ബ്രഹ്മപുത്രയില്‍ ചൈനയുടെ മെഗാ ഡാം: ഇന്ത്യക്ക് ഭീഷണിയാകുമോ? | Explained

ഇത് ഗുരുതരമാണ്, ഉപജീവനത്തിനും നിലനില്‍പ്പിനുതന്നെയും ഭീഷണി. ചൈന ഒരുപക്ഷേ 'ജല ബോംബ്' ആയി പോലും ഉപയോഗിച്ചേക്കാം. ചൈനയുടെ പുതിയപദ്ധതി മെഗാ അണക്കെട്ടിനെക്കുറിച്ച് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖാണ്ഡു പങ്കുവെച്ച ആശങ്കയാണിത്. വന്‍നിര്‍മിതികളാല്‍ എക്കാലവും ലോകത്തെ അമ്പരപ്പിച്ച ചൈനയുടെ പുതിയൊരു പദ്ധതിയില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയത്രയും അദ്ദേഹത്തിന്റെ വാക്കിലുണ്ട്. പരിസ്ഥിതി ലോലമായ,  ഭൂകമ്പസാധ്യതയുള്ള ഹിമാലയന്‍ പ്രദേശത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്കായി അണക്കെട്ടുയരുമ്പോള്‍ അരുണാചല്‍പ്രദേശിന്റെ നെഞ്ചിടിപ്പേറുന്നുണ്ട്.

ഹിമാലയന്‍ താഴ്വരകളില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെ അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപമാണ് മെഗാ അണക്കെട്ട് ഉയരാന്‍ പോകുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശിക ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ക്കും വരെ വെല്ലുവിളിയായേക്കാവുന്ന പദ്ധതിക്ക് ചൈന ചെലാവാക്കുന്നതാകട്ടെ  3483 കോടി ഡോളറും.ടിബറ്റിലെ യാര്‍ലുങ് സാങ്പോ നദിക്ക് കുറുകേയാണ് ചൈനയുടെ വമ്പന്‍ ഡാം ഉയരുന്നത്. അതായത് ടിബറ്റിലെ ബ്രഹ്മപുത്രാനദിക്ക് കുറുകെ. അരുണാചല്‍ പ്രദേശില്‍ എത്തും മുന്‍പ് ടിബറ്റിലെ 'ഗ്രേറ്റ് ബെന്‍ഡ്' എന്ന വലിയൊരു വളവില്‍ വെച്ചാണ് നദിയുടെ ഒഴുക്കിന്റെ ദിശമാറുന്നത്. ഈ സ്ഥലത്താണ് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മെഡോഗ് ജലവൈദ്യുത നിലയം ചൈന നിര്‍മ്മിക്കാനൊരുങ്ങുന്നത്. 

2024 ഡിസംബര്‍ 25ന് അനുമതി ലഭിച്ച പദ്ധതി പൂര്‍ത്തിയായാല്‍ ത്രീ ഗോര്‍ജസിനെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും. പ്രതിവര്‍ഷം 30,000 കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കൂടാതെ ചൈനയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ നിറവേറ്റാനും പദ്ധതി സഹായിക്കും. പര്‍വതങ്ങളില്‍ നിന്നും താഴേക്ക് കുതിക്കുന്നത് അതിവേഗത്തിലായതിനാല്‍ ജലവൈദ്യുത ഉത്പാദനത്തിന് ബ്രഹ്മപുത്ര അനുയോജ്യവുമാണ്

പരിസ്ഥിതിദുര്‍ബലവും ഭൂകമ്പ സാധ്യതയുള്ളതുമായ പ്രദേശത്ത് ആണ് ഡാം വരുന്നത്. ചൈനയ്ക്ക് ഏറെ ഗുണകരമായ പദ്ധതി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിക്കരുതെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഭീമമായ അളവില്‍ സംഭരിച്ചിരിക്കുന്ന ജലം ഭൂമിക്ക് വന്‍തോതിലുള്ള സമ്മര്‍ദം സൃഷ്ടിക്കും. നദിയുടെ ഒഴുക്ക് മാറും. ദശലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. നാസയുടെ കണക്കനുസരിച്ച്, ഭൂമിയുടെ ഭ്രമണം 0.06 സെക്കന്‍ഡ് മന്ദഗതിയിലാക്കാന്‍ പോലും സാധിക്കുന്നയത്ര വലുതാണ് പുതിയ അണക്കെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കടുത്ത വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും വഴിവയ്ക്കുന്നതാണ് ചൈനയുടെ ഈ മെഗാ പദ്ധതി. ഡാം വരുന്നതോടെ ബ്രഹ്മപുത്രയില്‍ നിന്നുള്ള ജലം കുത്തനെ കുറയും. നദിയുടെ ഒഴുക്കിലെ മാറ്റങ്ങള്‍ പ്രാദേശിക ജൈവവൈവിധ്യത്തെയും ബാധിക്കും.

1962-ലെ യുദ്ധാനന്തരം  ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ ഇനിയും പൂര്‍ണമായി മാറിയിട്ടില്ല. ഇതുമുന്‍നിര്‍ത്തിയാണ് ഡാമിനെ  'വാട്ടര്‍ ബോംബ്' ആയി പോലും ചൈനയ്ക്ക് ഉപയോഗിക്കാമെന്ന അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖാണ്ഡുവിന്റെ പ്രസ്താവന. വെള്ളത്തെ ചൈന ഒരു ആയുധമായി കണ്ടേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നദിയുടെ ഒഴുക്കിന്മേല്‍ ചൈനയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചാല്‍ അരുണാചല്‍ പ്രദേശില്‍ പെട്ടെന്നുള്ള ജലക്ഷാമമോ വെള്ളപ്പൊക്കമോ സൃഷ്ടിക്കാന്‍ ചൈനക്ക് കഴിയും.

അതിര്‍ത്തി കടന്നുള്ള നദികളുടെ വിഷയങ്ങള്‍ നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു കരാറിലും ചൈന കക്ഷിയല്ല. 2023 ജൂണ്‍ 5-ന് ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ധാരണാപത്രം അവസാനിച്ചുവെങ്കിലും ചൈന പുതുക്കിയിട്ടില്ല. 2022 മുതല്‍ ജലവുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ചൈന ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലായെന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. അണക്കെട്ട് നിര്‍മിച്ച്  പെട്ടെന്ന് വെള്ളം തുറന്നുവിടുകയാണെങ്കില്‍ ഇന്ത്യയിലെ സിയാങ് ബെല്‍റ്റ് മുഴുവന്‍ നശിപ്പിക്കപ്പെടും. കൃഷിയേയും സാരമായി ബാധിക്കും. നദി ഇന്ത്യന്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഒരു അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടാല്‍ ചെളിയുടെ ഒഴുക്ക് തടയുകയും മണ്ണിന്റെ ഗുണനിലവാരം കുറയ്ക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുകയും ചെയ്യും. കാര്‍ഷികമേഖലയെ ഇത് ബാധിക്കും.

ഭൂകമ്പ സാധ്യതയുള്ള ഹിമാലയന്‍ മേഖലയിലാണ് ഈ വലിയ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ഇത് മണ്ണിടിച്ചില്‍, മിന്നല്‍ പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള സാധ്യത കൂട്ടും. ഇത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകും. അന്താരാഷ്ട്ര ജല ഉടമ്പടിയില്‍ ചൈന ഒപ്പുവച്ചിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലെന്നും പദ്ധതി ഇന്ത്യയ്ക്ക് ഒരു അനുഗ്രഹമാകുമായിരുന്നുവെന്നും ഖാണ്ഡു പറയുന്നു, കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍, വരള്‍ച്ചാകാലങ്ങളില്‍  നിശ്ചിത അളവില്‍ വെള്ളം ചൈന താഴേക്ക് വിടേണ്ടതില്ല. മാത്രമല്ല ബ്രഹ്മപുത്ര ഒഴുകുന്ന അരുണാചല്‍ പ്രദേശ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വേനല്‍ക്കാല വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടിയും ചൈന എടുക്കേണ്ടതില്ല.  

മെഗാഡാം മുന്നോട്ടുവെയ്ക്കുന്ന വെല്ലുവിളികളെ ഇന്ത്യയ്ക്ക് കാണാതിരിക്കാനാവില്ല.  പ്രത്യാഘാതങ്ങളുടെ ആക്കം കുറയ്ക്കാനുള്ള പ്രതിരോധനടപടികള്‍ ഇന്ത്യ സ്വീകരിച്ചുകഴിഞ്ഞു. അതിന്‍രെ ഭാഗാമായാണ് അരുണാചല്‍പ്രദേശില്‍ സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റ് വരുന്നത്. ചൈന ഡാം ആയുധമാക്കിയാക്കിയാല്‍ ഈ പദ്ധതി ജലസുരക്ഷ ഉറപ്പാക്കും.

inshort-China`s massive dam on the Brahmaputra River raises concerns for India`s water security and national security. Arunachal Pradesh CM expresses serious apprehensions.

Content Highlights: China`s Mega Dam on Brahmaputra: Threat to India?