ശത്രുക്കള്‍ വിറയ്ക്കും, ഏത് പർവ്വതത്തിന് മുകളിൽ കയറിയും ആക്രമിക്കാൻ ശേഷിയുള്ള ഇന്ത്യൻ 'വാർ മെഷീൻ'
ശത്രു എത്ര ഉയരത്തിലാണെങ്കിലും ഏത് പര്‍വ്വതത്തിന് മുകളിലാണെങ്കിലും അവിടേക്ക് പറന്നെത്തി അവരെ നേരിടാനും തകര്‍ക്കാനും ശേഷിയുള്ള പ്രചണ്ഡ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തിന്റെ സ്വന്തം ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്റര്‍. ഒരു കോംപാക്റ്റ് അല്ലെങ്കില്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ നിര്‍മാണത്തിലേക്ക് ഇന്ത്യവെച്ച ആദ്യ ചുവടായിരുന്നു പ്രചണ്ഡ്. ആകാശക്കരുത്തിന് മൂര്‍ച്ഛ കൂട്ടി, ശത്രുവിനെ അവന്റെ പാളയത്തില്‍ കടന്നുകയറി ആക്രമിക്കാന്‍ ശേഷിയുള്ള റിയല്‍ വാര്‍ മെഷിന്‍.
1999-ലെ കാര്‍ഗില്‍ യുദ്ധത്തോടെയാണ് ഒരു അറ്റാക്ക് ഹെലികോപ്റ്ററിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. അന്ന് മുതല്‍ തുടങ്ങിയ ഗവേഷങ്ങളുടെ ഫലമാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മിച്ച ഇന്ത്യയുടെ അഭിമാനമായ പ്രചണ്ഡ്. 2022-ല്‍ തന്നെ പ്രചണ്ഡ് കോപ്റ്ററുകളുടെ വിരലില്‍ എണ്ണാവുന്ന യൂണിറ്റുകള്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു. ഇന്നിപ്പോള്‍ പ്രചണ്ഡിനായി എച്ച്.എ.എല്ലുമായി 62,700 കോടിയുടെ വമ്പന്‍ കരാരില്‍ ഒപ്പിട്ടിരിക്കുകയാണ് പ്രതിരോധമന്ത്രാലയം. 156 പ്രചണ്ഡ് കോപ്റ്ററുകള്‍ക്കാണ് കരാര്‍. ഇതില്‍ 90 കോപ്റ്ററുകള്‍ കരസനേയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കും ലഭിക്കും.
ഇന്ത്യയ്ക്കായി നിര്‍മിച്ച കോപ്റ്റര്‍
ഇന്ത്യയുടെ ഏറ്റവും സംഘര്‍ഷഭരിതമായ അതിര്‍ത്തിപ്രദേശങ്ങളെല്ലാം കടന്നുപോകുന്നത് പര്‍വത മേഖലകളിലൂടെയാണ്. ഇവിടങ്ങളില്‍ ശത്രു കടന്നുകയറിയാല്‍ അവരെ നേരിടാന്‍ പ്രയാസമേറെ. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വിജയം നീണ്ടുപോകാനുള്ള കാരണങ്ങളിലൊന്നും അതായിരുന്നു. വളരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററുകള്‍ പ്രതിരോധ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞത് അതോടെയാണ്. അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമെല്ലാം അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഹെലികോപ്റ്ററാണ് പ്രചണ്ഡ്.
സാധാരണ യാത്രാ-സൈനിക ഹെലികോപ്റ്ററുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. അതിര്‍ത്തികളില്‍ യുദ്ധം ചെയ്യാനായി പ്രത്യേകം നിര്‍മിച്ചെടുത്തവ. സമുദ്രനിരപ്പില്‍നിന്ന് 16,400 അടി ഉയരത്തില്‍ വരെ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന ലോകത്തെ ഏക കോംപാക്റ്റ് ഹെലികോപ്റ്റര്‍. ഉയരമുള്ള പ്രദേശങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍ എന്നിവയെ നിമിഷനേരംകൊണ്ട് തകര്‍ക്കാനും അഗ്രഗണ്യന്‍. രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷി.
പാകിസ്താനും ചൈനയ്ക്കും വെല്ലുവിളി
പൈലറ്റും കോ-പൈലറ്റ് അല്ലെങ്കില്‍ ഗണ്ണര്‍, ഇവര്‍ രണ്ടുപേരാണ് പ്രചണ്ഡിനെ നയിക്കുക. കോക്ക്പിറ്റില്‍ മുന്നില്‍ പൈലറ്റ്, പിന്നില്‍ ഗണ്ണര്‍. രണ്ടുപേര്‍ക്കുള്ള സ്ഥലമൊഴികെ ബാക്കിയെല്ലാം ആയുധനങ്ങള്‍. ഗണ്ണറുടെ തലയിലുള്ള ഹെല്‍മെറ്റ് പോലും അത്യാധുനിക കണ്ക്റ്റിവിറ്റി സംവിധാനത്തോടെയുള്ളതാണ്. ഗണ്ണര്‍ എങ്ങോട്ട് നോക്കുന്നോ അങ്ങോട്ട് ഗണ്ണും മിസൈലുമെല്ലാം പോയിന്റ് ചെയ്യും. വെടിയുതിര്‍ക്കും. ഇങ്ങനെ ടെക്‌നോളജിയിലും വമ്പനാണ് പ്രചണ്ഡ്.
എതിരാളികളുടെ കണ്ണില്‍പ്പെട്ടാലും അവര്‍ക്ക് അത്ര എളുപ്പത്തില്‍ പ്രചണ്ഡിനെ തകര്‍ക്കാനാകില്ല. 12.7 എംഎ വരെയുള്ള ബുള്ളറ്റുകളേയും കോപ്റ്റര്‍ തടുത്തിടും. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, 70 എം.എം. റോക്കറ്റ് ലോഞ്ചറുകള്‍, എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ്, ആന്റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടെ അത്യാധുനിക ആയുധശേഷിയും ഹെലികോപ്ടറിനുണ്ട്.
ഏത് കാലവസ്ഥയിലും ഭൂപ്രദേശത്തിലും പറന്നുയര്‍ന്ന് ശത്രുവിന്റെ വ്യോമപ്രതിരോധം തകര്‍ക്കാനും കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് നടത്താനും പ്രചണ്ഡിന് കഴിയും. മാക്‌സിമം ടേക്ക് ഓഫ് വെയിറ്റ് 5800 കിലോഗ്രാമാണ്. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാം. മുഴുവന്‍ ആയുധങ്ങളും വഹിച്ചുകൊണ്ട് 550 കിലോ മീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. മറ്റ് ഹെലികോപ്റ്ററുകളെക്കാള്‍ ഉയര പരിധിയുള്ളതിനാല്‍ പാകിസ്താന്‍-ചൈന അതിര്‍ത്തികളായ പര്‍വതപ്രദേശങ്ങളില്‍ ഇന്ത്യയുടെ വജ്രായുധമായും പ്രചണ്ഡ് മാറും. അരുണാചലലിലെ ഇടുങ്ങിയ താഴ്‌വരകളില്‍ പോലും എളുപ്പത്തില്‍ പറക്കാന്‍ സാധിക്കുമെന്നും പ്രചണ്ഡ് തെളിയിച്ചിട്ടുണ്ട്.
അപ്പാച്ചെയെക്കാള്‍ വമ്പന്‍, ഇന്ത്യയുടെ കരുത്ത്
2006 മുതലാണ് എച്ച്എഎല്‍ ഒരു ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. നാലോളം പ്രോട്ടോടൈപ്പുകളുണ്ടാക്കി 2010ഓടെ ആദ്യ പറക്കല്‍ നടത്തി. സിയാച്ചിന്‍ ഉള്‍പ്പെടെ വ്യത്യസ്ത ഉയരമുള്ള പ്രദേശങ്ങളില്‍ പരീക്ഷണപ്പറക്കലുകള്‍ നടത്തി. പിന്നേയും വര്‍ഷങ്ങളുടെ കാത്തിരിപ്പ്, 2022-ല്‍ ആദ്യ പ്രചണ്ഡ് കോപ്റ്ററുകള്‍ സേനയുടെ ഭാഗമാവുകയും ചെയ്തു. പുതിയ കരാര്‍ പ്രകാരമുള്ള പ്രചണ്ഡ് യൂണിറ്റുകള്‍ 2028 മുതല്‍ സേനയ്ക്ക് ലഭിച്ചുതുടങ്ങും. 2030ഓടെ 156 കോപ്റ്ററുകളും സൈന്യത്തിന്റെ ഭാഗമാകും. നിലവില്‍ അപ്പാച്ചെ, ചിനൂക്ക് ഉള്‍പ്പെടെയുള്ള ലോകോത്തര ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. എങ്കിലും ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനി ആ വമ്പന്‍മാരെക്കാള്‍ ആകാശത്ത് ഇന്ത്യയ്ക്ക് കരുത്തേകുക പ്രചണ്ഡ് കോപ്റ്ററുകളാണ്.
Content Highlights: HAL prachand indias mighty homegrown helicopter