ലക്ഷങ്ങളുടെ ബാഗും ലക്ഷ്വറി കാറുകളും; നേപ്പാളിലെ നെപോ കിഡ്‌സ് കലാപത്തിന് കാരണമായതെങ്ങനെ ?

സിനിമയിലും ബിസിനസിലും രാഷ്ട്രീയത്തിലുമെല്ലാംം തിളങ്ങിനില്‍ക്കുന്ന പ്രമുഖരായ വ്യക്തികളുടെ മക്കളെയാണ് നെപ്പോ കിഡ്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. നേപ്പാളിലെ ജെന്‍സീ കലാപത്തില്‍ രാഷ്ട്രീയപ്രമുഖരുടെ മക്കള്‍ക്കെതിരേയും ജനരോഷം ആളിക്കത്തിയിരുന്നു. സാധാരണക്കാരായ നേപ്പാളികള്‍ തൊഴിലില്ലായ്മ, വര്‍ധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരടിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ കുട്ടികള്‍ - അഥവാ 'നെപോ കിഡ്‌സ്' എന്ന വിഭാഗം ആഡംബരജീവിതത്തിനായി കോടികളാണ് ചിലവിട്ടുകൊണ്ടിരുന്നത്. അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഡിസൈനര്‍ ബാഗുകളും ലക്ഷ്വറി വാഹനങ്ങളും വിദേശയാത്രകളും ഉള്‍പ്പെട്ട ലാവിഷ് ലൈഫിന്റെ അപ്‌ഡേറ്റുകള്‍ നിറയുന്നതിനെ നേപ്പാളിലെ ജനത ചോദ്യം ചെയ്തു.

നേപ്പാളി യുവത്വം സര്‍ക്കാരിനെതിരെയാണ് പ്രക്ഷോഭം നയിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മക്കെതിരേയുള്ള ജനരോഷമാണ് ജെന്‍സീ കലാപമായി മാറിയത്. സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ യുവജനങ്ങളുടെ പ്രതിഷേധച്ചൂടില്‍ പൊള്ളി.  പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്ക് രാജിവെച്ചൊഴിയേണ്ടി വന്നു. പ്രകടനക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ നിരവധിപേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  കലാപക്കളത്തിലെത്തിയ  യുവത  നേപ്പാളിലെ നെപ്പോ കിഡ്‌സിന്റെ ആഡംബരജീവിതത്തെയും ചോദ്യം ചെയ്തു. നെപോ കിഡ്'സിന്റെ ലക്ഷ്വറി ജീവിതം എങ്ങനെയാണ് ജെന്‍സീ കലാപത്തില്‍ പങ്കുവഹിച്ചത്. പരിശോധിക്കാം.

പ്രതിഷേധത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ എന്നിവയ്ക്ക് കലാപകാരികള്‍ തീയിട്ടിരുന്നു. നേപ്പാള്‍ പാര്‍ലമെന്റും അവര്‍ അക്രമിച്ചു. സാമ്പത്തിക അസമത്വമാണ് കലാപത്തിന് പ്രധാനകാരണമായത്. 

രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം എടുത്തുകാണിക്കുന്ന പോസ്റ്റുകളും വീഡിയോകളും ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്‌സ് എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചു. #PoliticiansNepoBabyNepal, #NepoBabies തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് വന്‍ റീച്ച് ലഭിച്ചു. ഈ പോസ്റ്റുകളില്‍ ആഡംബര കാറുകള്‍, വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍, വിദേശത്തെ ഫൈന്‍ ഡൈനിംഗ്, എക്‌സ്‌ക്ലൂസീവ് വെക്കേഷന്‍ സ്‌പോട്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ സാധാരണക്കാരായ നേപ്പാളികളുടെ പ്രളയം, വൈദ്യുതി മുടക്കം, ഭക്ഷ്യവില വര്‍ധന എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ രാഷ്ട്രീയ കുടുംബങ്ങള്‍ക്കെതിരെ സാധാരണക്കാരായ ജനങ്ങളുടെ നീണ്ടകാലത്തെ പ്രതിഷേധമാണ് തെരുവുകളിലും സാമൂഹികമാധ്യമങ്ങളിലൂടെയും നിറഞ്ഞുകണ്ടത്.

നേപ്പാള്‍ മുന്‍ ആരോഗ്യ മന്ത്രി ബിരോധ് ഖതിവാഡയുടെ മകളും മുന്‍ മിസ് നേപ്പാളുമായ ശൃംഖല ഖതിവാഡയെ പ്രതിഷേധക്കാര്‍ നെപ്പോ കിഡ് വിഭാഗത്തിന്റെ ഐക്കണായി കണക്കാക്കി. വിദേശ യാത്രകളും ലക്ഷ്വറി ജീവിതവും കാണിക്കുന്ന അവരുടെ വീഡിയോകള്‍ അതിവേഗം വൈറലായി. പ്രതിഷേധക്കാര്‍ അവരുടെ കുടുംബ വീടിനും തീയിടുകയുണ്ടായി. കലാപം രൂക്ഷമായതോടെ  ശൃംഖലയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്.

പ്രശസ്ത ഗായികയും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദിയുബയുടെ മരുമകളുമായ ശിവന ശ്രേഷ്ഠ ആഡംബര വീടുകളും വിലകൂടിയ വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളും പതിവായി  സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കാറുണ്ട്. കോടികളുടെ സ്വത്തുമായി ജീവിയ്ക്കുന്ന രാഷ്ട്രീയ കുടുംബങ്ങള്‍ക്ക്  ഉദാഹരണമായി  ശിവനയേയും അവരുടെ ഭര്‍ത്താവ് ജയ്വീര്‍ സിംഗ് ദിയുബയെയും സാമൂഹികമാധ്യമങ്ങളിലൂടെ ജെന്‍സീ കലാപക്കാര്‍ ലക്ഷ്യമിട്ടു.

സാധാരണ ജനങ്ങള്‍ തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും കഴിയുമ്പോള്‍  ലക്ഷങ്ങളുടെ വിലവരുന്ന ഹാന്‍ഡ്ബാഗുകളുടെ പോസ്റ്റ്  സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ കൊച്ചുമകള്‍ സ്മിത ദഹല്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി. നിയമമന്ത്രി ബിന്ദു കുമാര്‍ ഥാപയുടെ മകന്‍ സൗഗത് ഥാപയെ ലക്ഷ്വറി സാധനങ്ങളാല്‍ നിറഞ്ഞ ജീവിതം നയിക്കുന്ന വ്യക്തിയായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രക്ഷോഭക്കാരികള്‍ എടുത്തുകാട്ടിയത്. പ്രതിഷേധം ശക്തി പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

ജനം ദാരിദ്ര്യം കൊണ്ട് മരിക്കുമ്പോള്‍, ഈ 'നെപ്പോ കിഡ്സ്' ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു' എന്ന് പ്രഖ്യാപനവുമായാണ് പ്രതിഷേധക്കാര്‍ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും ഈ കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടത്. പ്രമുഖരുടെ വീഡിയോകള്‍ക്ക് നേരെയും ഈ പ്രതിഷേധങ്ങള്‍ ശക്തമായി.

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ സംഘടനയുടെ കണക്ക് പ്രകാരം നേപ്പാള്‍ ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍, പോഖ്‌റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണത്തിനിടെ കുറഞ്ഞത് 71 ദശലക്ഷം ഡോളര്‍ തട്ടിയെടുത്തതായി ഒരു പാര്‍ലമെന്ററി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു കേസില്‍, ഭൂട്ടാനില്‍ നിന്ന് കുടിയിറക്കപ്പെട്ട നേപ്പാളിലെ വംശീയ വിഭാഗക്കാര്‍ക്കായി നീക്കിവെച്ച അഭയാര്‍ത്ഥി ക്വാട്ട വിറ്റതിന് രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. നിരന്തരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ശിക്ഷാനടപടികള്‍ അവിടെ അപൂര്‍വമാണ്. ഇത് സമ്പന്നരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കുകയാണെന്ന ജനങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിപ്പിക്കുകയാണുണ്ടായത്.

ഗവണ്‍മെന്റ്  സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ജനങ്ങളുടെ പ്രതിഷേധത്തിന്  ആക്കംകൂട്ടി. തൊഴിലില്ലായ്മയ്ക്കും  അഴിമതിയ്ക്കും സാമ്പത്തിക അസമത്വങ്ങള്‍ക്കുമെതിരേയുള്ള വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് കലാപത്തിലേയ്ക്ക് നയിച്ചത്. മൂന്നുദിവസത്തെ രക്തരൂക്ഷിതമായ പ്രക്ഷോഭത്തിന്റെ ഒടുവില്‍ യുവജനങ്ങളുടെ ആവശ്യപ്രകാരം സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.

inshort-Nepal`s Jenjee protests erupted over economic inequality, fueled by outrage at the lavish lifestyles of politicians` children, the `Nepo Kids`.


 

Content Highlights: Nepal`s gen z Uprising: How `Nepo Kids` Fueled the Protests