വരണ്ട ഇടവേളയും അതിതീവ്ര മഴയും; എൽ നിനോയെ നേരിടാൻ കേരളം ഒരുങ്ങേണ്ടത് എങ്ങനെ?
നാൽപ്പത്തിനാല് നദികളുടെ ധാരാളിത്തത്തിൽ ജീവിച്ച കേരളം ഇരുപത് വർഷം മുമ്പാണ് ആ വിചിത്രമായ പേര് കേൾക്കുന്നത്. എൽ നിനോ. തൊണ്ണൂറുകളിൽ ഇടയ്ക്കിടെ കടന്നുവന്ന എൽ നിനോയിൽനിന്ന് വലിയ പരിക്കുകളില്ലാതെ നാം രക്ഷപ്പെട്ടു പോന്നു. പക്ഷേ, 2026ൽ നമ്മുടെ എല്ലാ സ്വപ്നങ്ങൾക്കുമേലും തീപ്പടർത്തി എൽ നിനോ വീണ്ടും കടന്നുവരികയാണ്. പസഫിക് സമുദ്രത്തിലെ ഉപരിതല ഊഷ്മാവിൽനിന്നു പിറവിയെടുക്കുന്ന എൽ നിനോയെന്ന ആ ചൂടുകാറ്റ് ഇക്കുറി കേരളത്തിനു മുകളിൽ തീ കോരിയിടുമെന്ന് ഉറപ്പായി കഴിഞ്ഞു.
ഇക്കുറി ജൂൺ ഒന്നിന് പതിവുമഴ വന്നില്ല. വലിയ തോതിൽ മഴ കുറയുമെന്ന മുന്നറിയിപ്പും വന്നുകഴിഞ്ഞു. ദൈനംദിന ഭക്ഷണത്തിനുപോലും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പുതന്നെ അപകടത്തിലാവും. ഇടവപ്പാതിയോ കൈവിട്ടു. ഇടയ്ക്കിടെ വന്ന ന്യൂനമർദ്ദങ്ങൾ വന്നപോലെ പെയ്‌തൊഴിഞ്ഞു. തുലാവർഷമേഘങ്ങളിലും പ്രതീക്ഷയില്ലാതാവുന്നു. 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ എൽ നിനോ- ലാ നിനാ കാലാവസ്ഥാ അവലോകന റിപ്പോർട്ട് പ്രകാരം, നിലവിൽ ശക്തമായി തുടരുന്ന എൽ നിനോ 2027 ഫെബ്രുവരിവരെ തുടരും.
ഈ വർഷാവസാനത്തോടെ എൽ നിനോ പരമാവധി തീവ്രത കൈവരിക്കുമെന്നും കാലാവസ്ഥാ പ്രത്യാഘാതങ്ങൾ 2027-ലും തുടർന്നേക്കാമെന്നുമാണ് വിലയിരുത്തൽ. ശക്തമായ എൽ നിനോ ലോകത്തിന്റെ മിക്കവാറും എല്ലായിടത്തും മഴയുടെ അളവിലും വിതരണത്തിലും താപനിലയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഫലമായി വരൾച്ച, അതിതീവ്ര മഴ, വെള്ളപ്പൊക്കം, ഉഷ്ണതരംഗം തുടങ്ങിയ അതിരൂക്ഷ കാലാവസ്ഥാ സാഹചര്യങ്ങളുടെ പിടിയിലമരും ഭൂമി.
എന്നാൽ, എൽ നിനോ എല്ലാ പ്രദേശങ്ങളിലും ഒരേ തരത്തിലുള്ള കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നർത്ഥമില്ല. ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലയളവ്, ഇന്ത്യൻ-അറ്റ്‌ലാന്റിക് സമുദ്രങ്ങളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഓരോ പ്രദേശത്തെയും എൽ നിനോ സ്വാധീനം വ്യത്യാസപ്പെടാം. വരൾച്ചയ്‌ക്കൊപ്പം അതിവർഷത്തെയും പ്രതീക്ഷിക്കണം.
മഴയുടെ അളവിലും വിതരണത്തിലുമുണ്ടാകുന്ന മാറ്റം, ദീർഘമായ വരണ്ട ഇടവേളകൾ, ഉയർന്ന താപനില, ഇടയ്ക്കുണ്ടാകുന്ന അതിതീവ്ര മഴ എന്നിവ കാർഷിക മേഖലയെ നേരിട്ട് ബാധിക്കും. മനുഷ്യനിർമ്മിതമല്ലാത്ത പ്രതിഭാസമായ എൽ നിനോയെ മനുഷ്യസാധ്യമായ പ്രവൃത്തികളിലൂടെ എങ്ങനെ നിയന്ത്രിക്കാമെന്നാണ് നാം നോക്കേണ്ടത്. വരൾച്ചയെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം അപ്രതീക്ഷിതമായ അതിവർഷം, വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും സ്വീകരിക്കണം. മഴയിലെ അനിശ്ചിതത്വവും വരണ്ട ഇടവേളകളും കണക്കിലെടുത്ത് ജലസംരക്ഷണത്തിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കാര്യക്ഷമമായ ജലസേചനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിക്കുക, കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ സംഭരണം വർധിപ്പിക്കുക, മഴക്കുഴികളും മറ്റ് ജലസംരക്ഷണ സംവിധാനങ്ങളും സജ്ജമാക്കുക, കൃഷിയിടങ്ങളിൽ പുതയിടൽ നടത്തുക,
അനുയോജ്യമായ ഇടങ്ങളിൽ തുള്ളിനന ഉൾപ്പെടെയുള്ള സൂക്ഷ്മ ജലസേചന മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ നടപടികൾ വരൾച്ചയെ നേരിടുന്നതിനുള്ള കാർഷിക തയ്യാറെടുപ്പിന്റെ ഭാഗമാക്കാം.
അപ്രതീക്ഷിതമായ അതിവർഷത്തെ നേരിടുന്നതിനായി കൃഷിയിടങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്ന സംവിധാനങ്ങൾ മുൻകൂട്ടി സജ്ജമാക്കണം.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നീർവാർച്ചാ സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം വിളകൾ, കാർഷിക ഉപകരണങ്ങൾ, വിത്തുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പാക്കേണ്ടതാണ്.
കാലാവസ്ഥയിലെ വ്യതിയാനങ്ങൾ വിളവെടുപ്പിനെയും വിളവെടുത്ത ഉൽപ്പന്നങ്ങളുടെ സുരക്ഷിത സംഭരണത്തെയും ബാധിക്കാനിടയുള്ളതിനാൽ ധാന്യങ്ങളുടെ സംഭരണത്തിലും പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം. വിളവെടുത്ത ധാന്യങ്ങൾ ആവശ്യമായ രീതിയിൽ ഉണക്കി ഈർപ്പത്തിന്റെ അളവ് നിയന്ത്രിച്ച ശേഷമേ സംഭരിക്കാവൂ.
ഈർപ്പം, കീടബാധ, പൂപ്പൽ എന്നിവ തടയാൻ കഴിയുന്ന സുരക്ഷിത സംഭരണ സംവിധാനങ്ങളും അനുയോജ്യമായ സാങ്കേതികവിദ്യകളും ആവശ്യാനുസരണം ഉപയോഗിക്കാം. സംഭരിക്കുന്ന സ്ഥലങ്ങളിൽ മഴവെള്ളം കയറാതിരിക്കാനും വായുസഞ്ചാരം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കർഷകർ ദീർഘകാല ആഗോള കാലാവസ്ഥാ പ്രവചനങ്ങളെമാത്രം ആശ്രയിച്ച് കൃഷിയിടതല തീരുമാനങ്ങൾ എടുക്കാതെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളുടെ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകളും കാർഷിക കാലാവസ്ഥാ നിർദേശങ്ങളും തുടർച്ചയായി പിന്തുടരേണ്ടതാണ്.
മഴയുടെ ലഭ്യത, താപനില, കാറ്റിന്റെ സാഹചര്യം എന്നിവ സംബന്ധിച്ച പ്രാദേശിക മുന്നറിയിപ്പുകൾക്കനുസരിച്ച് വിതയ്ക്കൽ, നടീൽ, ജലസേചനം, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
നാം തിരിച്ചറിയേണ്ട അതിപ്രധാന വസ്തുതയുണ്ട്. ഇതിൽനിന്നു നമുക്ക് മാത്രം രക്ഷയില്ല. അതിനാൽ നേരിടാൻ ഒരുങ്ങേണ്ടതുണ്ട്. ഓരോ വ്യക്തിയേയും നേരിട്ടു ബാധിക്കാമെന്നതിനാൽ ഓരോരുത്തർക്കും ചുമതലയുണ്ട്. അതിന് നാം എന്ത് ചെയ്യണമെന്നും കേരളത്തിന്റെ തനതുവിളകളെ എൽ നിനോ പ്രതിഭാസം എങ്ങനെ ബാധിക്കുമെന്നും വരും എപ്പിസോഡുകളിൽ പരിശോധിക്കാം. നേരിടാം ഈ പ്രതിസന്ധിയേയും.
Content Highlights: El Nino is returning to severely impact Kerala in 2026 with extreme heat and unpredictable rainfall. The phenomenon threatens Kerala's agricultural economy and food security through 2027. Farmers and citizens must adopt immediate water conservation and crop management strategies. Official weather updates should be monitored locally to mitigate drought and flood risks.