63 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്, സോഷ്യൽ മീഡിയ ഐക്കൺ; ആരാണ് ബിഹാറിലെ പ്രായം കുറഞ്ഞ MLA മൈഥിലി താക്കൂർ
ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളിലൊന്ന് മൈഥിലി താക്കൂറിന്റെ വിജയമായിരുന്നു. കേവലം ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം ബിജെപിയില്‍ അംഗത്വമെടുത്ത ഈ 25-കാരിയെ അലിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ സ്റ്റാര്‍ കാന്‍ഡിഡേറ്റായാണ് ബിജെപി അവതരിപ്പിച്ചത്. മൈഥിലി ഠാക്കൂര്‍ ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി ബിനോദ് മിശ്രയ്ക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ, ഈ മണ്ഡലത്തില്‍ ബി.ജെ.പി. ചരിത്രം കുറിക്കുകയും ചെയ്തു.
ബിനോദ് മിശ്രയെക്കാള്‍ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൈഥിലി വിജയിച്ചത്. അലിനഗര്‍ നിയമസഭാ സീറ്റിനെ സംബന്ധിച്ചിടത്തോളം ഈ വിജയം ഒരു നാഴികക്കല്ലാണ്. 2008-ല്‍ മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായാണ് ഇവിടെനിന്ന് ഒരു ബി.ജെ.പിയ്ക്ക് ഒരു എം.എല്‍.എയെ ലഭിക്കുന്നത്. അങ്ങനെ മുസ്ലീം ഭൂരിപക്ഷമുള്ള അലിനഗറില്‍ വിജയിക്കുന്ന ആദ്യ ബിജെപി സ്ഥാനാര്‍ഥി എന്ന നേട്ടവും മൈഥിലിക്ക് സ്വന്തം. ഇന്‍സ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന കൃത്യമായ കണക്കുകൂട്ടല്‍ ബിജെപിക്കുണ്ടായിരുന്നു. ബിഹാറിലെ നാടന്‍ പാട്ടുകളിലൂടെയും ഭജന്‍സിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് മൈഥിലി ജനപ്രീതി നേടിയത്. ചെറുപ്പക്കാരുടെ വോട്ടിനായ ജെന്‍സീ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുക എന്ന ബിജെപിയുടെ തന്ത്രം വിജയിച്ചു. ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ. എന്ന റെക്കോര്‍ഡ് മൈഥിലിയുടെ വിജയത്തിനൊപ്പം ചേര്‍ന്നു. ഇതിനുമുമ്പ്, തേജസ്വി യാദവും തൗസീഫ് ആലവുമായിരുന്നു ഇത് പങ്കിട്ടിരുന്നത്.2015-ല്‍ രഘോപൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസായിരുന്നു തേജസ്വിയുടെ പ്രായം. ഇതേ പ്രായത്തില്‍ 2005-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചാണ് തൗസീഫ് വിജയിച്ചത്.
മൈഥിലിയുടെ ശക്തമായ ഡിജിറ്റല്‍ സാന്നിധ്യം യുവ വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സാംസ്‌കാരികപരമായ സ്വാധീനത്തിലൂടെയും സംസ്ഥാനത്തിന്റെ നാടന്‍ പാരമ്പര്യങ്ങളോടുള്ള ബന്ധംകൊണ്ടും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അവരെ നേരത്തെ ബിഹാറിന്റെ 'സ്റ്റേറ്റ് ഐക്കണ്‍' ആയി നാമകരണം ചെയ്തിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് യൂട്യൂബില്‍ റിലീസ് ചെയ്ത രാമഭജന്‍ വീഡിയോകളിലൂടെ താക്കൂറിന്റെ പ്രശസ്തി വര്‍ധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ കേട്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയത് എന്നാണ് മൈഥിലി പറഞ്ഞത്. ജയിച്ചാലും തോറ്റാലും ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താക്കൂര്‍ വ്യക്തമാക്കിയിരുന്നു. മൈഥിലിയുടെ രാഷ്ട്രീയ കാമ്പെയ്ന്‍ ശ്രദ്ധേയമായത് ചില സുപ്രധാന പ്രഖ്യാപനങ്ങളാലാണ്. അലിനഗറിന്റെ പേര് സീതാനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന വാഗ്ദാനം അവര്‍ നല്‍കിയിരുന്നു.
അലിനഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും, സ്‌കൂളുകളില്‍ പാഠ്യേതര പദ്ധതിയായി മധുബാനി പെയിന്റിങ് സ്‌കൂളില്‍ പഠിപ്പിക്കും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും മൈഥിലി മുന്നോട്ട് വച്ചിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കാണുമ്പോഴുണ്ടായ ആദ്യ പ്രതികരണവും അലിനഗര്‍ സീതാനഗറാക്കുമെന്നതായിരുന്നു കൂടാതെ, 'ബിഹാറിനെ സേവിക്കുക' എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
ഇതിനിടെ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഒരു വിവാദത്തിലും അകപ്പെട്ടു. ബഹുമാനത്തോടെ കാണേണ്ട 'പാഗ്' എന്ന തലപ്പാവ് ധരിച്ചുകൊണ്ട് മഖാന കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അവര്‍ക്ക് പരസ്യമായി മാപ്പ് പറയേണ്ടിവന്നു. പക്ഷേ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല.
ഇന്ന് രാഷ്ട്രീയ രംഗത്ത് യുവാക്കളുടെ ഡിജിറ്റല്‍ സ്വാധീനം എത്രത്തോളം ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് മൈഥിലിയുടെ വിജയം നല്‍കുന്നത്. മൈഥിലി ഠാക്കൂര്‍, അലിനഗറിന്റെ വിധി മാത്രമല്ല, ബിഹാറിലെ യുവ രാഷ്ട്രീയത്തിന്റെ ഭാവിയുംകൂടിയാണ് ഇപ്പോള്‍ നിര്‍വചിച്ചിരിക്കുന്നത്.
Content Highlights: Who is Bihar's youngest MLA Maithili Thakur