ഒരു ടെസ്റ്റിൽ 85 റൺസ് വെച്ച് അടിക്കുന്ന റൂട്ട്, ഇളകുമോ സച്ചിന്റെ സിംഹാസനം?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ സെഞ്ചുറി, ഏറ്റവും കൂടുതൽ മത്സരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലുള്ള ഈ സകലമാന ടെസ്റ്റ് റെക്കോർഡുകളും ഇംഗ്ലീഷ് നായകൻ ജോ റൂട്ട് തൂക്കുമോ? അർധസെഞ്ചുറികളുടെ എണ്ണത്തിൽ റൂട്ട് സച്ചിനൊപ്പം എത്തിയതോടെ സച്ചിന്റെ മറ്റ് റെക്കോർഡുകളുടെ ആയുസ് ഇനിയെത്ര എന്ന ചോദ്യവും ഉയരുകയാണ്.
സച്ചിനും റൂട്ടിനും ഇപ്പോൾ 68 അർധസെഞ്ചുറികൾ വീതം. പാകിസ്താനെതിരായ ഹെഡ്ഡിങ്ലി ടെസ്റ്റിലെ അർധസെഞ്ചുറിയോടെയാണ് റൂട്ട് സച്ചിനൊപ്പം പിടിച്ചത്. ഇനി ഒരൊറ്റ ഫിഫ്റ്റി കൂടി. സാക്ഷാൽ സച്ചിന പിന്തള്ളി ഈ റെക്കോർഡ് റൂട്ടിന്റെ പേരിൽ മാത്രമാകും. ഇതിനായി അടുത്ത ഏതാനം ഇന്നിങ്സുകൾ തന്നെ റൂട്ടിന് ധാരാളം. സച്ചിന്റെ ടെസ്റ്റ് റെക്കോർഡുകളെ ഇങ്ങനേയും വെല്ലുവിളിച്ച മറ്റൊരു താരവും സമീപകാല ക്രിക്കറ്റിലില്ല. ടെസ്റ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും അടുത്തിടെ സച്ചിനെ മറികടന്ന് റൂട്ട് സ്വന്തമാക്കിയിരുന്നു.
റൺസ് കണക്ക് നോക്കിയാലും സച്ചിന്റെ റെക്കോർഡ് അത്ര ഭദ്രമല്ല. സച്ചിൻ കളിച്ചത് 200 ടെസ്റ്റുകൾ. ഇന്നിങ്സ് 329. ആകെ റൺസ് 15,921. ജോ റൂട്ട് ഇതുവരെ കളിച്ചത് 167 ടെസ്റ്റുകൾ. ഇന്നിങ്സ് 305. നേടിയത് 14,180 റൺസ്. അതായത്, സച്ചിന്റെ റൺവേട്ടയെ മറികടക്കാൻ റൂട്ടിന് ഇനി വേണ്ടത് 1,742 റൺസ്.
2023, 24, 25 - ആ മൂന്നുവർഷത്തെ കണക്കുനോക്കിയാൽ 3148 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. ഒരു ടെസ്റ്റിൽ റൂട്ട് നേടുന്നത് ഏകദേശം 85 റൺസ്. അതേ നിരക്ക് തുടർന്നാൽ ഏതാണ്ട് 21 ടെസ്റ്റുകൾ കൊണ്ട് സച്ചിന്റെ റൺസ് കണക്കിനടുത്തെത്താം. റൂട്ടിന് ഇപ്പോൾ പ്രായം 36 വയസ്സിലേക്ക് അടുക്കുന്നു. സച്ചിൻ വിരമിച്ചത് 40-ാം വയസ്സിലും. കുറഞ്ഞത് രണ്ടോ മൂന്നോ വർഷം കൂടി റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ തുടർന്നേക്കാം. പരിക്ക് കൂടാതെ ടീമിൽ തുടരുകയും നിലവിലെ ഫോം നിലനിർത്തുകയും ചെയ്താൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന സച്ചിന്റെ റെക്കോർഡ് തകർക്കപ്പെട്ടേക്കാം.
സെഞ്ചുറികളുടെ കാര്യത്തിലേക്ക് വന്നാലും ഒന്നാമനാകാൻ റൂട്ടിന് സാധ്യതയുണ്ട്. സച്ചിനുള്ളത് 51 ടെസ്റ്റ് സെഞ്ചുറികൾ. റൂട്ടിന് 41. പത്ത് സെഞ്ചുറികളുടെ വ്യത്യാസം. സച്ചിനെ മറികടക്കണമെങ്കിൽ റൂട്ട് 11 സെഞ്ചുറികൾ കൂടി നേടണം. റൂട്ടിന്റെ കരിയറിൽ ശരാശരി നാലോളം ടെസ്റ്റുകൾക്ക് ഒരിക്കൽ ഒരു സെഞ്ചുറി വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ 11 സെഞ്ചുറികൾക്ക് ഏതാണ്ട് 45 ടെസ്റ്റുകൾ കൂടി വേണ്ടിവരും. അതുകൊണ്ട് തന്നെ സച്ചിന്റെ റൺസ് റെക്കോർഡ് മറികടക്കുന്നതിനെക്കാൾ ബുദ്ധിമുട്ടുള്ള ലക്ഷ്യമാണിത്. കാരണം പ്രായം കൂടുമ്പോൾ ഫോമും ഫിറ്റ്നസും അതുപോലെ നിലനിർത്തി ലോങ് ഇന്നിങ്സുകൾ കളിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സച്ചിന്റെ റെക്കോർഡുകളെല്ലാം മറികടക്കുമെന്ന് കരുതപ്പെട്ട കോലി തന്നെ 36-ാം വയസ്സിൽ ടെസ്റ്റ് മതിയാക്കിയ പാഠവും നമുക്ക് മുന്നിലുണ്ട്.
ലോകക്രിക്കറ്റിൽ 200 ടെസ്റ്റുകൾ കളിച്ച ഏക താരമാണ് സച്ചിൻ. റൂട്ടിന് ആ റെക്കോർഡിലേക്ക് ഇനി 33 മത്സരങ്ങൾ കൂടി വേണം. 2023 മുതൽ 2025 വരെയുള്ള മൂന്നുവർഷത്തെ കണക്കുനോക്കിയാൽ 35 ടെസ്റ്റുകൾ റൂട്ട് കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാന നാല് വർഷങ്ങളിൽ സച്ചിൻ പോലും കളിച്ചത് 29 ടെസ്റ്റുകളാണ്. ഇംഗ്ലണ്ട് കൂടുതൽ ടെസ്റ്റുകൾ കളിക്കുന്ന രാജ്യമാണെങ്കിലും 35 വയസ്സിന് ശേഷം 33 ടെസ്റ്റുകൾ കളിക്കുക അത്ര എളുപ്പമല്ല. 2012 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച ശേഷം റൂട്ട് ഇതുവരെ കളിച്ചത് 167 ടെസ്റ്റുകൾ. അതായത് കരിയർ ശരാശരിയിൽ വർഷത്തിൽ ഏകദേശം 12 ടെസ്റ്റ്. ആ നിരക്ക് തുടർന്നാൽ 200-ൽ എത്താൻ തന്നെ ഏതാണ്ട് രണ്ടര മുതൽ മൂന്ന് വർഷം വരെ വേണ്ടിവരും. അതുവരെ ഫിറ്റ് ആയിരിക്കണം. ഫോം നിലനിർത്തണം.
ഒരുപക്ഷേ ഇപ്പറഞ്ഞ സച്ചിന്റെ പല റെക്കോർഡുകളും മറികടക്കാൻ റൂട്ടിന് ആയേക്കാം. പക്ഷേ സച്ചിന്റെ ടെസ്റ്റ് കരിയറിന്റെ മഹത്വം കണക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല. 16-ാം വയസ്സിൽ അരങ്ങേറ്റം. 24 വർഷം നീണ്ട കരിയർ. വ്യത്യസ്ത തലമുറകളിലെ ലോകോത്തര ബൗളർമാർ. വേഗവും ബൗൺസുമുള്ള പിച്ചുകൾ. സ്പിൻ ട്രാക്കുകൾ. ഡിആർഎസ് പോലുമില്ലാത്ത കാലം. ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ ചുമന്നുകൊണ്ടുള്ള യാത്ര.
പക്ഷേ റൂട്ടിന്റെ കാലത്തെ വെല്ലുവിളികളേയും വിലകുറച്ച് കാണാനാകില്ല. ടി20 ക്രിക്കറ്റ്, ബാറ്റിങ്ങിന്റെ ഭാഷ തന്നെ മാറ്റിയ കാലത്ത്, ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ബാറ്റിങ് ഗുണങ്ങൾ നിലനിർത്തിയ താരമാണ് റൂട്ട്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ കാലത്തെ അതിവേഗ ബാറ്റിങ് സമീപനത്തിന് ഇടയിലും പരമ്പരാഗത ടെസ്റ്റ് ബാറ്റിങ്ങിന്റെ സ്ഥിരത നിലനിർത്താൻ റൂട്ടിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ടെസ്റ്റിലെ ഏത് റെക്കോർഡുകൾ നോക്കിയാലും നിലവിൽ കളിക്കുന്ന താരങ്ങളിൽ ഒന്നാമൻ റൂട്ട് തന്നെയാണ്.
ടെസ്റ്റിൽ സച്ചിൻ ഇന്നോളം ഭദ്രമാക്കിവെച്ച പല റെക്കോർഡുകളും എത്തിപ്പിടിക്കാൻ അല്ലെങ്കിൽ സച്ചിന്റെ സിംഹാസനത്തിൽ എത്താൻ ആർക്കെങ്കിലും ആകുമെങ്കിൽ നിലവിൽ അതിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന താരം അത് ജോ റൂട്ട് മാത്രമാണ്.
Content Highlights: Root needs another 33 Tests to reach the 200-match landmark