ട്രംപും മസ്കും 'ബ്രേക്കപ്പാ'യി; അമേരിക്കയിൽ 'ദാസനും വിജയനും' ഇടയിൽ എന്താണ് സംഭവിച്ചത് ?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യഥാർഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസല്ല ഇലോൺ മസ്‌കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണിൽ കറങ്ങി നടന്നിരുന്നു. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്‌കാണെന്നാണായിരുന്നു ജനസംസാരം. പക്ഷേ ഹണിമൂൺ പിരിയഡ് തീരുന്നതിന് മുമ്പ് തന്നെ അമേരിക്കൻ ദാസന്റെയും വിജയന്റെയും ബ്രൊമാൻസ് ബ്രേക്കപ്പായി.
ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർദ്ധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമം തനിക്കുണ്ടാക്കിയ നിരാശ ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കൻ ഭരണകൂടത്തിനൊപ്പമുളള സേവനം അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കി മസ്‌ക് രംഗത്തെത്തിയത്.
യുഎസ് സർക്കാരിന്റെ ചെലവുചുരുക്കലിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുണ്ടാക്കിയ കാര്യക്ഷമതാവകുപ്പ് അഥവാ ഡോജിന്റെ നേതൃസ്ഥാനത്തുനിന്ന് താൻ രാജിവെയ്ക്കുന്നു എന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു എന്നും അറിയിച്ചുകൊണ്ടാണ് മസ്കിന്റെ പടിയിറക്കം.
ട്രംപുമായുള്ള കടുത്ത അഭിപ്രായഭിന്നതയാണ് രാജിക്കുകാരണമെന്നാണ് റിപ്പോർട്ട്. നിശ്ചയിച്ചപ്രകാരം ഡോജിലെ തന്റെ സമയം അവസാനിച്ചെന്നും പടിയിറങ്ങുകയാണെന്നും ബുധനാഴ്ച വൈകീട്ട് എക്സിലൂടെയാണ് മസ്‌ക് പ്രഖ്യാപിച്ചത്. എന്നാൽ, ഇതേക്കുറിച്ച് ട്രംപ് പ്രതികരിച്ചിട്ടില്ല. സർക്കാരിന്റെ പാഴ്‌ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് ട്രംപിന് നന്ദിയറിയിച്ചു. ഡോജ് ദൗത്യം വരുംനാളുകളിൽ കൂടുതൽ ശാക്തീകരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
ടെസ്ലയുടെ ലാഭം കൂപ്പുകുത്തിയതോടെ ഡോജിലെ തന്റെ പ്രവർത്തനസമയം വെട്ടിച്ചുരുക്കുകയാണെന്നും ബിസിനസിൽ ശ്രദ്ധിക്കാനായി രാഷ്ട്രീയപ്രവർത്തനം കുറയ്ക്കുകയാണെന്നും പ്രഖ്യാപിച്ച മസ്ക് മേയിൽ രാജിയുണ്ടാകുമെന്ന് നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിൽ പ്രത്യേകപദവിയുള്ള ജീവനക്കാരൻ എന്നനിലയിൽ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മേയ് അവസാനത്തോടെ തീരാനിരിക്കെയായിരുന്നു രാജി. മസ്‌കിന്റെ രാഷ്ട്രീയനിലപാടുകളോടുള്ള വ്യാപകഎതിർപ്പിനെത്തുടർന്ന് അദ്ദേഹത്തിന്റെ വ്യവസായസംരംഭങ്ങൾക്കെല്ലാം തിരിച്ചടിനേരിടുകയാണ്. ടെസ്ല കാറുകളുടെ വിൽപ്പന ഇക്കൊല്ലം ആദ്യപാദത്തിൽ 13 ശതമാനം ഇടിഞ്ഞു.
ട്രംപിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ചുക്കാൻപിടിച്ചതും തിരഞ്ഞെടുപ്പുഫണ്ടിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയതും മസ്‌കാണ്. ജനുവരിയിൽ രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ നടത്തിയ വിജയപ്രസംഗത്തിൽ 'ഒരു നക്ഷത്രം ജനിക്കുന്നു' എന്നായിരുന്നു മസ്‌കിനെ ട്രംപ് വിശേഷിപ്പിച്ചത്. പിന്നെ കട്ടചങ്ക്സിന് എന്താണ് പറ്റിയത്. കൂട്ടുകെട്ട് പിരിഞ്ഞ് രണ്ടുപേരും രണ്ടുവഴിക്കാകാൻ എന്താണ് കാരണം.
ബജറ്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ മസ്‌ക് നടത്തിയ ആദ്യ പരസ്യവിമർശത്തത്തിനു പിന്നാലെയാണ് രാജി. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബിൽ 'നിരാശാജനക'മാണെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മസ്‌ക് തുറന്നുപറഞ്ഞു. അത് ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ് മസ്‌കിന്റെ പക്ഷം. ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന ട്രംപിന്റെ വിശേഷണത്തെയും മസ്ക് പരിഹസിച്ചു. ഒരു ബിൽ ഒന്നെങ്കിൽ വലുതാകാം അല്ലെങ്കിൽ സുന്ദരമാകാം. രണ്ടും കൂടി ഒരുമിച്ച് പറ്റില്ല എന്നായിരുന്നു ട്രംപിന്റെ പക്ഷം.
ട്രംപിന്റെ തീരുവയുദ്ധത്തോടും മസ്കിന് ഭിന്നതയുണ്ടായിരുന്നു. തീരുവകൾ പിൻവലിക്കണമെന്ന് മസ്ക് ട്രംപിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. അവിടം മുതൽ തുടങ്ങിയതാണ് മസ്ക്-ട്രംപ് ബന്ധത്തിലെ അസ്വാരസ്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം മസ്ക് ഡോജിലുണ്ടായിരുന്ന കാലയളവും പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ, വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനം അവസാനിപ്പിക്കൽ, അവർക്കുള്ള സഹായം വെട്ടിക്കുറയ്ക്കൽ എന്നിവയൊക്കെക്കൊണ്ട് കലുഷിതമായിരുന്നു മസ്‌കിന്റെ 'ഡോജ്കാലം'.
ജനുവരിയിൽ ഡോജ് മേധാവിയായി ചുമതലയേറ്റ മസ്‌ക് എല്ലാ വകുപ്പിലും സമൂലമായ ചെലവുചുരുക്കൽ പരിഷ്‌കാരങ്ങൾ നിർദേശിച്ചു. അവ നടപ്പാക്കുന്നില്ലെന്നു പറഞ്ഞ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അടക്കമുള്ള വകുപ്പുമേധാവികളുമായി കൊമ്പുകോർത്തു. മസ്‌കിന്റെ രാഷ്ട്രീയപരിജ്ഞാനമില്ലായ്മയെ അവരും വെല്ലുവിളിച്ചു. ഏപ്രിൽ അവസാനത്തോടെ ഡോജും സർക്കാരും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ സർക്കാർ ചെലവുകളിൽ രണ്ടുലക്ഷം കോടി ഡോളർ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ-സാമൂഹിക പ്രതിബന്ധങ്ങളെത്തുടർന്ന് അത് പൂർത്തീകരിക്കാൻ മസ്‌കിനായില്ല. പിന്നീട് ലക്ഷ്യം ഒരു ലക്ഷം കോടി ഡോളറാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, പടിയിറങ്ങുമ്പോഴേക്കും 15,000 കോടി ഡോളർ കുറയ്ക്കാനേ മസ്‌കിന് സാധിച്ചുള്ളൂ.
ഇതിനിടയിൽ ഇടിത്തീ വീണ പോലെ ടെസ്ലയും നഷ്ടത്തിലേക്ക് വീണുകൊണ്ടിരുന്നു. അതിനുപുറമേ മസ്ക് ലഹരിയുപയോഗിക്കുമെന്ന ആരോപണങ്ങളും പിന്നാലെ വൻവിമർശനവും ഉയർന്നു.
മസ്കിന്റെ രാജിക്ക് തൊട്ടുപിന്നാലെ നാസ മേധാവിയായി നാമനിർദേശം ചെയ്യപ്പെട്ട ജേയ്റെഡ് ഐസക്മാന്റെ ശുപാർശ ട്രംപ് പിൻവലിച്ചു. മസ്കിന്റെ അടുത്ത സുഹൃത്താണ് ഐസക്മാൻ. മാത്രമല്ല മസ്കിന്റെ സ്പെയ്സ് എക്സുമായി സാമ്പത്തികബന്ധവുമുണ്ട്. ട്രംപ് അഡ്മിനിസ്ട്രേഷനോട് രാഷ്ട്രീയ കൂറ് പോരെന്ന് പറഞ്ഞായിരുന്നു ഐസക്മാന്റെ ശുപാർശ ട്രംപ് പിൻവലിച്ചത്. പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയത്തോട് പൂർണായി ചേർന്ന് നിൽക്കുന്ന ആളാകണം നാസ തലവനെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസും രംഗത്തെത്തി.
ഡോജിൽ നിന്നുള്ള മസ്കിന്റെ വിരമിക്കലിനെ പരസ്പരബഹുമാനത്തോടെയായിരുന്നു ഇരുവരും അഭിസംബോധന ചെയ്തത്. പക്ഷേ മുന്നണിയില് കാര്യങ്ങൾ സ്മൂത്താണെങ്കിലും പിന്നണിയിൽ അത്ര പന്തിയല്ലെന്ന് തന്നെയാണ് ജനസംസാരം.
In Short: Elon Musk has officially resigned from his special position in the Trump administration’s DOJ division following disagreements over the federal budget bill nicknamed the “Big Beautiful Bill” by Trump. Musk criticized the bill for increasing federal debt and weakening DOJ reforms. His departure marks the end of a brief and stormy alliance with President Trump, strained by policy differences on tariffs and fiscal strategy. Tesla’s falling profits and growing public backlash also contributed to Musk stepping away from political involvement. Though both parties expressed mutual respect, reports suggest deep-rooted discord behind the scenes.
Content Highlights: Musk vs Trump budget disagreement