പരിസ്ഥിതിലോല മേഖല; വിജ്ഞാപനവും ആശങ്കയും

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മലയോര മേഖല വലിയൊരു സമരമുഖത്താണ്. ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ (പരിസ്ഥിതി ലോല മേഖല) നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതി ഉത്തരവാണ് ഇവിടെയുള്ള ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്താണ് ഇ.എസ്.സെഡ് വിജ്ഞാപനം? ഇത് എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത്?

പാരിസ്ഥിതികമായി പ്രാധാന്യം നല്‍കേണ്ടതായി ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം അല്ലെങ്കില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങള്‍. ഇതില്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ ഇതെല്ലാം ഉള്‍പ്പെടും. ഇവിടങ്ങളിലെ ജൈവ വൈവിധ്യങ്ങളുടേയും സസ്യങ്ങളുടേയും ജന്തുക്കളുടേയും സംരക്ഷണം, ഭൂമിശാസ്ത്ര പരമായ പ്രത്യേകത എന്നിവയെല്ലാം കണക്കാക്കിയാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നത്. 

ജനവാസ മേഖല ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തിലെ മലയോരത്തെയാണ് നിയമം വലിയ രീതിയില്‍ ബാധിക്കുക.  ജനവാസ മേഖലകളെ ഒഴിവാക്കി വേണം ഇ.എസ്.സെഡ് നിര്‍ണയം നടത്തേണ്ടതെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നതാണ്. കേന്ദ്രത്തോട് നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സുപ്രീം കോടതി വിധി.

Content Highlights: Environmental Protection, ESZ, Eco Sensitive Zone, ESZ Act