വെറുമൊരു സാമ്പത്തിക കരാറല്ല; യൂറോപ്യൻ യൂണിയനുമായുള്ളത് രാഷ്ട്രീയ–തന്ത്രപരമായ നീക്കം | EXPLAINED
ലോകത്തിലെ രണ്ട് വലിയ സമ്പദ്വ്യവസ്ഥകൾ തമ്മിൽ ഒരുമിക്കുന്നു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറിനെ ലോകം നോക്കിക്കാണുന്നത് അങ്ങനെയാണ്. 18 വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമാണ് ഈ കരാർ നിലവിൽ വരുന്നതോടെ വിരാമമാകുന്നത്. അവിടെ തീർന്നില്ല, റഷ്യയിൽ നിന്നും എണ്ണവാങ്ങിയെന്ന പേരു പറഞ്ഞ് ഇന്ത്യക്ക് മേൽ ഉപരോധമേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റിന് ഡൊണൾഡ് ട്രംപിന് വെച്ച ഒരു ചെക്ക് കൂടിയാണ് ഈ കരാർ. അമേരിക്കയേയും ചൈനയേയും ആശ്രയിക്കുന്നത് പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയനും, അതേസമയം ഇന്ത്യക്കും വൻ നേട്ടങ്ങൾ ലഭിക്കുന്ന കരാർ കൂടിയാണ് ഇതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയും, യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ ഉത്പാദന, സേവന മേഖലകൾക്ക് വലിയ ഉത്തേജനമാകും. ഇരുവിഭാഗങ്ങളും തീരുവയിളവുകളോടെ കമ്പോളങ്ങൾ തുറക്കും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 90 ശതമാനത്തിലധികം ഉത്പന്നങ്ങൾക്കും യുറോപ്യൻ യൂണിയനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനം ഉത്പന്നങ്ങൾക്കും തീരുവയിളവ് ലഭിക്കും. ടെക്സ്റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകും. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ബിസിനസുകാർക്കും ആത്മവിശ്വാസം നൽകും. അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയുടെ കയറ്റുമതിയിൽ 50 ശതമാനത്തോളം കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സത്യത്തിൽ അന്താരാഷ്ട്ര വ്യാപാര ചതുരംഗത്തിൽ ഇന്ത്യ പുതിയ യുഗം തുടങ്ങുകയാണ്.
സാമ്പത്തിക കരാർ എന്നതിനെക്കാളുപരി രാഷ്ട്രീയ–തന്ത്രപരമായ നീക്കം കൂടിയാണ് ഇയുമായുള്ള വ്യാപാര കരാർ. ഏകദേശം ഒരു ദശകത്തിന് ശേഷം, കരാറിന്മേലുള്ള ചർച്ചകൾ വീണ്ടും സജീവമായത് വെറും സാമ്പത്തിക കാരണങ്ങൾ കൊണ്ടുമാത്രമല്ല, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് കൂടിയാണ്. യുഎസ്, ചൈന എന്നീ രാജ്യങ്ങളോടുള്ള അമിത സാമ്പത്തിക ആശ്രിതത്വം കുറയ്ക്കാൻ യൂറോപ്പ് ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞുവല്ലോ. ചൈനയെ ചുറ്റിയുള്ള ആഗോള പുനക്രമീകരണവും വ്യാപാരബന്ധവുമെല്ലാം യൂറോപ്യൻ യൂണിയന് തലവേദനയായി മാറിയ സാഹചര്യത്തിലാണ് ഒരു ബദൽ അവർ തേടുന്നത്. അങ്ങനെ കണ്ടെത്തിയ ബദലാണ് ഇന്ത്യ. അതിന് നിരവധി കാരണങ്ങളുമുണ്ട്.
ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയുള്ള രാജ്യം. ഭീമമായ ജനസംഖ്യയുണ്ട്. ജനസംഖ്യ ചുരുങ്ങാൻ തുടങ്ങുന്ന യൂറോപിന് ഇന്ത്യയുടെ വിപണി ആകർഷകമാണ്. കഴിഞ്ഞില്ല, Indo-Pacific region, Rules-based international order, സമുദ്ര സുരക്ഷ, വ്യാപാര വഴികൾ എന്നിവയിലെല്ലാം counter-balance power ആണ് ഇന്ത്യ. ഇതിൽ തന്നെ ഇൻഡോ പസഫിക് റീജയണിൽ ഇന്ത്യയുടെ പ്രാധാന്യം യൂറോപ്യൻ യൂണിയനും വലിയ നേട്ടമാകും. വ്യാപാരത്തിനും സ്വാധീനത്തിനും പുറമേ മൂല്യങ്ങൾ കൂടെ യൂറോപ്യൻ യൂണിയന് പ്രധാനമാണ്. ജനാധിപത്യം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം കൊണ്ട് ഇന്ത്യ മികച്ച ഓപ്ഷനാണ്. കരാറിന്റെ ഭാഗമായി തൊഴിൽ, പരിസ്ഥിതി വ്യവസ്ഥകൾ ഉൾപ്പെടുത്താൻ ഇയു നിർബന്ധിക്കുന്നതും ഈ രാഷ്ട്രീയ അജണ്ട പ്രകാരമാണ്.
അപ്പോൾ നേട്ടം യൂറോപ്യന് യൂണിയന് രാഷ്ട്രീയ നേട്ടം മാത്രമാണോ...? അല്ല. യൂറോപ്യൻ യൂണിയൻ പോലുള്ള വികസിത രാജ്യങ്ങളുടെ കൂട്ടായ്മ ഇന്ത്യയെ തുല്യ പങ്കാളികളായി കാണുന്നതിലൂടെ ഗ്ലോബൽ സൗത്തിൽ ഇന്ത്യക്ക് വലിയ പ്രാധാന്യം നൽകും. ഇതോടെ ചൈന-കേന്ദ്രീകൃത ലോകം- എന്നതിൽ നിന്ന് മാറി മൾട്ടി-പോളാർ പൊസിഷനിംഗിലേക്ക് കാര്യങ്ങളെത്തും. യുഎസുമായി തന്ത്രപരമായ പങ്കാളിത്തം, റഷ്യയുമായി ഊർജ്ജ, പ്രതിരോധ ബന്ധങ്ങൾ, ഇപ്പോഴിതാ യൂറോപ്യൻ യൂണിയനുമായി വ്യാപാരകരാർ... അങ്ങനെ ‘Alignment without Alliance’ അഥവാ സഖ്യമില്ലാതെ ഐക്യമെന്ന രീതിയിൽ ആഗോളരാഷ്ട്രീയ ഭൂപടത്തിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കുകയാണ് ഇന്ത്യ.
ട്രംപിന് ചെക്ക്
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ തീരുവ ചുമത്തുമെന്ന ഭീഷണികൾ, പല ഇന്ത്യൻ ഉത്പന്നങ്ങൾക്കും 50 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തി, അങ്ങനെ ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ നോക്കിയ ട്രംപിന് വലിയ തിരിച്ചടിയാണ് പുതിയ വ്യാപാര കരാർ.
സമ്മർദങ്ങൾക്കിടയിലും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം ഉയർത്തിപ്പിടിക്കുന്ന നീക്കമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വിള്ളലുകൾ വീഴുമ്പോൾ ബ്രസ്സൽസ് ഇന്ത്യയുടെ പങ്കാളിയായി മാറുകയാണ്. യൂറോപ്പും യുഎസും തമ്മിലുള്ള അകലവും കൂടിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയനെ വിട്ട് റഷ്യയുമായി ട്രംപ് ചങ്ങാത്തത്തിന് പോയത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. യുക്രൈന് ശേഷം തങ്ങൾക്ക് നേരെയും ട്രംപ് തിരിയുമോ എന്ന ഭയവും യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിനുള്ള യൂറോപ്യന് യൂണിയന്റെ മറുപടി കൂടിയാണ് ഈ കരാർ.
വ്യാപാരത്തിനപ്പുറം പ്രതിരോധം, സുരക്ഷ, തൊഴിലാളികളുടെ കുടിയേറ്റം തുടങ്ങിയ മേഖലകളിൽ ഈ കരാർ വിപുലമായ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും ഇയുവും തമ്മിലുള്ള 'സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ്' നാഴികക്കല്ലാകുമെന്നാണ് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കായ കല്ലാസ് വിശേഷിപ്പിച്ചത്. ഉഭയകക്ഷി തലത്തിൽ പ്രതിരോധ സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോയുടെ സാമ്പത്തിക സ്രോതസ്സായ 'സേഫ്' പദ്ധതിയിൽ പങ്കെടുക്കാൻ രാജ്യത്തെ കമ്പനികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അംഗരാജ്യങ്ങളുടെ പ്രതിരോധ സന്നദ്ധത വർധിപ്പിക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്.
Content Highlights: India and the EU forge a landmark Free Trade Agreement after 18 years. Discover the economic & geopolitical benefits, from tariffs to strategic alliances.