അപ്രത്യക്ഷമായ കപ്പൽ, വൈകിയ തിരച്ചിൽ, ആരോപണങ്ങൾ; എംവി കൈരളിക്ക് സംഭവിച്ചതെന്ത്?
1979 ജൂൺ 30. ഗോവയിലെ മൊർമുഗാവോ തുറമുഖത്തു നിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമ്മനിയിലെ റോസ്‌റ്റോക്കിലേക്കായിരുന്നു എംവി കൈരളിയുടെ ആ യാത്ര. ക്യാപ്റ്റൻ കോട്ടയം സ്വദേശി മരിയദാസ് ജോസഫ്. ചീഫ് എൻജിനീയർ എറണാകുളം സ്വദേശി അബി മത്തായി. റേഡിയോ ഓഫീസർ മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയൻ. അങ്ങനെ 23 മലയാളികളുൾപ്പെടെ 51 പേർ സഞ്ചരിച്ച കപ്പൽ. യാത്രക്കിടെ പെട്ടെന്ന് അറബിക്കടലിൽ വെച്ച് കപ്പൽ അപ്രത്യക്ഷമാവുന്നു. കപ്പൽ എങ്ങനെ, എവിടെ മുങ്ങി എന്നതിന് യാതൊരു ഉത്തരവുമില്ല. കപ്പലിന്റെ ബാക്കിയോ, കപ്പലിലെ ഏതെങ്കിലും ജീവനക്കാരുടെ മൃതദേഹമോ, വസ്ത്രമോ കിട്ടിയില്ല. ഒരു എണ്ണപ്പാടപോലും ബാക്കിയുണ്ടായില്ല. കപ്പൽ അപ്രത്യക്ഷമായി 12 ദിവസം കഴിഞ്ഞാണ് തിരച്ചിൽ ആരംഭിക്കുന്നത് എന്നയിടത്തു തുടങ്ങുന്നു, ദുരൂഹത. അങ്ങനെ ചോദ്യങ്ങളും ദുരൂഹതകളും മാത്രമുള്ള 46 വർഷം... ഇപ്പോൾ ആ സംഭവം തിരശ്ശീലയിലേക്കുമെത്തുന്നു. എന്താണ് സിനിമയ്ക്ക് ആധാരമാകുന്ന എംവി കൈരളി തിരോധാനം?
നോർവെയിൽ നിർമ്മിച്ച ചരക്കുകപ്പൽ 1967-ലാണ് നീറ്റിലിറക്കിയത്. അന്ന് കപ്പലിന്‌റെ പേര് സാഗ സോഡ് എന്നായിരുന്നു. പിന്നീട് 1976 ഫെബ്രുവരി 14-ന് കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോർപ്പറേഷൻ വാങ്ങിയതോടെ അത് എംവി കൈരളിയായി. 5.81 കോടി രൂപ എന്ന പൊന്നുംവില നൽകിയായിരുന്നു കപ്പൽ സ്വന്തമാക്കിയത്. 1976 മുതൽ 1979 വരെ മൂന്ന് വർഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തുടനീളം സഞ്ചരിച്ചു.
ഒടുക്കം 1979 ജൂൺ 30-ന് റോസ്‌റ്റോക്കിലേക്ക് കപ്പൽ യാത്ര തിരിച്ചു. നാല് ദിവസംകൊണ്ട് ഗോവയിൽ നിന്ന് 500 മൈലിലേറെ ദൂരം കപ്പൽ പിന്നിട്ടു. ഇതിനിടെ എൻജിൻ മുറിയിൽ ഒരു ബോയ്‌ലർ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താത്ക്കാലികമായി റിപ്പയർ ചെയ്‌തെന്നും കപ്പലിൽനിന്ന് ക്യാപ്റ്റൻ മരിയദാസ് ജോസഫിന്റെ സന്ദേശം വന്നു. അതായിരുന്നു അവസാന സന്ദേശം. എന്നാൽ ജൂലായ് മൂന്നിന് രാത്രി എട്ട് മണിക്ക് ശേഷം കപ്പലിൽനിന്ന് റേഡിയോ സന്ദേശങ്ങളൊന്നും ലഭിക്കാതെയായി. ജൂലൈ എട്ടിന് ആഫ്രിക്കൻ തീരമായ ജിബൂത്തിയിൽ നിന്ന് ഇന്ധനം നിറക്കേണ്ടിയിരുന്ന കൈരളി ജൂലൈ പതിനൊന്നായിട്ടും അവിടെ എത്തിയില്ല. ഇക്കാര്യം ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെയാണ് കപ്പൽ മുങ്ങിയതായി കേരള ഷിപ്പിങ് കോർപ്പറേഷൻ തിരിച്ചറിയുന്നത്. അതോടെ ജൂലൈ 15-ന് കേരളത്തിലെ പത്രങ്ങളിൽ എം.വി കൈരളിയെ കാണാനില്ലെന്ന വാർത്തകൾ നിറഞ്ഞു.
ഇതോടെ അന്വേഷണങ്ങളും ചോദ്യങ്ങളുമായി ജീവനക്കാരുടെ ബന്ധുക്കൾ ഷിപ്പിങ് കോർപ്പറേഷനെ സമീപിച്ചു. സൂപ്പർസോണിക്ക് വിമാനങ്ങളും യുദ്ധകപ്പലുകളുമുപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.. വിവരങ്ങളൊന്നും കിട്ടിയില്ല... പ്രതീക്ഷയോടെ കാത്തിരിക്കുക എന്നത് മാത്രമായിരുന്നു അവരുടെ മറുപടി. കപ്പലിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാതിരുന്ന ഉടൻ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിൽ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താനാകുമായിരുന്നുവെന്ന്, കോർപ്പറേഷന്റെ അനാസ്ഥയാണ് അന്വേഷണം വൈകിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളും മാധ്യമങ്ങളും ആരോപിച്ചു. എന്നാൽ കമ്യൂണിക്കേഷൻ മോശമായതിന് ടെലിഗ്രാഫ് ഓഫീസിനെ കുറ്റം പറഞ്ഞ് കോർപ്പറേഷൻ ഈ ആരോപണങ്ങളെ തള്ളികളഞ്ഞു. സൂപ്പർ സോണിക് വിമാനങ്ങളും യുദ്ധകപ്പലുകളുമെല്ലാം ഉപയോഗിച്ച് രണ്ടാഴ്ചകാലം ഇന്ത്യന് നാവികസേനയുടെ നേതൃത്വത്തിൽ കപ്പലിനായി തിരച്ചിൽ നടത്തിയെങ്കിലും കപ്പലിനെയോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. യെമനിലെ സെക്കോത്ര ദ്വീപിന് സമീപത്ത് കൂടി കൈരളിയോട് സാമ്യമുള്ള ഒരു കപ്പൽ പോകുന്നത് കണ്ടുവെന്ന ഒരു വിവരം ലഭിച്ചെങ്കിലും ആ വഴിയിലുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. സെപ്റ്റംബർ 25ന് കേരളാ സർക്കാറും കപ്പലിന്റെ തിരോധാനം സമ്മതിച്ചു.
ഇതിനിടെ കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കൾ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങി. സമ്മർദം കൂടിയതോടെ അന്വേഷണത്തിനായി ഷിപ്പിങ് കോർപ്പറേഷൻ ഒരു കമ്മറ്റിയെ നിയോഗിച്ചു. കൊച്ചിയിലെ മർക്കന്റയിൽ മറൈൻ ഡിപ്പാർട്ടുമെന്റിലെ സർവേയർ ഇൻ ചാർജ് കെ.ആർ. ലക്ഷ്മണ അയ്യരും പ്രൊഫസർ ബാബു ജോസഫുമായിരുന്നു അംഗങ്ങൾ. കൂറ്റൻ തിരമാലകളിൽപ്പെട്ട് ചരക്കുകൾ സ്ഥാനം തെറ്റി കപ്പൽ തകർന്ന് മുങ്ങി, കടൽക്കൊള്ളക്കാർ തട്ടിയെടുത്തു തുടങ്ങി നിരവധി നിഗമനങ്ങളിൽ കമ്മിറ്റിയെത്തി.
കപ്പൽ കണ്ടെത്തിക്കൊടുക്കാമെന്ന വാഗ്ദാനവുമായി കുവൈത്ത് ആസ്ഥാനമായുള്ള 'പാൻ അറബ് ഷിപ്പിങ് ആന്റ് ട്രാൻസ്‌പോർട്ടിങ് കോർപ്പറേഷ'ന്റെ മാനേജിങ് ഡയറക്ടർ ജോർജ് ഡാനിയൽ രംഗത്തെത്തിയത് ഇതേസമയത്താണ്. കപ്പൽ മുങ്ങിയിട്ടില്ലെന്നും തന്റെ കമ്പനി കണ്ടുപിടിച്ചു തരാമെന്നുമായിരുന്നു ജോർജ് ഡാനിയലിന്റെ വാഗ്ദാനം. കണ്ടുപിടിച്ചുതന്നാൽ മാത്രം 2.8 ലക്ഷം പ്രതിഫലം തരണമെന്നും ജോർജ് ഡാനിയൽ ഷിപ്പിങ് കോർപ്പറേഷന് സന്ദേശമച്ചു. പഴയ കപ്പലുകൾ പൊളിക്കുന്ന കമ്പനിയായിരുന്നു പാൻ അറബ്. എന്നാൽ ഈ വാഗ്ദാനത്തോട് പ്രതികരിക്കാൻ ഷിപ്പിങ് കോർപ്പറേഷൻ തയ്യാറായില്ലെന്ന് കപ്പൽ അന്വേഷണ കമ്മീഷൻ അംഗം പ്രൊഫസർ ബാബു ജോസഫ് പിന്നീട് തന്റെ ബ്ലോഗിലെഴുതി. ചർച്ചകൾ നടത്തിയിരുന്നെങ്കിലും കമ്പനി പിന്നീട് വ്യവസ്ഥകളിൽനിന്ന് പിന്മാറിയെന്നായിരുന്നു ഷിപ്പിങ് കോർപ്പറേഷന്റെ നിലപാട്.
ഇതിനിടെ കപ്പലിന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാണാതായാവരുടെ കുടുംബം തലസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കയറിയിറങ്ങി. 1980-ൽ ആവശ്യവുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമീപിച്ചു. അന്വേഷണം നടത്താൻ ഉത്തരവ് നൽകിയെങ്കിലും ഷിപ്പിങ് കോർപ്പറേഷൻ ഒരു കുലുക്കവുമില്ലാതെയിരുന്നു.
കപ്പൽ മുങ്ങിയതാവാനാണ് സാധ്യതയെന്നാണ് മിക്കവാറും കപ്പൽ വിദഗ്ധരും ശാസ്ത്രീയ പഠനങ്ങളും പറയുന്നത്. പ്രധാനമായും അഞ്ച് നിഗമനങ്ങളാണുള്ളത്
1) ചരക്കിന്റെ ദ്രവീകരണം
ജൂലൈ മാസത്തിൽ, അതായത് മഴക്കാലത്ത്, ഉയർന്ന ഈർപ്പം ഉള്ളതും ഗതാഗതയോഗ്യമായ ഈർപ്പം പരിധി കവിയുന്നതുമായ ചരക്കുകൾ കപ്പലിൽ കയറ്റിയിട്ടുണ്ടാകാനാണ് സാധ്യത. ഇത് ചരക്ക് ദ്രവീകൃതമാകാനും ഒടുവിൽ കപ്പൽ മറിഞ്ഞുപോകാനും കാരണമായേക്കാമെന്നാണ് ഒരു നിഗമനം.
2) അധിക ചരക്ക്
കൈരളിയിൽ ജോലി ചെയ്തിരുന്ന ഒരു ക്രൂ അംഗം പറയുന്നതനുസരിച്ച് , 19,000 ടൺ ശേഷിയുള്ള കപ്പലിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചുകൊണ്ട് 20,500 ടൺ ഇരുമ്പയിര് കൊണ്ടുപോയി എന്നാണ്. ചരക്ക് കയറ്റിയതിനുശേഷം സന്തുലിതമാക്കുന്നതിനുള്ള നിർബന്ധിത പ്രക്രിയയും പാലിച്ചില്ല. ഇതുമൂലം ഇകുമ്പയിര് കൂറ്റൻ തിരമാലകളിൽ മുങ്ങിപ്പോയെന്നാണ് അടുത്ത സാധ്യത
3) തകരാറുള്ള റഡാർ
കപ്പലിലെ റഡാർ തകരാർ ജൂലൈ 3 ന് രാവിലെ എംവി കൈരളിയിലെ ക്യാപ്റ്റൻ മരിയദാസ് ജോസഫ് സൂചിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിച്ച് യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഷിപ്പിങ് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ അന്ന് തന്നെ തുറമുഖം വിടണമെന്ന് നിർദേശിച്ചു. ഉദ്യോഗസ്ഥനും ക്യാപ്റ്റനും തമ്മിൽ ഇതിന്റെ പേരിൽ തർക്കവും നടന്നു. റഡാറിലെ ഈ തകരാറാവാം കപ്പലിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന ആരോപണവും ഉയർന്നു.
4) മോശം കാലാവസ്ഥ
മോശം കാലാവസ്ഥയും ശക്തമായ തിരമാലകളും കാരണം കപ്പൽ കഷണങ്ങളായി തകർന്ന് കടലിൽ മുങ്ങിയിരിക്കാമെന്നും ഇതിനിടെ വാദങ്ങളുണ്ടായി.
5) കടൽക്കൊള്ളക്കാരുടെ ആക്രമണം
കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി, ശേഷം ജീവനക്കാരെ ജനവാസമില്ലാത്ത ദ്വീപുകളിലേക്കും കപ്പൽ മറ്റൊരു സ്ഥലത്തേക്കും കൊണ്ടുപോയി എന്നാണ് മറ്റൊരു നിഗമനം. കപ്പലിലെ റഡാറിന് തകരാറുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നതിനാൽ, കപ്പൽ ആക്രമിക്കുന്നതിനുമുമ്പ് കടൽക്കൊള്ളക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഇതിനെ പിന്തുണയ്ക്കുന്ന വിശദീകരണം.
ഈ നിഗമനങ്ങൾക്കെല്ലാം പുറമെ ഷിപ്പിങ് കോർപ്പറേഷനെതിരെ ആരോപണങ്ങളും ശക്തമായിരുന്നു. 6.40 കോടി രൂപയാണ് കപ്പൽ കാണാതായ വകയിൽ കോർപ്പറേഷന് ഇൻഷൂറൻസ് കമ്പനികളിൽനിന്ന് ലഭിച്ചത്. എന്നാൽ അഞ്ചുവർഷം കേസ് നടത്തിയശേഷമാണ് ഇൻഷുറൻസ് തുക കാണാതായവരുടെ ബന്ധുക്കൾക്ക് ലഭിച്ചത്. അതും 37,730 രൂപ വീതം. കപ്പൽ കണ്ടെത്തുന്നതിന് പകരം ഇൻഷുറൻസ് തുക വാങ്ങിയെടുക്കാനാണ് കോർപ്പറേഷൻ താൽപര്യം കാണിച്ചതെന്നായിരുന്നു പ്രധാന ആരോപണം. വലിയ നഷ്ടത്തിലായിരുന്ന ഷിപ്പിങ് കോർപ്പറേഷന് ഇൻഷൂറൻസ് തുക വലിയ ആശ്വാസമായതാണ് മൊത്തത്തിലുള്ള വിലയിരുത്തൽ. ഇതിനുപുറമെ ഷിപ്പിങ് കോർപ്പറേഷനിൽ കടൽയാത്രയെക്കുറിച്ചോ ചരക്കുനീക്കത്തെക്കുറിച്ചോ വൈദഗ്ധ്യമുള്ള ആരുമുണ്ടായിരുന്നില്ല, സെക്കന്റ് ഹാൻഡ് കപ്പൽ വാങ്ങിയതിൽ അഴിമതി നടന്നു തുടങ്ങി വേറെയും ആരോപണങ്ങളുണ്ടായി.
ആരോപണങ്ങളും നിഗമനങ്ങളുമായി 46 വർഷം കഴിഞ്ഞുപോയപ്പോൾ നഷ്ടം ഉറ്റവരെവിടെയെന്ന് എന്നറിയാത്ത ബന്ധുക്കൾക്കാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് നടുവിലും പ്രതീക്ഷയോടെ അവരെ കാത്തിരുന്നവർക്കാണ്. കഴിഞ്ഞ 46 വർഷങ്ങളായി.
Inshort: The MV Kairali vanished in 1979 with 51 onboard. Explore the theories, controversies, and unanswered questions surrounding this maritime enigma.
Content Highlights: The MV Kairali Enigma: Unraveling the Mystery of a Vanished Cargo Ship