ധോനി ഇല്ലെങ്കിൽ CSK ഇന്ന് കാണുന്ന CSK ആകുമായിരുന്നോ?
അവസാന പന്തുവരെ പ്രതീക്ഷ കൈവിടാതെ കളി കാണാൻ ആരാധകരെ പഠിപ്പിച്ചൊരു മനുഷ്യൻ. തോൽവിയുടെ വക്കിൽനിന്നുപോലും മത്സരങ്ങളുടെ ഗതി മാറ്റാനാകുമെന്ന് കാണിച്ചുതന്ന രക്ഷകൻ.
ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ അയാളെ എതിർ ടീമുകൾ പോലും ഭയന്നിരുന്നു. പ്രത്യേകിച്ച് അവസാന ഓവറുകളിൽ ക്രീസിലേക്കെത്തുന്ന ധോനിയെ. അയാൾക്കായി ഗാലറികളിൽ മഞ്ഞക്കടൽ ഇരമ്പിയാർത്തു. അയാളുടെ അവസരത്തിനായി സ്വന്തം ടീമിലെ ബാറ്റർ പുറത്തായിരുന്നെങ്കിൽ എന്ന് പോലും പ്രാർഥിച്ച ആരാധകരുണ്ട്. അത്രമേൽ ഭ്രാന്തമായ സ്നേഹമായിരുന്നു അയാളോട് ആരാധകർക്ക്. ധോണിക്കായി മറ്റെല്ലാം മറന്ന് ആർത്തുവിളിച്ച ചെന്നൈയുടെ ആ സുവർണകാലത്തിന് തിരശ്ശീല വീഴുകയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇനി ആ ഏഴാം നമ്പറുകാരനില്ല. 18 വർഷം നീണ്ട ഐപിഎൽ കരിയറിന് വിരാമമിട്ടിരിക്കുകയാണ് സാക്ഷാൽ ധോനി. പക്ഷേ കളി നിർത്തുമ്പോഴും ചെന്നൈയുമായുള്ള ബന്ധം ധോനി അവസാനിപ്പിക്കുന്നില്ല, ടീം മെന്ററായി പുതിയ ഇന്നിങ്സിന് തുടക്കമിടുകയാണ് ആരാധകരുടെ സ്വന്തം തല.
മഹേന്ദ്ര സിങ് ധോനിയെന്ന രക്ഷകന് ചെന്നൈ സൂപ്പർ കിങ്സിന്റെഉടയോൻ എന്നുകൂടിയുണ്ട് അർഥം. സ്വപ്നസുന്ദരമായൊരു കാലത്തിന്ഐ.പി.എല്ലും ചെന്നൈയും അത്രമേൽ കടപ്പെട്ടിരിക്കുന്നു, ഈ നായകനോട്. ഒരു പക്ഷേ, ധോനിയുടെ സ്വപ്നസമാനമായ ഇന്നിങ്സുകൾ ഇല്ലായിരുന്നെങ്കിൽ, ആ ഉദ്വേഗഭരിതമായ റൺചേസുകൾ ഇല്ലായിരുന്നെങ്കിൽ സി.എസ്.കെ. ഇന്ന് നമ്മൾ കാണുന്ന സി.എസ്.കെ ആകുമായിരുന്നില്ല. ഐ.പി.എൽ ഇത്രമാത്രം ആവേശകരവുമാകുമായിരുന്നില്ല.
2010, 2011, 2018, 2021, 2023. ഇന്നോളം ചെന്നൈ നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങൾ. ഈ കിരീടനേട്ടങ്ങളിലെല്ലാം ടീമിനെ നയിച്ചത് ധോണിയാണ്. ഇതിനു പുറമേ 2010, 2014 വർഷങ്ങളിൽ രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ സ്വന്തമാക്കി.
ഇനി ധോണിയുടെ ഐപിഎൽ കരിയറിലെ കണക്കുകളിലേക്ക് വരാം. 278 മത്സരങ്ങൾ. 38.30 ബാറ്റിങ് ശരാശരിയിൽ 5,439 റൺസ്. 24 അർധ സെഞ്ചുറികൾ. ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റിന് പിന്നിലും ധോണി അത്ഭുതങ്ങൾ തീർത്തു. 158 ക്യാച്ചുകളും 47 സ്റ്റംപിങ്ങുകളും. എന്നാൽ, നേടിയ റൺസിനും എടുത്ത ക്യാച്ചുകൾക്കും അപ്പുറമായിരുന്നു ചെന്നൈയിൽ ധോണിയുടെ സ്വാധീനം. മത്സരത്തിന്റെ സാഹചര്യം മനസ്സിലാക്കി ബൗളർമാരെ ഉപയോഗിക്കുന്ന ക്യാപ്റ്റൻസി. സമ്മർദഘട്ടങ്ങളിൽ ശാന്തത കൈവിടാത്ത മനോഭാവം. യുവതാരങ്ങൾക്ക് അവസരം നൽകാനും അവരിൽ ആത്മവിശ്വാസം വളർത്താനുമുള്ള കഴിവ്. അസാധ്യമെന്ന് തോന്നുന്ന വിജയങ്ങളെപ്പോലും സാധ്യമാക്കിയ ഫിനിഷർ. ഇതെല്ലാമായിരുന്നു മറ്റ് താരങ്ങളിൽനിന്ന് ധോണിയെ വ്യത്യസ്തനാക്കിയത്.
2008ൽ ഐപിഎൽ ആരംഭിച്ച കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമായിരുന്നു ധോണി. 2008 ഏപ്രിൽ 19-ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെയായിരുന്നു ചെന്നൈ ജഴ്സിയിൽ ധോണിയുടെ ആദ്യ മത്സരം. അന്ന് തുടങ്ങിയ ബന്ധം ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേക്ക് വളർന്നു. ചെന്നൈയുടെ നായകനായ ധോണി ആരാധകരുടെ സ്വന്തം തലയായി മാറി.
ക്യാപ്റ്റനെന്ന നിലയിൽ മാത്രമല്ല, ടീമിനെ പ്രതിസന്ധികളിൽനിന്ന് തിരിച്ചുകൊണ്ടുവരാനുള്ള ധോണിയുടെ കഴിവും ചെന്നൈയുടെ വിജയചരിത്രത്തിൽ നിർണായകമായി. 2024ൽ നായകസ്ഥാനം റുതുരാജ് ഗെയ്ക്വാദിന് കൈമാറിയ ധോണി, 2025 സീസണിൽ ഗെയ്ക്വാദിന് പരുക്കേറ്റതിനെത്തുടർന്ന് വീണ്ടും താൽക്കാലികമായി നായകന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ 2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് ഐപിഎല്ലിൽനിന്ന് വിലക്ക് നേരിടേണ്ടിവന്നു. ആ രണ്ട് സീസണുകളിലും മഞ്ഞക്കുപ്പായം വിട്ട ധോണി റൈസിങ് പൂണെ സൂപ്പർജയന്റ്സിനായി കളിച്ചു. പിന്നീട് ചെന്നൈ തിരിച്ചെത്തിയപ്പോൾ ധോണിയും മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തി.
ധോണിയും ചെന്നൈയും തമ്മിലുള്ള ബന്ധം വെറുമൊരു താരവും ടീമും തമ്മിലുള്ള ബന്ധമായിരുന്നില്ല. അതിനൊരു വൈകാരിക തലം കൂടിയുണ്ടായിരുന്നു. 'എം.എസ്. ധോണിയില്ലാതെ സിഎസ്കെ ഇല്ല' - ധോണിയുടെ വിരമിക്കലിനോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്. ചെന്നൈ ടീമും ധോണിയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന വാക്കുകളായിരുന്നു അത്.
ചെന്നൈ സൂപ്പർ കിങ്സ് എന്നാൽ ഇന്നോളം ധോണിയായിരുന്നു. മറിച്ചൊരു ചിന്ത കടുത്ത സിഎസ്കെ ആരാധകർക്ക് പോലുമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ധോണി തീർത്ത മാജിക്കായിരുന്നു അത്. കോടിക്കണക്കിന് ആരാധകരുടെ സ്നേഹവും വിശ്വാസവുമാണ് ആ നിലയിലേക്ക് ധോണിയെ വളർത്തിയത്. ഇനിയൊരിക്കലും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ആ ഏഴാം നമ്പറുകാരന്റെ ഹെലികോപ്റ്റർ ഷോട്ടുകൾ കാണാനാകില്ല. എങ്കിലും ചെന്നൈയുടെ ഡ്രസിങ് റൂമിൽ ഇനിയും ധോണിയെ കാണാനാകും എന്നത് ആരാധകർക്ക് നൽകുന്ന സന്തോഷം ചെറുതല്ല. ധോണിയുണ്ടാകും. കളിക്കാരനായിട്ടല്ല, കിരീടങ്ങളിലേക്ക് ചെന്നൈയെ നയിക്കാൻ അടുത്ത തലമുറയ്ക്ക് വഴികാട്ടിയായി.
2027 ഐപിഎൽ സീസണിന് മുന്നോടിയായി താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസമാണ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ 2026 സീസണിൽ പരുക്കിനെത്തുടർന്ന് ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ ധോണിക്കായിരുന്നില്ല. ഇതോടെ അടുത്ത സീസണിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ ആശങ്കയും നിലനിന്നിരുന്നു. അതിനെല്ലാം ഉത്തരമായിരിക്കുകയാണ് ഇപ്പോൾ. കളി നിർത്തുകയാണെങ്കിലും ചെന്നൈ വിടാൻ ധോണി തയ്യാറല്ല. ടീമിനെ കിരീടങ്ങളിലേക്ക് നയിക്കാൻ പ്രാപ്തമായ പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇനി ധോണിയുടെ ലക്ഷ്യം. കളിക്കാരന്റെ കുപ്പായം അഴിച്ചുവെച്ച് മെന്ററുടെ റോളിലേക്ക് മാറുന്ന ധോണിയിൽ ആരാധകർക്ക് ഇനിയും പ്രതീക്ഷവെക്കാം. 2027 സീസണിൽ സഹീർ ഖാൻ മുഖ്യ പരിശീലകനായുള്ള ചെന്നൈയുടെ പരിശീലക സംഘത്തിനൊപ്പമായിരിക്കും ധോണിയുടെ പുതിയ ദൗത്യം. യുവതാരങ്ങളെ വളർത്തിയെടുക്കാനും ചെന്നൈയുടെ വിജയപാരമ്പര്യം അടുത്ത തലമുറയിലേക്ക് കൈമാറാനുമുള്ള ഉത്തരവാദിത്വം ഇനി ധോണിക്കാണ്.
Content Highlights: End of an Era: MS Dhoni Bids Farewell to IPL as Player, Takes Up CSK Mentor Role