ഫ്യുവൽ സ്വിച്ച് ഓഫായതെങ്ങനെ? അഹമ്മദാബാദ് വിമാനദുരന്തം ബാക്കിയാക്കുന്ന ദുരൂഹതകൾ
പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ വിമാനം. ഒരൊളൊഴികെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു. രാജ്യം നടുങ്ങിയ ആകാശദുരന്തം നടന്ന് ഒരു മാസത്തിനു ശേഷം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ദുരൂഹതകള്‍ ഇനിയും ബാക്കി. ടേക്കോഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് ഓഫായി എന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. സ്വിച്ചുകള്‍ ഓഫ് ആക്കിയത് ആരാണ് എന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തത് എന്ന് മറുപടി പറയുന്നതിന്റെയും കോക്പിറ്റ് വോയിസ് റെക്കോഡറില്‍ നിന്നുള്ള ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചു.
കോ-പൈലറ്റ് ക്ലൈവ് കുന്ദാറായിരുന്നു വിമാനം പറത്തിയിരുന്നത്. കമാന്‍ഡര്‍ സുമീത് സബര്‍വാള്‍ പൈലറ്റ് മോണിറ്ററിങ്ങും. ഫ്ളൈറ്റിന് മുമ്പ് ഇരുപൈലറ്റുമാര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നതായും ഇരുവരെയും ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിന്റെ മെയിന്റനന്‍സ് പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. ടേക്ക് ഓഫിന് മുമ്പ് വരെയും രണ്ട് എന്‍ജിനുകളും പ്രവര്‍ത്തിച്ചിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ടേക്കോഫ് ചെയ്തു നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായി. അപകടസൂചന നല്‍കാതെ പറന്നുയര്‍ന്ന വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ എങ്ങനെ ഓഫായി എന്നത് നിഗൂഢം. ഇതിന്റെ ഉത്തരം അപകടത്തിനെ കുറിച്ചുള്ള അതിനിര്‍ണായക വിവരമാകും. എന്താണീ സ്വിച്ചുകളെന്നും വിമാനത്തെ സംബന്ധിച്ച് എങ്ങനെയാണവ നിര്‍ണായകമാകുന്നതെന്നും പരിശോധിക്കാം.
വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇന്ധനസ്വിച്ചുകള്‍ അഥവാ ഫ്യുവല്‍ സ്വിച്ചുകളാണ്. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ആദ്യം ഫ്യൂവല്‍ സ്വിച്ചുകള്‍ ഓണാക്കണം. എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ ഇവ ഓഫ് ചെയ്യുകയും വേണം. മാനുവലായി പ്രവര്‍ത്തിപ്പിച്ചാലേ ഇവ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് പോകൂ. പറന്നുയരാന്‍ തയ്യാറെടുക്കുന്നതിന് മുമ്പും വിമാനം ഗേറ്റിലേക്കെത്തുമ്പോഴും മാത്രമേ ഫ്യുവല്‍ സ്വിച്ചുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ. അതായത് സാധാരണഗതിയില്‍ പറക്കുന്നതിനിടെ ഈ സ്വിച്ചുകള്‍ ഓണോ ഓഫോ ചെയ്യേണ്ട ആവശ്യമില്ല. പറക്കുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായി എന്‍ജിന്‍ നിലച്ചാല്‍ സ്വിച്ച് ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ തിരിച്ച് ഓണ്‍ ചെയ്ത് എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാറുണ്ട്. വിമാനത്തെ കുറിച്ച് ധാരണയുള്ള ഒരു പൈലറ്റും അനാവശ്യമായി സ്വിച്ച് കട്ട് ഓഫ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ല. അബദ്ധത്തില്‍ കൈ തട്ടി ഓഫ് ആയാലോ എന്ന സംശയം തോന്നാം. അതിപ്രധാനമായതിനാല്‍ തന്നെ വെറുതെ കൈതട്ടിയാല്‍ ഓഫ് ആയി പോകുന്നതുമല്ല ഈ സ്വിച്ചുകള്‍. വിമാനത്തിലെ മറ്റ് സംവിധാനങ്ങളില്‍ നിന്ന് സ്വതന്ത്രമായാണ് ഇവ പ്രവര്‍ത്തിക്കുന്നതും.
അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് 787 വിമാനത്തിന്റെ കോക്പിറ്റില്‍ ത്രോട്ടില്‍ ലിവറിന് താഴെയായാണ് ഫ്യൂവല്‍ സ്വിച്ചുകളുള്ളത്. വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഈ സ്വിച്ചുകള്‍ ഓഫായി. റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. ഒരുസെക്കന്‍ഡിന്റെ ഇടവേളയിലാണ് സ്വിച്ചുകള്‍ ഓഫ് ആയത്. ഇതോടെ എന്‍ജിനിലേക്കുള്ള ഇന്ധന പ്രവാഹം നിലയ്ക്കുകയും എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ആവശ്യത്തിന് ത്രസ്റ്റ് ലഭിക്കാതെ വിമാനം താഴേക്ക് പതിക്കാനും തുടങ്ങി.
സ്വിച്ച് ഓഫ് ആയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൈലറ്റുമാരിലൊരാള്‍ എന്തിനാണ് ഇത് കട്ട് ഓഫ് ആക്കിയതെന്ന് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. അത് താനല്ല ചെയ്തതെന്ന് അയാള്‍ മറുപടി നല്‍കുന്നുമുണ്ട്. ഈ സംഭാഷണം വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിരുന്നു. ഈ സംഭാഷണത്തിനിടെ പൈലറ്റുമാരിലൊരാള്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വീണ്ടും ഓണാക്കിയ എന്‍ജിന്‍ പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ടു മിനിട്ടിലേറെ സമയമെടുക്കും. എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ആകാനുള്ള സമയത്തിനിടെ ത്രസ്റ്റ് നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീണിരുന്നു.
വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഈ സ്വിച്ചുകള്‍ കട്ട് ഓഫ് ആയി എന്നത് അസാധാരണമായ സംഭവമായാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിലയിരുത്തല്‍.അബദ്ധത്തില്‍ കൈതട്ടിയൊന്നും ഓഫാകാത്ത സ്വിച്ച് ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കു. എന്നാല്‍ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അബദ്ധത്തില്‍ മറ്റേതെങ്കിലും സ്വിച്ച് ആണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമില്ല
ഈ വിഷയത്തില്‍ മൂന്ന് സാധ്യതകളാണ് പരിശോധിക്കുന്നത്. അതിലൊന്ന് പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവാണ്. മറ്റേതെങ്കിലും സ്വിച്ച് മാറ്റുന്ന സമയത്ത് ഫ്യൂവല്‍ സ്വച്ചും കട്ട് ഓഫ് ചെയ്തതാകാമെന്നതാണ് ഒരു സാധ്യത. രണ്ടാമത്തെ സാധ്യത വിമാനത്തിന്റെ സാങ്കേതിക തകരാറാണ്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാറാകാം ഈ സ്വിച്ചുകള്‍ ഓഫാകുന്നതിലേക്ക് നയിച്ചതെന്നാണ് രണ്ടാമത്തെ സാധ്യത. മൂന്നാമത്തേക് ബോയിങ് 787 വിമാനത്തിന്റെ കോക്പിറ്റ് രൂപകല്‍പ്പനയിലെ പിഴവുകളും സ്വിച്ച് ഓഫ് ആകുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഈ മൂന്ന് സാധ്യതകളാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുന്നത്.
റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) ടേക്കോഫിനു തൊട്ടു പിന്നാലെ പുറത്തെത്തി എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ണായക വിവരം. എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പൈലറ്റിന് ഇത് ഓണ്‍ ചെയ്യാം. റാറ്റ് പുറത്തുവന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ട് എന്‍ജിനുകളും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റുമാര്‍ ശ്രമിച്ചു. ഒന്നാമത്തെ എന്‍ജിന്‍ ഭാഗികമായി പ്രവര്‍ത്തിച്ചു. രണ്ടാമത്തെ എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ല. വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്‌ലാപ്പുകള്‍ ശരിയായ ദിശയിലായിരുന്നു. അട്ടിമറിക്ക് പ്രാഥമിക തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
In Short: A preliminary report on the Ahmedabad Boeing 787 crash reveals that both fuel switches were inexplicably turned off seconds after takeoff, shutting down the engines. Despite the crew’s attempt to restart, the aircraft crashed, killing nearly everyone on board. The investigation is probing pilot error, technical malfunction, and cockpit design flaws.
Content Highlights: Fuel switch-off led to Boeing 787 crash, probe reveals