ആ തീരുമാനത്തിൽനിന്നാണ് മെസ്സിയുടെ കഥ തുടങ്ങിയത് | Lionel Messi | Jorge Messi
ഇനി, ഈ യാത്രയിൽ മെസ്സി തനിച്ചാണ്. കരുതലിന്റെ ആ ശീതളച്ഛായ മാഞ്ഞുപോയിരിക്കുന്നു, എന്നെന്നേക്കുമായി. ലയണൽ മെസ്സി എന്ന റൊസാരിയോയിലെ ബാലനിൽനിന്ന് ഇന്നു കാണുന്ന ഫുട്ബോൾ ഇതിഹാസത്തിലേയ്ക്കുളള വളർച്ചയുടെ കഥ തുടങ്ങുന്നത് ഈ അച്ഛനിൽനിന്നാണ്. ജനഹൃദയങ്ങളിലേയ്ക്ക് വളർന്നു പന്തലിക്കുന്നത് ഈ അച്ഛനിലൂടെയാണ്. കാൽപന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മെസ്സി എന്ന മഹാകാവ്യം പൂർണമാവണമെങ്കിൽ ആ ജീവിതത്തിലൂടെ, ഹോർഹെ മെസ്സി എന്ന ഈ അച്ഛന്റെ കണ്ണിലൂടെ വേണം വായിക്കാൻ.
ലയണൽ മെസ്സിക്ക് അച്ഛൻ മാത്രമായിരുന്നില്ല ഹോർഹെ. വളർച്ചാ ഹോർമോണിന്റെ കുറവ് മൂലം ജീവിതവഴിയിൽ വിളറിനിന്ന ലിയോ എന്ന റൊസാരിയോയിലെ ബാലന്റെ ജീവിതം അടിമുടി മാറിമറിഞ്ഞിട്ടുണ്ടെങ്കിൽ, കാലം ആ ജീവിതം കമ്പോടുകമ്പ് മാറ്റിയെഴുതിയിട്ടുണ്ടെങ്കിൽ, അതിന്റെ ബഹുമതിയത്രയും മകന്റെ പ്രതിഭയ്ക്കുവേണ്ടി സ്വജീവിതമത്രയും മാറ്റിവെച്ച ആ അച്ഛനുള്ളതാണ്. ആ ജീവിതത്തിൽനിന്നാണ് ലിയോയുടെ കഥ ആരംഭിക്കുന്നത്. അത് വളർന്ന് ലോകംമുഴുവൻ ഇതിഹാസതുല്ല്യമായി പടർന്നു പന്തലിച്ചു നിൽക്കുന്നത്. മാഞ്ഞുപോകുന്ന ഈ ശീതളച്ഛായപോലെ മറ്റൊന്നും, ഒരു തോൽവിയും ലയണൽ മെസ്സിയെ അത്രമേൽ തകർത്തു കളഞ്ഞിട്ടുണ്ടാകില്ല.
2026 ലോകകപ്പിൽ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അൾജീരിയക്കെതിരെയുള്ള ആദ്യമത്സരത്തിൽ കരഞ്ഞുകലങ്ങിയ മെസ്സിയുടെ കണ്ണുകളിൽ നമ്മളത് കണ്ടു. സുവർണമുദ്ര പതിപ്പിച്ച ആ ഹാട്രിക്കിനേക്കാൾ അത് നമ്മുടെ മനസ്സിൽ തങ്ങിനിന്നു. അച്ഛൻ മഹാരോഗത്തിന്റെ ടാക്ലിങ്ങിൽ വീണുപോയ കഥ അന്നാണ് ലോകമറിഞ്ഞത്.
കലാശപ്പോരിനുശേഷമുള്ള മെസ്സിയുടെ കണ്ണീരിനേക്കാൾ ആർദ്രമായിരുന്നു, ഉള്ളുലയ്ക്കുന്നതായിരുന്നു കാൻസാസിൽ അന്ന് പൊഴിഞ്ഞ ആ കണ്ണീർ. ആ വേദന ഉള്ളിലടക്കിയാണ് കലാശപ്പോര് വരെ മെസ്സി ഇന്ദ്രജാലം കാട്ടിയത്, ഗോളുകൾ അടിച്ചുകൂട്ടിയത്, അവിശ്വസനീയമായ തിരിച്ചുവരവുകളുടെ അമരക്കാരനായത്. എന്നാൽ, ഹോർഹെയ്ക്ക് ജീവിതത്തിൽ ഒരു തിരിച്ചുവരവ് ഉണ്ടായില്ല. ലോകകപ്പ് കഴിഞ്ഞ് ഒരു മാസം തികയുംമുൻപ് തന്നെ കാലം ആ ജീവിതത്തിന് അവസാന വിസിലൂതി.
Content Highlights: Lionel Messi and Father Jorge Messi: The Untold Story of a Legend