ഒരു തുള്ളി മഴ പോലുമില്ലാതെ വൻ ദുരന്തം! നേപ്പാളിനെ നടുക്കിയ 'ഗ്ലോഫ്' പ്രളയം
വൻ ദുരന്തം വിതച്ച അപ്രതീക്ഷിത മിന്നൽ പ്രളയത്തിന് പിന്നാലെ വീണ്ടുമൊരു അപകടസാധ്യതാ മുന്നറിയിപ്പെത്തിയതിന്റെ ആശങ്കയിലാണ് നേപ്പാൾ. മഴയില്ലാതെ, പെട്ടെന്നുണ്ടായ ഭീകരമായ ചെളിവെള്ളപ്പാച്ചിലിൽ പൊലിഞ്ഞുപോയത് നൂറുകണക്കിന് മനുഷ്യ ജീവനുകൾ. കാണാതായത് എണ്ണൂറോളം പേരെ. ഇതിൽ 177 ഇന്ത്യക്കാർ. കാണാതായവർക്കായുള്ള തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8:30-ഓടെയാണ് നേപ്പാളിന്റെ വടക്കൻ അതിർത്തി ജില്ലയായ റസുവയിൽ മഹാദുരന്തമുണ്ടാകുന്നത്. ഭോട്ടെ കോശി, തൃശൂലി നദികളിലേക്ക് കൂറ്റൻ മലവെള്ളപ്പാച്ചിൽ കുതിച്ചെത്തി. കാർമേഘമോ മഴയോ ഇല്ലാതെ അണക്കെട്ട് പൊട്ടിയൊഴുകുംപോലെ ഇരമ്പിയെത്തിയ ചെളിവെള്ളം തിമുറെ, സ്യാഫ്രുബെസി തുടങ്ങിയ അതിർത്തി ഗ്രാമങ്ങളെ നിമിഷനേരംകൊണ്ടാണ് തകർത്തെറിഞ്ഞത്.
സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിലുള്ള ടിബറ്റൻ അതിർത്തിയിലെ ലെൻഡെ നദീതടത്തിലേക്ക് ഹിമാനിയുടെ വലിയൊരു ഭാഗവും കൂറ്റൻ മഞ്ഞുമലയും ഭീമൻ പാറകളും ഇടിഞ്ഞുവീണതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ കാരണം നദിയിൽ താൽക്കാലിക ജലസംഭരണി രൂപപ്പെടുകയും, മിനിറ്റുകൾക്കുള്ളിൽ ഇത് തകർന്ന് ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളം താഴേക്ക് ഇരച്ചെത്തുകയും ചെയ്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഭൂകമ്പത്തിന് തുല്യമായ റിക്ടർ സ്കെയിലിൽ 5.2 തീവ്രത കാണിച്ച ശക്തമായ മണ്ണിടിച്ചിലാണ് പ്രകമ്പനത്തിന് കാരണമായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കുന്നു.
800-ലേറെ പേരെ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. അതിൽ 400-ഓളം പേർ വിദേശികളാണ്. കൈലാസ മാനസസരോവർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഷാ ഫൗണ്ടേഷന്റെ 77 പേരടക്കം 100-ലേറെ ഇന്ത്യക്കാരെയും കാണാതായിട്ടുണ്ട്. നിർമ്മാണത്തിലായിരുന്ന ജലവൈദ്യുത പദ്ധതികളും 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്' അടക്കമുള്ള പാലങ്ങളും 200-ഓളം വലിയ ട്രക്കുകളും ഒഴുകിപ്പോയി.നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ സ്യാഫ്രുബെസിയിലും തിമുറെയിലും തിരച്ചിൽ ഊർജിതമാണ്.
രക്ഷാപ്രവർത്തനത്തിനായി അവശ്യ മരുന്നുകളടക്കം 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യൻ സൈന്യം കാഠ്മമ്ഡുവിലെത്തിച്ചു. കൈലാസ തീർത്ഥാടകരെയും ബന്ധുക്കളെയും കുറിച്ച് വിവരങ്ങൾ അറിയാൻ നേപ്പാളിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്: +977 985 131 6807. +977 970 910 7500
അതേസമയം, പ്രളയഭീതി ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. ബിഹാറിലെയും യുപിയിലെയും നദികളിൽ ഒഴുക്ക് ശക്തമായതോടെ നിരവധിയാളുകളെ മാറ്റിപാർപ്പിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
മുൻകരുതലായി വാത്മീകിനഗർ ബാരേജിന്റെ 36 ഷട്ടറുകളും ബിഹാർ സർക്കാർ തുറന്നു. അതിർത്തി ജില്ലകളിൽ NDRF സംഘങ്ങളെ വിന്യസിച്ച്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്.
Content Highlights: A massive GLOF (Glacial Lake Outburst Flood) struck Rasuwa district in northern Nepal without any rain., Over 800 people are missing, including 177 Indian nationals and Isha Foundation pilgrims returning from Kailash Mansarovar, Indian Air Force and Nepal Army are leading intense rescue operations with relief materials., High alert issued in bordering Indian states like Bihar and Uttar Pradesh, opening barrage shutters.