ഷിന്റാഫു ഹിമാനി തടാകം തകർന്നത് എങ്ങനെ? എന്താണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ് | GLOF
ഹിമാലയത്തിൽ വീണ്ടുമൊരു ഹിമതടാകം തകർന്നിരിക്കുന്നു. ഭൂട്ടാനിലെ ഗസ ജില്ലയിലുള്ള ഷിൻ്റഫു ഹിമാനീ തടാകം. ഇതോടെ വൻതോതിൽ വെള്ളവും ചെളിയും മോ ചൂ നദിയിലേക്ക് കുത്തിയൊഴുകിയെത്തി. വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ മലനിരകളിൽ ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഭൂട്ടാനിലെ അപകടസാധ്യതയുള്ള 17 ഹിമാനീ തടാകങ്ങളിൽ ഒന്നായിരുന്നു ലായ മേഖലയിൽ വകില പർവ്വതത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഷിന്താഫു തടാകം. വ്യാഴാഴ്ച വൈകുന്നേരമാണ് തടാകത്തിന്റെ സ്വാഭാവിക തടയണ തകർന്നത്. പിന്നാലെ തടാകത്തിൽ കെട്ടിക്കിടന്ന ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ പ്രളയജലവും കല്ലും മണ്ണും അടങ്ങുന്ന അവശിഷ്ടങ്ങളും മോ ചൂ നദീതടത്തിലേക്ക് അതിവേഗം കുതിച്ചെത്തി. പ്രളയത്തിൽ പ്രശസ്തമായ ഗസ ത്സാച്ചു ചൂട് നീരുറവയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തകർന്നു. പുനാഖ മേഖലയിലെ കാർഷിക ജലക്ഷാമം പരിഹരിക്കാനായി ഈ വർഷം സ്ഥാപിച്ച സൗരോർജ്ജ ജലസേചന പദ്ധതിയും ഭാഗികമായി തകർന്നു, അതിന്റെ പ്രവർത്തനം നിലച്ചു. പുനാഖ-ഗസ ഹൈവേയിൽ പ്രളയാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി. ലായ ഗ്രാമത്തിലേക്കുള്ള റോഡുകളും രണ്ട് ബെയ്ലി പാലങ്ങളും ഒലിച്ചുപോയി.ഇതിനിടെ കൃത്യമായ മുൻകരുതലുകളും ഒഴിപ്പിക്കലും നടന്നതിനാൽ ജീവഹാനി ഒഴിവാക്കാനായി.
സത്യത്തിൽ എന്താണ് ഭൂട്ടാനിൽ സംഭവിച്ചത്? ഇതാണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്. അതായത്, ഞ്ഞുമലകൾ ഉരുകുമ്പോൾ അതിന്റെ അടിവാരങ്ങളിലും മഞ്ഞുമലകൾ പിന്മാറുന്ന പ്രദേശങ്ങളിലും വലിയ തടാകങ്ങൾ രൂപപ്പെടും. ഇത്തരം തടാകങ്ങളിലെ വെള്ളത്തെ തടഞ്ഞുനിർത്തുന്നത് പാറക്കഷണങ്ങളും മണ്ണും ഐസും ചേർന്നുണ്ടാകുന്ന സ്വാഭാവിക തടയണകളാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം മഞ്ഞുമലകൾ വേഗത്തിൽ ഉരുകുമ്പോൾ തടാകത്തിലെ വെള്ളത്തിന്റെ അളവ് അതിവേഗം ഉയരും. ദുർബലമായ ഈ പ്രകൃതിദത്ത അണക്കെട്ടുകൾ സമ്മർദ്ദം താങ്ങാനാവാതെ പെട്ടെന്ന് തകരുമ്പോൾ ഉള്ളിലെ വെള്ളം മുഴുവൻ ഒന്നായി പുറത്തേക്ക് കുത്തിയൊഴുകും. ഈ പ്രതിഭാസത്തെയാണ് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്' അഥവാ ഹിമാനീ തടാക പ്രളയം എന്ന് വിളിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ പ്രധാന കാരണങ്ങളെന്ന് നോക്കാം.
ഒന്നാമതായി അന്തരീക്ഷ താപനിലയാണ്. താപനില ഉയരുമ്പോൾ ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകുകയും തടാകങ്ങളിൽ വെള്ളം നിറയുകയും ചെയ്യും. കനത്ത മഴയാണ് മറ്റൊരു കാരണം. പ്രകൃതിദത്ത തടയണകളിൽ പെട്ടെന്ന് വെള്ളത്തിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കനത്ത മഴ കാരണമാകും. അതുപോലെ കുന്നിടിച്ചിലോ മഞ്ഞുപാളികൾ പൊട്ടിവീണ് തടാകത്തിലേക്ക് പതിക്കുന്നതോ പ്രളയത്തിന് കാരണമാകാം. പ്രകൃതിദത്ത തടയണകളുടെ ഘടന തികച്ചും ദുർബലമായതിനാൽ ചെറിയ ഭൂചലനങ്ങൾ പോലും ഇവ തകരാൻ ഇടയാക്കും.
ഹിമാലയൻ മേഖലകളിൽ ഇത്തരം ദുരന്തങ്ങൾ ആദ്യമല്ല. 2021 ഓഗസ്റ്റ് 26-ന് ഭൂട്ടാനിലെ മോ ചൂ നദി ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഗാസ ത്സാച്ചു വെണ്ണീരുറവ പ്രദേശം പൂർണ്ണമായി ഒലിച്ചുപോയിരുന്നു. ഓഗസ്റ്റ് മാസത്തിൽ നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം ഉണ്ടായ ഹിമാനീ തടാക പ്രളയത്തിൽ 1,500-ലധികം ആളുകൾ മരണപ്പെടുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഹിമാലയൻ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ ഭീഷണിയാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഭൂട്ടാനിലെ പ്രളയം ഇന്ത്യയ്ക്കം വെല്ലുവിളിയാണ്. അതെങ്ങനെയാണെന്ന് നോക്കാം.
ഭൂട്ടാനിലൂടെ ഒഴുകുന്ന മോ ചൂ നദി, ഫോ ചൂ നദിയുമായി ചേർന്ന് പുനാത്സാങ്ഛു ആയി മാറും. ഈ നദി ഇന്ത്യയിലേക്ക് എത്തുമ്പോൾ സങ്കോഷ് നദി എന്നാണ് അറിയപ്പെടുന്നത്. ഇത് പിന്നീട് അസമിലൂടെൊഴുകി ബ്രഹ്മപുത്ര നദിയിൽ വന്നുചേരും. aതടാകം തകർന്നതോടെ പ്രളയജലവും ചെളിയും തടിയുടെയും കോൺക്രീറ്റിന്റെയും അവശിഷ്ടങ്ങളും സങ്കോഷ് നദിയിലൂടെ ഇന്ത്യൻ സമതലങ്ങളിലേക്ക് ഒഴുകിയെത്തും. ഇത് നദീതീരങ്ങളിലെ കൃഷിഭൂമികളെയും ജനവാസ കേന്ദ്രങ്ങളെയും പ്രളയഭീഷണിയിലാക്കും.
പ്രളയസന്ദേശം ലഭിച്ചയുടൻ ഭൂട്ടാൻ അധികൃതർ നൽകിയ അടിയന്തര മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര സർക്കാരും ബംഗാൾ, അസം സംസ്ഥാനങ്ങളും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും റെഡ് അലർട്ടും ജാഗ്രതാ നിർദ്ദേശവും നൽകിയിരിക്കുകയാണ്. പശ്ചിമബംഗാളിൽ 5,000-ത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 6,000-ത്തിലധികം പേരെ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. NDRF, SDRF, സിവിൽ ഡിഫൻസ് സംഘങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു.
അസമിൽ അതിർത്തി ജില്ലകളിൽ നദീതീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഭൂട്ടാനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പ്രളയജലത്തിന്റെ ഒഴുക്കിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നുമാണ് റിപ്പോർട്ടുകൾ.