പിച്ചതെന്നും ഈ അപ്പസ്‌തോലനായ പത്രോസില്‍നിന്ന് സഭാനേതൃത്വാവകാശം പിന്തുടരുന്നവരാണ് പാപ്പമാര്‍ എന്നുമാണ് വിശ്വാസം. പാപ്പമാര്‍ പത്രോസിന്റെ പിന്‍ഗാമികളാണെന്ന ഈ വിശ്വാസമാണ് പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന് ആധാരം. മാമോദീസ സ്വീകരിച്ച കത്തോലീക്കാ വിശ്വാസിയായ ഏതൊരു പുരുഷനും മാര്‍പാപ്പയാകാമെന്നാണ് വിശ്വാസം. എന്നാല്‍ കഴിഞ്ഞ 700 വര്‍ഷമായി കര്‍ദിനാള്‍മാരില്‍ നിന്നാണ് പാപ്പയെ തിരഞ്ഞെടുത്തിട്ടുള്ളത്.
തിരഞ്ഞെടുപ്പ് രീതി
ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059-ല്‍ സമ്മതിദാനാവകാശം റോമാസഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179-ല്‍ എല്ലാ കര്‍ദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദ്ദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശം. അതുകൊണ്ട് ആകെയുള്ള 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. രണ്ടുപേര്‍ ആരോഗ്യകാരണങ്ങളാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാത്തതിനാല്‍, 133 പേരാണ് ഇത്തവണ ഭാഗമാവുക.
സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍വെച്ച് നടക്കുന്ന കോണ്‍ക്ലേവ് എന്ന സമ്മേളനത്തില്‍വെച്ചാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ക്ലേവ് തുടങ്ങിയാല്‍ അത് പൂര്‍ത്തിയാകുംവരെ കര്‍ദിനാള്‍മാര്‍ തങ്ങുന്നത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയോട് ചേര്‍്ന്നുള്ള അഞ്ച് നിലകളുള്ള കാസ- സാന്ത മാര്‍ത്തയിലാണ്. ഇവിടെ നിന്ന് ഓരോ ദിവസവും കോണ്‍ക്ലേവ് നടക്കുന്ന 16- ചാപ്പലിലേക്ക് കര്‍ദാനാള്‍മാര്‍ നടന്നാണ് പോവുക. പുറംലോകവുമായുള്ള ഒരു ബന്ധവും ഈ ദിവസങ്ങളില്‍ കര്‍ദിനാള്‍മാര്‍ക്ക് ഉണ്ടായിരിക്കില്ല.
പരസ്യമായ വോട്ടഭ്യര്‍ഥനയോ വോട്ടെണ്ണലോ ഇവിടെയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയാതിരുന്ന കര്‍ദ്ദിനാളന്മാരുടെ വോട്ട് ശേഖരിക്കാന്‍ മൂന്ന് കര്‍ദ്ദിനാളന്മാരെയും വോട്ടെണ്ണാന്‍ മൂന്ന് കര്‍ദ്ദിനാളന്മാരെയും വോട്ടുകളുടെ എണ്ണം പരിശോധിക്കാന്‍ മൂന്നു കര്‍ദ്ദിനാളന്മാരെയും ചുമതലപ്പെടുത്തും. അതിനുശേഷം ബാലറ്റുകള്‍ വിതരണംചെയ്യുകയും കര്‍ദ്ദിനാളായ ഓരോ സമ്മതിദായകനും മാര്‍പ്പാപ്പയാവുന്നതിന് തങ്ങള്‍ പ്രഥമപരിഗണന നല്‍കിയ കര്‍ദ്ദിനാളിന്റെ പേര് അതിലെഴുതുകയും ചെയ്യും. ദീര്‍ഘചതുര കാര്‍ഡിലാണ് കര്‍ദിനാള്‍മാര്‍ വോട്ട് രേഖപ്പെടുത്തുക. ദൈവത്തിനു കീഴില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവനെന്ന് വിചാരിക്കുന്നയാള്‍ക്ക് വോട്ടു ചെയ്യുന്നു എന്ന് ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തുകൊണ്ട് ബാലറ്റ് മടക്കി ഒരു പ്രത്യേകപാത്രത്തില്‍ നിക്ഷേപിക്കും.
ബാലറ്റിലെ വോട്ടു പരിശോധിക്കുന്നതിനുമുമ്പ് ബാലറ്റുകളുടെ എണ്ണം പരിശോധിക്കും. എണ്ണം മൊത്തം സമ്മതിദായകരുടെ എണ്ണത്തില്‍നിന്നു വ്യത്യസ്തമായാല്‍ ബാലറ്റുകളൊന്നും തുറക്കാതെ എല്ലാ ബാലറ്റുകളും കത്തിച്ചുകളയുകയും പുതിയ തിരഞ്ഞെടുപ്പു നടത്തുകയും ചെയ്യും. എണ്ണം തുല്യമായാല്‍, ഓരോ ബാലറ്റും തുറക്കുകയും ഉച്ചത്തില്‍ വായിക്കുകയും ചെയ്യും. വായിച്ചശേഷം, സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനായി ഓരോ ബാലറ്റും സൂചികൊണ്ടു തുളച്ച്, ഒരുമിച്ചു തുന്നിക്കെട്ടും. എന്നിട്ട് കത്തിക്കും. ഇതിനായി പ്രത്യേക ചിമ്മിനിയുമുണ്ട്.
മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ, അതായത് 89 വോട്ടുകള്‍ നേടി ഒരു പാപ്പ തിരഞ്ഞെടുക്കപ്പെടുന്നതുവരെ, പലവട്ടം ഈ തിരഞ്ഞെടുപ്പുപ്രക്രിയ ആവര്‍ത്തിക്കും. ആദ്യ ദിവസം ഒരു തവണമാത്രമാണ് വോട്ടെടുപ്പ്, പിന്നീട് ഒരു ദിവസം നാലുറൗണ്ട് വോട്ടെടുപ്പ് വരെ നടക്കും.
എല്ലാ കണ്ണുകളും ചിമ്മിനിയിലേക്ക്
ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്‌റ്റൈന്‍ചാപ്പലിലെ ഒരു പ്രത്യേക അടുപ്പില്‍ ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കും. ഈ അടുപ്പില്‍നിന്നുള്ള പുക സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടെ പുറത്തുവരും. തിരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ച്ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്തപുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്തപുകയുമാകും ചിമ്മിനിയില്‍ക്കൂടെ പുറത്തുവരിക. ചിലസമയം പുകയുടെ നിറം കറുത്തതോ വെളുത്തതോ എന്നു പെട്ടെന്ന് മനസ്സിലാക്കുക പ്രയാസമാണ്. അതിനാല്‍ പുതിയൊരു കീഴ്വഴക്കമെന്നനിലയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പു സൂചിപ്പിക്കാന്‍ സിസ്റ്റീന്‍ ചാപ്പലിലെ മണികളും മുഴക്കുകയുണ്ടായി.
പുതിയ പാപ്പ
കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയോട് 'താങ്കള്‍ ഈ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?' എന്ന് ചോദിക്കും. അതെയെന്നാണ് ഉത്തരമെങ്കില്‍, അപ്പോള്‍മുതല്‍ പാപ്പായുടെ ഭരണമാരംഭിച്ചതായി കണക്കാക്കും. പേര് തിരഞ്ഞെടുക്കലാണ് അടുത്ത നടപടി. പുതിയ പാപ്പയ്ക്ക് ഔദ്യോഗികനാമം സ്വയം തിരഞ്ഞെടുക്കാം. മിക്കവാറും പുണ്യവാളന്‍മാരുടെ പേരുകളില്‍ നിന്നാവും ഈ തിരഞ്ഞെടുപ്പ്. അസീസിയിലെ വി.ഫ്രാന്‍സിസിന്റെ പേരാണ് ദിവംഗതനായ മാര്‍പ്പാപ്പ തിരഞ്ഞെടുത്തത്. പിന്നീട് പുതിയ പാപ്പയെ 'കണ്ണീരിന്റെ വാതിലി'ലൂടെ വസ്ത്രം ധരിക്കുന്ന മുറിയിലേക്ക് ആനയിക്കും. ഔദ്യോഗികവസ്ത്രങ്ങളണിഞ്ഞ ശേഷം മാര്‍പാപ്പയുടെ സ്ഥാനികമോതിരമായ 'വലിയ മുക്കുവന്റെ' മോതിരം അണിയിക്കും.
ശേഷം ഉന്നത കര്‍ദിനാള്‍ ഡീക്കല്‍ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി ഹബേമുസ് പാപ്പം എന്ന് ലത്തീനില്‍ വിളിച്ചുപറയും. നമുക്ക് പാപ്പയെ കിട്ടി എന്നാണ് ഇതിന്റെ അര്‍ഥം. ശേഷം പോപ്പ് തന്റെ ആദ്യ അഭിസംബോധനയ്ക്കായി ബാല്‍ക്കണിയിലേക്ക് എത്തും. തിരഞ്ഞെടുക്കപ്പെട്ട പാപ്പ സ്ഥാനമൊഴിയുക മരണത്തിലൂടെയോ അല്ലെങ്കില്‍ സ്വയം രാജിവയ്ക്കുന്നതിലൂടെയോ മാത്രമാണ്. മാര്‍പ്പാപ്പയുടെ അഭാവത്തില്‍, ചേംബര്‍ലെയിന്‍ എന്നറിയപ്പെടുന്ന കര്‍ദിനാളിന്റെ നേതൃത്വത്തിലുള്ള കര്‍ദ്ദിനാള്‍ സംഘം സഭയുടെ ദൈനംദിനഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുക.
ഭരണസംവിധാനം
വത്തിക്കാന്‍ സിറ്റി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനും നിയമപരമായ പരമാധികാരിയും മാര്‍പാപ്പയാണ്. അദ്ദേഹം നിയമിക്കുന്ന പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റാണ് വത്തിക്കാന്റെയും ഭരണത്തലവന്‍. അഞ്ചു വര്‍ഷ കാലാവധിയില്‍ പാപ്പ നിയോഗിക്കുന്ന പ്രസിഡന്റിനെ തിരുസഭയ്ക്കോ മാര്‍പാപ്പയ്ക്കോ എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാനുമാവും. മാര്‍പാപ്പയുടെ ഉപദേശക സമിതിയായ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിന് എല്ലാ പ്രധാന വിഷയങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതലയും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.
നിയമനിര്‍മാണ സഭ
നയരൂപവത്കരണം, നിയമ നിര്‍മാണം എന്നീ ചുമതലകള്‍ പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി എന്ന സംവിധാനത്തില്‍ നിക്ഷിപ്തമാണ്. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് വഴി സുപ്രീം പൊന്തിഫിക്കിന്റെ അംഗീകാരവും നേടിയ ശേഷമേ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവുകയുള്ളൂ. വത്തിക്കാന്‍ ഭരണസംവിധാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ട് അപ്പസ്തോലിക്ക സെഡീസില്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഇവ പ്രസിദ്ധീകരിക്കുകയും വേണം. നിയമനിര്‍മാണത്തിന് മുമ്പ് കൗണ്‍സിലേഴ്‌സ് ഓഫ് സ്റ്റേറ്റ് സിന്റെ ഉപദേശവും തേടണമെന്ന് വ്യവസ്ഥയുണ്ട്.
കോടതിയും ശിക്ഷയും
ഇറ്റാലിയന്‍ സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമാണ് വത്തിക്കാന്റെ കോടതിയും ശിക്ഷാരീതികളും. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇറ്റലിയുടെ കോടതികളാണ് ശിക്ഷ നല്‍കുന്നത്. സുപ്രീം ട്രൈബ്യൂണല്‍ ഓഫ് അപ്പസ്തോലിക് സിഗ്നേച്യുറ എന്ന സംവിധാനമാണ് മാര്‍പാപ്പയുടെ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഉന്നത നീതിപീഠമായി കരുതപ്പെടുന്ന മാര്‍പാപ്പയെ സഹായിക്കാന്‍ വത്തിക്കാന്‍ സിറ്റി കോടതിയുടെ പ്രസിഡന്റ്, റോമന്‍ റോട്ട ഡീന്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം കുറ്റങ്ങളും ഇറ്റാലിയന്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്. ഇറ്റലി സര്‍ക്കാറുമായി വത്തിക്കാന് ഇതിനുള്ള കരാറുണ്ട്. ചുരുങ്ങിയ കാലത്തെ തടവിനുള്ള പ്രത്യേക സെല്ലുകളൊഴിച്ച് വത്തിക്കാനില്‍ ജയില്‍ സംവിധാനമില്ല. ഗുരുതരമായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും ഇറ്റലിയിലാണ്. ഇറ്റലിയിലെ കോടതികളിലും ജയിലുകളിലും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ക്കുള്ള ചെലവ് വത്തിക്കാന്‍ വഹിക്കും.
സാധ്യതാപ്പട്ടിക
വടക്കേ അമേരിക്കയില്‍ നിന്ന് 20, യൂറോപ്പില്‍ നിന്ന് 53, ഏഷ്യയില്‍ നിന്ന് 23, തെക്കേ അമേരിക്കയില്‍ നിന്ന് 17, ആഫ്രിക്കയില്‍ നിന്ന് 18, ഓഷ്യാനിയയില്‍ നിന്ന് 4 എന്നിങ്ങനെ 71 രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് 4 കര്‍ദിനാള്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ മലയാളികളാണ്. ഫിലിപ്പ് നേരി ഫെറാവോ, ആന്‍ണി പുല എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് കര്‍ദിനാള്‍മാര്‍.
ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കര്‍ദിനാള്‍നിയമനങ്ങള്‍ ഭൂമിശാസ്ത്രപരമായി വൈവിധ്യമാര്‍ന്ന ഒരു വോട്ടര്‍സമൂഹത്തെ ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ മാധ്യമങ്ങള്‍ സാധ്യത കല്പിക്കുന്ന പാപ്പാസ്ഥാനാര്‍ഥികളില്‍ ചിലരെ നോക്കാം.
1) പിയെട്രോ പരോലിന്‍ (ഇറ്റലി)
വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയാണ് പിയെട്രോ. മിതവാദിയായ അദ്ദേഹം ചൈനയുമായുള്ള ചര്‍ച്ചകളിലുള്‍പ്പെടെ കാണിച്ച രാഷ്ട്രീയപരിജ്ഞാനം പരിഷ്‌ക്കരണവാദികളെയും പാരമ്പര്യവാദികളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സഭാപ്രവര്‍ത്തനത്തില്‍ അനുഭവക്കുറവുണ്ടെന്ന് വിമര്‍ശനം അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.
2) ലൂയിസ് ആന്റോണിയോ ടാഗിള്‍ (ഫിലിപ്പീന്‍സ്)
സാമൂഹ്യനീതിയിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുടര്‍ച്ചയെ പ്രതിനിധാനം ചെയുന്ന കര്‍ദിനാളാണ് 'ഏഷ്യന്‍ ഫ്രാന്‍സിസ്' എന്നു വിളിപ്പേരുള്ള ലൂയിസ് ആന്റോണിയോ ടാഗിള്‍. മനിലയിലെ സേവനവും സുവിശേഷവത്കരണത്തിനുള്ള ഇവാഞ്ചലിക്കല്‍ ഡികാസ്റ്ററിയുടെ നേതൃത്വവും അദ്ദേഹത്തെ ആഗോളതലത്തില്‍ പ്രശസ്തനാക്കി. എന്നാല്‍, ഫിലിപ്പീന്‍സിലെ ഭരണപരമായ ബുദ്ധിമുട്ടുകള്‍ പ്രതികൂലഘടകമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
3) പീറ്റര്‍ എര്‍ഡോ (ഹംഗറി)
പാരമ്പര്യവാദിയും ബുദ്ധിജീവിയുമായ പീറ്റര്‍ എര്‍ഡോവിന്റെ യാഥാര്‍ഥ്യബോധവും ബഹുഭാഷാകഴിവും അദ്ദേഹത്തെ കിഴക്കന്‍-പാശ്ചാത്യ സഭകള്‍ക്കിടയിലുള്ള പാലമാക്കിമാറ്റിയിരുന്നു. എന്നാല്‍, ഹംഗറിയുടെ കൂടിയേറ്റവിരുദ്ധ നയങ്ങളോടുള്ള അനുരഞ്ജനം പുരോഗമനപക്ഷത്തെ അകറ്റുന്നുണ്ട്.
4) പിയര്‍ബറ്റിസ്റ്റ പിസാബല്ല (ജറുസലേം)
യുദ്ധകാലത്ത് ഗാസയിലേക്കുള്ള സന്ദര്‍ശനങ്ങളും സര്‍വമത സൗഹൃദപ്രവര്‍ത്തനങ്ങളുംമൂലം പ്രാധാന്യം നേടിയ വ്യക്തിയാണ് പിയര്‍ബറ്റിസ്റ്റ പിസാബല്ല. 'സേവകനായ നേതാവിനെ' അന്വേഷിക്കുന്ന കര്‍ദിനാള്‍മാരില്‍ കൂടുതല്‍ പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചേക്കാം.
5) ഫ്രിഡോലിന്‍ അംബോംഗോ (ഡി.ആര്‍. കോംഗോ)
സ്വവര്‍ഗലിംഗ ബന്ധങ്ങളെ അനുഗ്രഹിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളെ വിമര്‍ശിച്ച വ്യക്തിയാണ് കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ. ആഫ്രിക്കന്‍ പ്രതിനിധിയാണ്. ദരിദ്രരുടെ പ്രതിനിധിയായുള്ള സ്ഥാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൈതൃകവുമായി യോജിക്കുമെങ്കിലും സൈദ്ധാന്തിക വഴക്കമില്ലായ്മ പാശ്ചാത്യലോകത്ത് അദ്ദേഹത്തിന്റെ ആകര്‍ഷണം കുറയ്ക്കുന്നു
ഫ്രാന്‍സില്‍ നിന്നുള്ള മാഴ്‌സെ ആര്‍ച്ച്ബിഷപ്പ് ഴാങ് മാര്‍ ആവെലീന്‍, മാള്‍ട്ടയില്‍ നിന്നുള്ള, ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ?ഗ്രെച്ച്, സ്‌പെയിനില്‍ നിന്നുള്ള ബാഴ്‌സലോണ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഹുവാന്‍ ഹൊസെ ഒമെല, നെവാര്‍ക്ക് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോസഫ് ടോബിന്‍, വത്തിക്കാന്‍ ഉദ്യോ?ഗസ്ഥനായ കര്‍ദിനാള് പീറ്റര്‍ കോഡ്വോ അപീയ ടെര്‍ക്‌സാന്‍, ബൊളോഞ്ഞ ബിഷപ്പ് മത്തേയോ മരിയ സുപ്പി എന്നിവരാണ് സാധ്യതപട്ടികയിലുള്ള മറ്റു പേരുകള്‍
Content Highlights: Inside the Sistine Chapel: Unveiling the Process of Papal Election