വധശിക്ഷയെ അതിജീവിച്ച തടവുകാരി; സഹപാഠിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി, ആരാണ് ക്രിസ്റ്റ പൈക്ക്?
2026 സെപ്റ്റംബർ 30-ന് വൈകുന്നേരം ടെന്നസിയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ജയിലിലെ വധശിക്ഷാ മുറിയിൽ ഭീതി പടർത്തുന്ന നിശ്ശബ്ദതയായിരുന്നു. അമേരിക്കയിൽ കഴിഞ്ഞ 200 വർഷത്തിനിടെ ഒരു തടവുകാരിയെ വിഷം പ്രയോഗിച്ച് വധശിക്ഷയ്ക്ക് വിധേയയാക്കുന്ന അപൂർവ നിമിഷത്തിനാണ് അന്ന് ആ കോടതി മുറി സാക്ഷിയാകാനൊരുങ്ങിയത്. അൻപതുകാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ. എന്നാൽ, ശരീരത്തിലേക്ക് മാരകമായ പെന്റോബാർബിറ്റൽ വിഷമരുന്ന് രണ്ട് റൗണ്ടുകളിലായി കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരിച്ചില്ല. മരുന്നിന്റെ ആഘാതത്തിൽ മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞെങ്കിലും അവരുടെ ശ്വാസം നിലച്ചില്ല. ഒടുവിൽ അമേരിക്കൻ നിയമചരിത്രത്തെത്തന്നെ അമ്പരപ്പിച്ച അവിശ്വസനീയ സംഭവമായി അത് മാറി. ആരായിരുന്നു ക്രിസ്റ്റ പൈക്ക്? എന്തായിരുന്നു അവർ ചെയ്ത കുറ്റം?
ആ കഥയുടെ തുടക്കം 1995 ജനുവരി 12-നാണ്. അന്ന് നോക്സ്‌വില്ലിലെ ജോബ് കോർപ്സ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു 18-കാരിയായ ക്രിസ്റ്റ പൈക്ക്. അന്ന് തൻ്റെ 17-കാരനായ കാമുകൻ തദാരിൽ ഷിപ്പിനെ മറ്റൊരു സഹപാഠിയായ 19-കാരി കൊളീൻ സ്ലെമ്മർ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ക്രിസ്റ്റ സംശയിച്ചു. ഒടുവിൽ കൊളീനോടുള്ള ദേഷ്യം അതിരുവിട്ട ദിവസം മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് സ്ലെമ്മറെ സർവകലാശാലയ്ക്ക് സമീപമുള്ള വിജനമായ കാട്ടിലേക്ക് ക്രിസ്റ്റയും കാമുകനും കൂട്ടുകാരി ഷെഡോല്ല പീറ്റേഴ്സണും ചേർന്ന് വിളിച്ചുവരുത്തി.
അവിടെവെച്ച് 30 മിനിറ്റോളമാണ് സ്ലെമ്മറെ അവർ ക്രൂരമായി മർദിച്ചത്. ബോക്സ് കട്ടറും മീറ്റ് ക്ലീവർ കത്തിയും ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം, സാത്താനിക് ചിഹ്നങ്ങളോട് താല്പര്യമുണ്ടായിരുന്ന തദാരിൽ ഷിപ്പ്, സ്ലെമ്മറുടെ നെഞ്ചിൽ ഒരു പെന്റഗ്രാം കൊത്തിവെച്ചു. ആ സമയത്തും സ്ലെമ്മറിൽ ജീവൻ ശേഷിച്ചിരുന്നു. ഒടുവിൽ ആസ്ഫാൾട്ടിന്റെ വലിയൊരു കഷ്ണം കൊണ്ട് തലയ്ക്കടിച്ച് ക്രിസ്റ്റ പൈക്ക് സ്ലെമ്മറെ കൊലപ്പെടുത്തി. സ്ലെമ്മറുടെ തലയോട്ടിയുടെ ഒരു കഷ്ണം അവളുടെ ഓർമ്മയ്ക്കായി ക്രിസ്റ്റ സൂക്ഷിച്ചുവെച്ചു. അത് സർവകലാശാലയിലെ മറ്റ് വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. കൊളീൻ സ്ലെമ്മർ കൊലപാതകക്കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ ക്രിസ്റ്റ പൈക്കും കൂട്ടാളികളും പിടിയിലായി. നിഷ്കളങ്കമുഖമുള്ള ആ 18-കാരിയുടെ ക്രൂരകൃത്യവും അവളുടെ മുൻകാല ജീവിതവും വാർത്തകളിൽ നിറഞ്ഞു. 1996 മാർച്ച് 30-ന് നോക്സ് കൗണ്ടി കോടതി ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചു. തദാരിൽ ഷിപ്പിന് ജീവപര്യന്തവും ഷെഡോല്ല പീറ്റേഴ്സണ് പ്രൊബേഷനും ലഭിച്ചു.
യുഎസിലെ വെസ്റ്റ് വിർജീനിയയിലാണ് ക്രിസ്റ്റ പൈക്ക് ജനിച്ചത്. ഗർഭകാലത്തെ അമ്മയുടെ മദ്യപാനം കാരണം ജനിച്ചുവീണപ്പോൾതന്നെ ക്രിസ്റ്റയുടെ തലച്ചോറിന് തകരാറുകളുണ്ടായിരുന്നു. ബാല്യകാലത്ത് ലൈംഗികമായും ശാരീരികമായും ക്രിസ്റ്റ പീഡിപ്പിക്കപ്പെട്ടു. 12-ാം വയസ്സിൽ ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബൈപോളാർ ഡിസോർഡർ, പി.ടി.എസ്.ഡി എന്നിവയുണ്ടായിരുന്ന ക്രിസ്റ്റക്ക് മാനസികാരോഗ്യ ചികിത്സയോ സംരക്ഷണമോ ലഭിച്ചിരുന്നില്ല. തൻ്റെ ഭ്രാന്തമായ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ക്രിസ്റ്റ അന്ന് ആ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് വധശിക്ഷയ്‌ക്കെതിരെ വാദിച്ച മനഃശാസ്ത്രജ്ഞരും അഭിഭാഷകരും ചൂണ്ടിക്കാട്ടിയിരുന്നു.
20-ാം വയസ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ അമേരിക്കയിൽ വധശിക്ഷ കാത്തു കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായി ക്രിസ്റ്റ പൈക്ക് മാറി. ഡെബ്ര കെ. ജോൺസൺ പുനരധിവാസ കേന്ദ്രത്തിലെ ഏകാന്തതടവിൽ വർഷങ്ങളോളം കഴിഞ്ഞ ക്രിസ്റ്റ ജയിലിനുള്ളിലും പ്രശ്നങ്ങളുണ്ടാക്കി. 2001-ൽ മറ്റൊരു കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന പട്രീഷ്യ ജോൺസ് എന്ന തടവുകാരിയെ ഷൂ ലെയ്സ് കഴുത്തിൽക്കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ക്രിസ്റ്റക്ക് 25 വർഷത്തെ തടവ് ശിക്ഷ അധികമായി ലഭിച്ചു. പിന്നീട് 2012-ൽ, ജയിൽ ഉദ്യോഗസ്ഥനായ ജസ്റ്റിൻ ഹെഫ്ലിന്റെയും ഡൊണാൾഡ് കോഹട്ട് എന്ന വ്യക്തിയുടെയും സഹായത്തോടെ ജയിൽ ചാടാൻ ക്രിസ്റ്റ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. എന്നാൽ അവസാന നിമിഷം പിടിക്കപ്പെട്ടു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും തള്ളപ്പെട്ട അപ്പീലുകൾക്കും ശേഷം 2026 സെപ്റ്റംബർ 30-ന് ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ, രക്തം കട്ടപിടിക്കുന്ന Thrombocytosis എന്ന രോഗമുള്ള ക്രിസ്റ്റയുടെ കൈകളിൽ 7 തവണ സൂചി കുത്തിയിറക്കിയിട്ടും ശരിയായ രക്തക്കുഴൽ കണ്ടെത്താൻ ജയിൽ അധികൃതർ ബുദ്ധിമുട്ടി. ഒടുവിൽ, വിഷമരുന്ന് കുത്തിവെച്ചപ്പോൾ, "എന്റെ കയ്യിലെ ഞരമ്പ് പൊട്ടിത്തെറിക്കുന്നത് പോലെ തോന്നുന്നു" എന്ന് പറഞ്ഞ് ക്രിസ്റ്റ നിലവിളിച്ചു. തുടർന്ന്, രണ്ട് റൗണ്ട് മരുന്ന് നൽകി. എന്നിട്ടും അവരുടെ ശ്വാസോച്ഛ്വാസം നിലച്ചില്ല. അവർ തലയുയർത്തി എല്ലാവരെയും നോക്കുകയും, ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കോടതികളിൽ അഭിഭാഷകർ അടിയന്തിര ഹർജികൾ നൽകിയതിനെ തുടർന്ന് വധശിക്ഷാ നടപടികൾ നിർത്തിവെച്ച് പൈക്കിനെ വണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട പൈക്കിന് ഒക്ടോബർ 5-ഓടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ലൈഫ് സപ്പോർട്ട് മാറ്റാനിരിക്കെ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒക്ടോബർ 6-ന് അവർ ബോധം വീണ്ടെടുത്തു. സംസാരിക്കാൻ തുടങ്ങി. "ഞാൻ എവിടെയാണ്? നിങ്ങൾ ആരാണ്?" എന്നായിരുന്നു ഉണർന്നയുടൻ അവരുടെ ആദ്യത്തെ ചോദ്യം. വധശിക്ഷാ ശ്രമത്തെത്തുടർന്ന് ന്യുമോണിയയും കൈകളിൽ പൊള്ളലും നീരും വന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ അവർ പതുക്കെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി.
എന്നാൽ ക്രിസ്റ്റ പൈക്കിൻ്റെ വധശിക്ഷ പരാജയപ്പെട്ടത് ടെന്നസിയിൽ വലിയ രാഷ്ട്രീയ നിയമ പോരാട്ടങ്ങളാണ് വഴിവെച്ചത്. സംഭവം വിവാദമായതോടെ ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും താത്കാലികമായി നിർത്തിവെച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ടെന്നസി പ്രിസൺ കമ്മീഷണർ ഫ്രാങ്ക് സ്ട്രാഡ രാജി സമർപ്പിച്ചു. വധശിക്ഷാ മുറിയിലെ എല്ലാ തെളിവുകളും മരുന്നുകളും രേഖകളും സൂക്ഷിച്ചുവെക്കാൻ കോടതി ഉത്തരവിട്ടു. അതിനിടെ, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് കമ്മീഷണറും ആംനസ്റ്റി ഇന്റർനാഷണലും പൈക്കിന്റെ വധശിക്ഷ ഒഴിവാക്കണമെന്നും തടവ് ശിക്ഷയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Christa Pike survived a botched lethal injection in Tennessee on September 30, 2026., She was originally convicted for the brutal 1995 murder of Colleen Slemmer., Medical issues and complications during the execution led to a suspension of the process and a transfer to Vanderbilt University Medical Center., Governor Bill Lee temporarily paused all executions in Tennessee following the controversy.